Articles

താലിബാന്റെ തിരിച്ചുവരവും അഫ്ഗാന്റെ ഭാവിയും

കലീം

താലിബാന്റെ തിരിച്ചുവരവും അഫ്ഗാന്റെ ഭാവിയും
X

1975 ഏപ്രിലില്‍ ദക്ഷിണ വിയറ്റ്‌നാമിന്റെ തലസ്ഥാനമായ സൈഗോണില്‍ നിന്നു അമേരിക്കന്‍ സൈനികര്‍ ഹെലികോപ്റ്ററില്‍ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ക്ക് സമാനമായ കാഴ്ചകളാണ് കഴിഞ്ഞ ആഴ്ച നാം കാബൂളില്‍ കണ്ടത്. വലിയ ചരക്ക് വിമാനങ്ങളില്‍ കയറാന്‍ അധിനിവേശത്തെ സഹായിച്ച അഫ്ഗാന്‍ ഉദ്യോഗസ്ഥരും സൈനിക മേധാവികളും പോലിസ് യജമാനന്‍മാരും കൂടെ കുഞ്ഞുകുട്ടി പരാധീനതകളും മല്‍സരിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അവ. ഏതാണ്ട് 40 ലക്ഷം ജനസംഖ്യയുള്ള കാബൂള്‍ നഗരത്തില്‍ നിന്നു എല്ലാവരും ഒഴിഞ്ഞുപോവുന്നു എന്ന മട്ടിലായിരുന്നു പ്രചാരണം. കാബൂള്‍ ഗവണ്‍മെന്റിന്റെ തലവന്‍ അഷ്‌റഫ് ഗനി ആദ്യം ഒമാനിലേക്കും പിന്നെ യു.എ.ഇയിലേക്കും രക്ഷപ്പെട്ടു.


സൈഗോണില്‍ നിന്നു ദക്ഷിണ വിയറ്റ്‌നാം പ്രസിഡന്റ് എന്‍ഗുയന്‍ വാന്‍തിയോ പലായനം ചെയ്തതില്‍ നിന്നു അല്‍പം വ്യത്യസ്തമായിട്ടായിരുന്നു അശ്‌റഫ് ഗനിയുടെ രക്ഷപ്പെടല്‍. 2014ല്‍ അധികാരമേറ്റ ഗനി മൂന്നോ നാലോ ലാന്റ് ക്രൂയിസര്‍ വാഹനത്തിലാണ് ഡോളര്‍ നോട്ടുകളും സ്വര്‍ണവും കടത്തിയതത്രേ. ഗനി ഉപേക്ഷിച്ച പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കോടിക്കണക്കിന് ഡോളര്‍ താലിബാന്‍ ഭടന്‍മാര്‍ കണ്ടെടുത്തെന്നും റിപോര്‍ട്ടുകളുണ്ട്. ഗനി ഭരണത്തിലെ ബാക്കി പ്രമുഖര്‍ക്കൊക്കെ എന്തുപറ്റിയെന്ന് ഇനിയും വ്യക്തമായിട്ടില്ല. സി.ഇ.ഒ എന്ന വിചിത്ര നാമമുള്ള അബ്ദുല്ലാ അബ്ദുല്ലയും മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായിയും സമാധാനം സ്ഥാപിക്കാനായി താലിബാന്‍ നേതാക്കളുമായി ചര്‍ച്ചചെയ്യുന്നതിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. താലിബാന്‍ മൂന്നു ലക്ഷത്തോളം വരുന്ന അഫ്ഗാന്‍ സൈന്യത്തോട് ആയുധം താഴെവയ്ക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ശമ്പളം പോലും ശരിക്കു കിട്ടാതിരുന്ന സൈനികര്‍ ആ അഭ്യര്‍ഥന സ്വീകരിക്കുകയും ചെയ്തു. തങ്ങളുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായെന്നോണം തങ്ങള്‍ ഒരു പ്രതികാര നടപടിക്കും മുതിരുകയില്ലെന്നു താലിബാന്‍ നേതാക്കള്‍ അഫ്ഗാന്‍ ജനതയ്ക്കു ഉറപ്പ് നല്‍കിയത് സംഘര്‍ഷം ലഘൂകരിക്കുന്നതിനു സഹായിച്ചേക്കും. അങ്ങനെ 2001ല്‍ ജോര്‍ജ് ബുഷ് രണ്ടാമന്‍ ഭീകരതയ്‌ക്കെതിരേ പ്രഖ്യാപിച്ച യുദ്ധം ദയനീയമായ പരാജയമായിരുന്നു. അമേരിക്ക അറബ് രാഷ്ട്രങ്ങളെ ഓരോന്നോരോന്നായി നശിപ്പിച്ചതിന്റെ വലിയ ലഹരി ഇതോടെ അഫ്ഗാന്‍ മലമടക്കുകളില്‍ പോരാളികള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.


പൗരാവകാശം, സ്ത്രീ പുരുഷ സമത്വം, ജനാധിപത്യം എന്നിവ സ്ഥാപിക്കാനാണ് തങ്ങള്‍ അഫ്ഗാനിലേക്കു പോവുന്നതെന്നാണ് 2001ല്‍ ജോര്‍ജ് ബുഷ് പ്രസംഗിച്ചത്. വലിയ നുണയായിരുന്നു അത്. കാരണം അതിനു ശേഷമുള്ള രണ്ടു ദശാബ്ദങ്ങളിലാണ് അമേരിക്ക എങ്ങനെയാണ് മനുഷ്യരെ പീഡിപ്പിക്കുന്നത് എന്നതിനെക്കുറിച്ചുള്ള പുതിയ ടെക്‌നിക്കുകള്‍ ലോകത്തെ പരിചയപ്പെടുത്തിയത്. നിയമവിരുദ്ധമായി ആളുകളെ തട്ടിക്കൊണ്ടുപോവുക, പരസ്യമായി നഗ്നരാക്കി അപമാനിക്കുക, വൈദ്യുതി ഉപയോഗിച്ച് പീഡിപ്പിക്കുക, മരുന്നുകള്‍ കുത്തിവച്ചിട്ട് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കഴിയുമോ എന്നു പരിശോധിക്കുക, ഇറാഖിലെ അബൂ ഗുറയ്ബില്‍ കണ്ടതുപോലെ നായ്ക്കളെ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുക, ഇതിനു മുമ്പ് വെള്ളത്തില്‍ ശ്വാസംമുട്ടിച്ചു പീഡിപ്പിക്കുക, വാട്ടര്‍ ബോഡിങ് എന്ന എന്ന പേരും ഇതിനു ലഭിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ച് അപരാധികളോ നിരപരാധികളോ എന്നു തിരിച്ചറിഞ്ഞിട്ടില്ലാത്ത ജനങ്ങളെ കൊല്ലുക. ഇങ്ങനെ ഏതാണ്ട് ഒരു ഡസനിലധികം വരുന്ന പീഡനരീതികളുടെ പരീക്ഷണശാലകള്‍ കൂടിയായിരുന്നു അഫ്ഗാനിസ്ഥാനും ഇറാഖും. അവസാനിക്കാത്ത യുദ്ധം തുടരാന്‍ താല്‍പര്യമില്ലെന്നു തുറന്നുപറഞ്ഞ് താലിബാനുമായി ചര്‍ച്ചയ്ക്ക് തുടക്കമിട്ട ഡോണള്‍ഡ് ട്രംപ് വലിയ പ്രായോഗികമതിയാണ് എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.


താലിബാന്റെ ഭരണകാലത്ത് ഏതാണ്ട് നിലച്ചിരുന്ന ഹെറോയിന്‍ കയറ്റുമതിയായിരുന്നു അശ്‌റഫ് ഗനിയുടെയും യുദ്ധപ്രഭുക്കന്‍മാരുടെയും പ്രധാന വരുമാനം. അതിലൊരു പങ്ക് അമേരിക്കന്‍ പടത്തലവന്‍മാര്‍ക്ക് കൃത്യമായി ലഭിച്ചിരുന്നു. അതോടൊപ്പം തന്നെ അമേരിക്കന്‍ സംസ്‌കാരത്തിന്റെ ഭാഗമായുള്ള എല്ലാ ഹീനശീലങ്ങളും കാബൂള്‍ നഗരത്തിലെത്തി. മുമ്പ് ചുവന്ന തെരുവുകളില്ലാതിരുന്ന നഗരത്തില്‍ വേശ്യാലയങ്ങളും ലൈംഗികത്തൊഴിലാളികളും വര്‍ധിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണം എത്രയോ ഇരട്ടിയായി. പത്തു യുവാക്കളില്‍ ഒരാള്‍ എന്ന കണക്കില്‍. അസാധാരണമായ വേഗത്തിലാണ് പ്രവിശ്യകള്‍ ഓരോന്നായി താലിബാന്‍ കൈവശപ്പെടുത്തിയത്. അവസാനം ആഗസ്ത് 15ന് തലസ്ഥാനം തന്നെ പിടിച്ചെടുത്തു. അഫ്ഗാനിലെ ഹസാറാ ശിയാക്കളെ കാര്യമായി പിന്തുണച്ചിരുന്ന ഇറാന്‍ പല കണക്കുകൂട്ടലുകളും തെറ്റിച്ച് താലിബാന്‍ ഭരണത്തെ അംഗീകരിച്ചിരിക്കുകയാണ്. ഒപ്പം ചൈനയും റഷ്യയും പുതിയ ഗവണ്‍മെന്റിനു അംഗീകാരം നല്‍കി.

2001ല്‍ അധിനിവേശം നടത്തുന്നതിനു പശ്ചാത്യ രാജ്യങ്ങള്‍ക്കു പൊതുവില്‍ വലിയ ആവേശമായിരുന്നു. അധിനിവേശത്തിന്റെ ലക്ഷ്യമെന്തെന്നു അന്ന് കൃത്യമായി നിര്‍ണയിച്ചിട്ടുണ്ടായിരുന്നില്ല. ഉസാമ ബിന്‍ലാദിനു സംരക്ഷണം നല്‍കുന്ന താലിബാനെ ശിക്ഷിക്കുകയെന്നാണ് ജോര്‍ജ് ബുഷും അദ്ദേഹത്തിന്റെ കൊട്ടാര വിദൂഷകനായ ടോണി ബ്ലെയറും പറഞ്ഞു പ്രചരിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷയെപ്പറ്റിയായിരുന്നു എല്ലാവരും പ്രസംഗിച്ചുകൊണ്ടിരുന്നത്. ബി.ബി.സിയും സി.എന്‍.എന്നും അധിനിവേശത്തിന്റെ മെഗഫോണുകളായി മാറി. ബി.ബി.സി. ലേഖകന്‍ കാബൂളിലെ നാറ്റോ സൈനിക വ്യൂഹത്തിന്റെ മുമ്പില്‍ തന്നെ നടന്നതിന്റെ ദൃശ്യങ്ങള്‍ അന്ന് റണ്ണിങ് കമ്മന്ററിയായാണ് ബി.ബി.സി ടെലികാസ്റ്റ് ചെയ്തത്. വഹാബികളെ തോല്‍പിക്കാനായി ഇറാന്‍ നിതാന്ത ശത്രുവായ യു.എസിന്റെ ഭാഗത്ത് നില്‍ക്കുകയും ചെയ്തു. കാബൂളില്‍ ഒട്ടും ജനപിന്തുണ ഇല്ലാതിരുന്ന തീവ്ര വനിതാ സംഘങ്ങളുടെ നേതാക്കള്‍ കാമറയ്ക്കു മുമ്പില്‍ അഫ്ഗാനി സ്ത്രീകളുടെ സ്വാതന്ത്ര്യം ആഘോഷിച്ചു.

രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷം കണക്കെടുമ്പോള്‍ അഫ്ഗാനിസ്ഥാനില്‍ ചെലവഴിച്ച സംഖ്യ മുഴുവന്‍ പാഴായി എന്നുതന്നെ പറയേണ്ടിവരും. 2001 ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ലക്ഷ്യബോധമില്ലാത്ത അധിനിവേശം വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് ഒരു കണക്കുമില്ല. ഒരു ലക്ഷം അഫ്ഗാനികളെങ്കിലും കൊല്ലപ്പെട്ടു. അതില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രമുഖ താലിബാന്‍ നേതാക്കള്‍ ഏറെയുണ്ട്. തൊഴിലില്ലായ്മ 60 ശതമാനമായി. ശിശു മരണം, ഗര്‍ഭിണികളുടെ മരണം എന്നതിലൊക്കെ അഫ്ഗാന്‍ ഇപ്പോഴും ഏറ്റവും മുന്നില്‍ തന്നെ. പത്രസ്വാതന്ത്ര്യം, ആയുര്‍ദൈര്‍ഘ്യം, പ്രതിശീര്‍ഷ വരുമാനം തുടങ്ങിയവയിലും അതുതന്നെയാണ് സ്ഥിതി. 1979ല്‍ നടന്ന കമ്മ്യൂണിസ്റ്റ് അധിനിവേശത്തില്‍ 20 ലക്ഷം പേരാണ് കൊല്ലപ്പെട്ടത്. റഷ്യന്‍ സൈന്യത്തെ ആട്ടിപ്പായിച്ച ശേഷം അഫ്ഗാനിസ്താനില്‍ ഒരുതരം സമാധാനം സ്ഥാപിച്ചത് 1996ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെയാണ്. യു.എസ് അധിനിവേശം നടന്നപ്പോള്‍ എല്ലാം അട്ടിമറിക്കപ്പെട്ടു. പിന്നെ നാലു സായുധ സംഘങ്ങളാണ് പ്രവിശ്യകള്‍ നിയന്ത്രിച്ചിരുന്നത്.


80കള്‍ തൊട്ട് സി.ഐ.എയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഹാമിദ് കര്‍സായിയെ കാബൂള്‍ പ്രസിഡന്റായി അവരോധിച്ചതോടെ താലിബാന്റെ ശല്യം അവസാനിച്ചുവെന്നാണ് യു.എസ് കണക്കുകൂട്ടിയത്. കര്‍സായിക്കാവട്ടെ തനിക്കു ജനപിന്തുണയുണ്ടെന്ന ഒരു തെറ്റിദ്ധാരണയും ഉണ്ടായിരുന്നില്ല. പഷ്തൂണ്‍ ഭടന്‍മാര്‍ക്കു പകരം യു.എസ് മറീനുകള്‍ തന്നെ തനിക്കു കാവല്‍നില്‍ക്കണമെന്നു കര്‍സായി ശഠിച്ചത് വെറുതെയായിരുന്നില്ല. 2004ലും തുടര്‍ന്നും നടന്ന തിരഞ്ഞെടുപ്പുകളൊക്കെ ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നു. ചില നിരീക്ഷകര്‍ അതൊന്നുമറിയാതെയോ അറിയില്ലെന്ന് നടിച്ചോ ജനാധിപത്യപരമായി സര്‍ക്കാരിനെ അട്ടിമറിച്ച പൈശാചികത താലിബാനില്‍ ആരോപിക്കുന്നുണ്ട്. ബന്ധുക്കളെ ഗവര്‍ണര്‍മാരും പോലിസ് മേധാവികളുമാക്കി നിയമിച്ചുകൊണ്ട് കര്‍സായി ഭരിച്ചു. അതിനിടയില്‍ കര്‍സായിയുടെ അനുജന്‍ അഹമ്മദ് വാലി ഹെറോയിന്‍ വില്‍പനയിലൂടെ അഫ്ഗാനിസ്ഥാന്റെ സമ്പന്നന്‍മാരിലൊരാളായി മാറി. കാബൂള്‍ നഗരത്തിലെ വിലകൂടിയ ഭാഗങ്ങള്‍ പലതും രമ്യഹര്‍മങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടി മന്ത്രിമാര്‍ കൈവശപ്പെടുത്തി. 44 ലക്ഷം നഗരവാസികള്‍ പകുതിയും ചേരികളില്‍ കഴിയുമ്പോഴായിരുന്നു ഇത്. പുനര്‍നിര്‍മാണത്തിനായി പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ 1900 കോടി ഡോളറിനു എന്തുപറ്റിയെന്ന് അഫ്ഗാനികള്‍ക്കറിയില്ല.

ആഭ്യന്തര യുദ്ധത്തില്‍ താലിബാന്‍ അതിവേഗം വന്‍ വിജയം നേടിയതില്‍ അദ്ഭുതപ്പെടാനില്ല. വിദേശ കൂലിപ്പടയാളികളുടെ സംരക്ഷണത്തില്‍ കഴിയുന്ന പാവ ഗവണ്‍മെന്റ്, അഴിമതിയില്‍ സ്‌പെഷ്യലൈസ് ചെയ്ത സുരക്ഷാ വിഭാഗങ്ങള്‍, യു.എസ് സൈനിക മേധാവികള്‍ റിപോര്‍ട്ട് കൊടുത്താല്‍ ആരെയും 20 കൊല്ലത്തേക്ക് ശിക്ഷിക്കാന്‍ നിര്‍ബന്ധിതമായ, അതില്‍ കവിഞ്ഞ് ഒന്നും ചെയ്യാന്‍ പറ്റാത്ത ജുഡീഷ്യറി, ഗുരുതരമായ സാമൂഹിക-സാമ്പത്തിക സ്ഥിതി എല്ലാം അവര്‍ക്കു സഹായകമായി. ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി അസിസ്റ്റന്റസ്് ഫോഴ്‌സ് എന്നു പേരുള്ള അധിനിവേശ സേന നടത്തിയ പീഡനങ്ങള്‍ ഇറാഖിനെ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. താലിബാന്‍ ഭരണത്തെക്കുറിച്ച് ഗൃഹാതുരത്വത്തോടെ സംസാരിക്കാന്‍ അഫ്ഗാനികള്‍ തയ്യാറായത് അങ്ങനെയാണ്. പഴയ യുദ്ധ പ്രഭുക്കന്‍മാരേക്കാള്‍ ഭേദം അവരാണ് എന്നാണ് ജനങ്ങള്‍ കരുതിയത്.


ഭീകരതയ്‌ക്കെതിരായ യുദ്ധത്തേക്കാള്‍ തന്ത്രപ്രധാനമായ ഒരു പ്രദേശം നിയന്ത്രിക്കാനാണ് നാറ്റോ സൈന്യം അഫ്ഗാനിലെത്തിയത് എന്ന വസ്തുത അന്നും പല നയതന്ത്ര വിദഗ്ധന്‍മാര്‍ക്കും അറിയാമായിരുന്നു. ചൈന, ഇറാന്‍, പാകിസ്താന്‍, മധ്യേഷ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവ ചേര്‍ന്ന മേഖലയിന്‍മേലുള്ള മേല്‍നോട്ടം വഹിക്കുക എന്നത് അതിന്റെ ഭാഗമായിരുന്നു. ചൈന തന്നെയായിരുന്നു പ്രധാന ശത്രു. ലോകത്തിന്റെ നിയന്ത്രണം കിഴക്കോട്ട് പോവുന്നതിലുള്ള ഉല്‍കണ്ഠ നാറ്റോയുടെ പല രേഖകളിലും വരികള്‍ക്കിടയില്‍ നിന്നു നമുക്ക് വായിച്ചെടുക്കാന്‍ പറ്റും. ഹാമിദ് കര്‍സായി അമേരിക്കന്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനുള്ള കരാറിലാണ് ആദ്യം ഒപ്പുവച്ചത്. കൂടുതല്‍ വിധേയമായ ഒരാള്‍ക്കായി നടത്തിയ അന്വേഷണമാണ് അശ്‌റഫ് ഗാനിയിലെത്തിയത്. അമേരിക്കയില്‍ താമസിച്ചിരുന്ന ഗനി 2014ല്‍ പ്രസിഡന്റായ ശേഷം വന്‍തോതില്‍ പണം സമ്പാദിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പട്ടാളക്കാരാവട്ടെ ശമ്പളം സമയത്ത് കിട്ടാത്തതുമൂലം ചെറിയ ചെറിയ ആയുധങ്ങള്‍ വിറ്റു. പ്രതിരോധ വകുപ്പിന്റെ ചുമതല അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും അത് കൈകാര്യം ചെയ്തിരുന്നത് ഗനിയുടെ ഉപദേഷ്ടാവായ ഹംദുല്ല മുഹിബ്ബ് ആയിരുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സുമായി വളരെ അടുത്ത ബന്ധം മുഹിബ്ബിനുണ്ടായിരുന്നു എന്നാണ് ചില നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

താലിബാന്റെ വിജയത്തോടെ അഫ്ഗാനിസ്താന്‍ ശാന്തമായി എന്നു കരുതിക്കൂടാ. പഴയ യുദ്ധപ്രഭുക്കന്‍മാരുടെ സന്താനങ്ങള്‍ ഇപ്പോഴും താലിബാനെ അംഗീകരിക്കാതെ പല പ്രവിശ്യകളിലും സ്വന്തം മേഖലകളില്‍ നിയന്ത്രണം തുടരുന്നുണ്ട്. അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെ നിയന്ത്രണത്തിലുള്ള പഞ്ചഷീര്‍ താഴ്‌വര ഒരു ഉദാഹരണമാണ്. താലിബാനെ ചെറുക്കുന്നതിനായി യുദ്ധക്കുറ്റവാളിയായ ദോസ്തമിന്റെ നേതൃത്വത്തിലുള്ള വടക്കന്‍ സഖ്യം മുന്‍ വൈസ് പ്രസിഡന്റ് അംറുല്ലാ സാലിഹിനെ പിന്തുണയ്ക്കുന്നതായി പറയപ്പെടുന്നു. അതോടെ കുഴപ്പം മൂര്‍ച്ഛിക്കാനാണ് സാധ്യത.


പുതിയ ഗവണ്‍മെന്റ് രൂപീകരിക്കുന്നതു സംബന്ധിച്ച് ഹാമിദ് കര്‍സായിയും താലിബാന്‍ നേതാക്കളും നടത്തുന്ന ചര്‍ച്ചകള്‍ നിര്‍ണായകമാണ്. 2009-2011 കാലഘട്ടത്തിലെ താലിബാനല്ല പുതിയ താലിബാനെന്ന സന്ദേശമാണ് താലിബാന്‍ നേതാക്കള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. കര്‍മശാസ്ത്രപരമായി ദയുബന്ദികള്‍ എന്നറിയപ്പെടുന്ന താലിബാന്‍ അഭിപ്രായ സ്വാതന്ത്ര്യം, ബഹുസ്വരത എന്നിവ അംഗീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ദ്‌സാദയുടെ നേതൃത്വത്തിലുള്ള കൗണ്‍സിലാണ് തല്‍ക്കാലം ഭരണം നിയന്ത്രിക്കുക എന്ന് കരുതപ്പെടുന്നു. ശരീഅ ആയിരിക്കും ഭരണത്തിന്റെ അടിസ്ഥാനമെന്ന് ഒരു താലിബാന്‍ വക്താവ് വിശദീകരിക്കുന്നുണ്ട്. താലിബാനില്‍ തന്നെ ഭരണം സംബന്ധിച്ച കൃത്യമായ ധാരണകള്‍ രൂപപ്പെട്ടിട്ടില്ല എന്നാണ് അഫിഗാനിസ്താനില്‍ നിന്നു വരുന്ന ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ശരീഅ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഹാലിളകുന്ന വിഭാഗങ്ങള്‍ ഇപ്പോള്‍ താലിബാനെതിരായുള്ള പ്രചാരണങ്ങളില്‍ മുഴുകിയിട്ടുണ്ട്. താലിബാന്‍ ഒരു ഇമാറത്ത് സ്ഥാപിക്കുമെന്നു കേട്ടതോടെ അവര്‍ ഇസ്‌ലാം വെറിയുടെ പ്രചാരകരായി മാറുകയും ചെയ്തു. ഏഴ് ഇമാറത്തുകളുള്ള ഒരു ഫെഡറേഷനാണ് യു.എ.ഇ എന്നതൊക്കെ ഇടത്തും വലത്തുമുള്ള വിമര്‍ശകര്‍ അവഗണിക്കുകയാണ്.

പഷ്തൂണികള്‍ നിയന്ത്രിക്കുന്ന താലിബാന്‍ മതപണ്ഡിതര്‍ക്കു വലിയ ആദരവ് നല്‍കുന്ന ഒരു വിഭാഗമായതിനാല്‍ രാജ്യത്ത് സമാധാനം സ്ഥാപിക്കണമെങ്കില്‍ അഫ്ഗാനിസ്ഥാനിലെ പലതരം ഗോത്ര വിഭാഗങ്ങളുമായി അവര്‍ സന്ധിയിലാവേണ്ടിവരും. താജിക്കുകള്‍, ഹസാരെകള്‍, അഫ്‌രീരികള്‍ എന്നിങ്ങനെ ചെറുതും വലുതുമായ ജനവിഭാഗങ്ങള്‍ അഫ്ഗാനിസ്താനിലുണ്ട്. ഇതില്‍ രണ്ടാംസ്ഥാനത്ത് ഉത്തര പ്രവിശ്യകളില്‍ മേല്‍ക്കൈയുള്ള താജിക്കുകളാണ്. സ്ത്രീ പുരുഷന്‍മാരുടെ വസ്ത്രധാരണത്തിന്റെ കാര്യത്തിലായിരിക്കില്ല അവരുടെ അഭിപ്രായ വ്യത്യാസം. ശരീഅ നിയമങ്ങള്‍ നടപ്പിലാക്കുന്നതിലും അവര്‍ എതിര് നില്‍ക്കുകയില്ല. എന്നാല്‍ ഗോത്രാചാരങ്ങളും സംസ്‌കാര സവിശേഷതകളും സംരക്ഷിക്കണമെന്ന ആഗ്രഹം അവര്‍ക്കുണ്ടാവും. പലര്‍ക്കും വ്യത്യസ്തമായ കര്‍മശാസ്ത്ര പാതകളുണ്ടാവും. അവയൊക്കെ ഉപേക്ഷിക്കണമെന്നു പറയാന്‍ താലിബാന്‍ മുതിരുകയാണെങ്കില്‍ അതു വലിയ കുഴപ്പമാണുണ്ടാക്കുക. അതോടൊപ്പം തന്നെ കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഉന്നത വിദ്യാഭ്യാസം ലഭിച്ച ധാരാളം പേര്‍ അഫ്ഗാനിസ്ഥാനിലെ പുതിയ തലമുറയിലുണ്ട്. നല്ല വിശ്വാസികളായ മുസ്‌ലിംകളായിരിക്കുമ്പോള്‍ തന്നെ അവര്‍ പഴയ രീതിയിലുള്ള യാഥാസ്ഥികമായ മതശാസനകള്‍ അനുസരിക്കണമെന്നില്ല.. അവരുമായുള്ള സംഭാഷണങ്ങളും ചര്‍ച്ചയും ആശയവിനിമയവും നടത്തേണ്ടിവരും.


ഇപ്പോഴുള്ള ഒരു കാര്യമായ മാറ്റം താലിബാന്റെ നേതാക്കന്‍മാരൊക്കെ പുറത്തുവന്നു വാര്‍ത്താസമ്മേളനങ്ങളെ അഭിസംബോധന ചെയ്യുന്നുഎന്നതാണ്. പുതിയ നേതൃത്വം കുറേക്കൂടി ഉദാരമായ, സഹിഷ്ണുതയുള്ളൊരു സമീപനമാണ് സ്വീകരിക്കുന്നതെന്ന് തോന്നുന്നു. ഈ ഘടകങ്ങളൊക്കെ പരിഗണിക്കുമ്പോള്‍ മാത്രമേ, ഏതാണ്ട് 40 വര്‍ഷത്തിലധികമായി സംഘര്‍ഷങ്ങളില്‍ നിന്നു സംഘര്‍ഷങ്ങളിലേക്കു സഞ്ചരിച്ച അഫ്ഗാനിസ്താനില്‍ സമാധാനം സ്ഥാപിക്കാന്‍ സാധിക്കൂ. അഫ്ഗാനിസ്താനിലെ വലിയ രണ്ടാമത്തെ കളിയില്‍ പങ്കാളികളാവാന്‍ കാത്തുകിടക്കുന്നവര്‍ ഏറെയുണ്ടെന്ന് മനസ്സിലാക്കന്നതും സമാധാനം സ്ഥാപിക്കുന്നതിനു സഹായിക്കും.

Next Story

RELATED STORIES

Share it