Articles

കുടിയേറ്റ തൊഴിലാളികളും ഇന്ത്യന്‍ പൗരന്‍മാരാണ്

ലോക്ക് ഡൗണ്‍ 50ാം ദിവസത്തിലേക്ക് അടുക്കുമ്പോള്‍ നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ മരിച്ചുവീണത്.

കുടിയേറ്റ തൊഴിലാളികളും ഇന്ത്യന്‍ പൗരന്‍മാരാണ്
X

സാജിദ ഷജീര്‍ കണ്ണൂര്‍

ലോകമാസകലം ഭീതി പടര്‍ത്തി കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍ഒരുക്കങ്ങളില്ലാതെ രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണ്‍ ജനസംഖ്യയുടെ 40 ശതമാനത്തോളം വരുന്ന കുടിയേറ്റ തൊഴിലാളികളെ സമാനതകളില്ലാത്ത ദുരിതത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. മധ്യപ്രദേശിലെ നരസിങ്പുരില്‍ വച്ച് ഇന്നു പുലര്‍ച്ചെയുണ്ടായ ട്രക്ക് അപകടത്തില്‍ അഞ്ചു കുടിയേറ്റ തൊഴിലാളികള്‍ ദാരുണമായി മരിച്ചത് ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ്. ഹൈദരാബാദില്‍ നിന്ന് മധ്യപ്രദേശിലേയും ഉത്തര്‍പ്രദേശിലേയും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.

ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നിന്നും ബുസാവലിലേക്ക് കാല്‍നടയായി മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘത്തിലെ 15 പേര്‍ ട്രെയിനിടിച്ച് മരിച്ചത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. ക്ഷീണംകാരണം റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലേക്ക് അതു വഴി വന്ന ശ്രമിക് സ്‌പെഷ്യല്‍ ഇരച്ചുകയറുകയായിരുന്നു.

ചത്തീസ്ഗഢില്‍നിന്നുള്ള കൃഷണ ഷാഹുവിനെയും കുടുംബത്തെയും ഉത്തര്‍പ്രദേശില്‍നിന്ന് 750 കി.മീറ്റര്‍ അകലെയുള്ള തങ്ങളുടെ ഗ്രാമത്തിലേക്ക് കാല്‍നടയായി തിരിച്ച് പോവാന്‍ പ്രേരിപ്പിച്ചത് 150 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള മുറിക്ക് 800 രൂപ വാടക കൊടുക്കാനില്ലാത്തതും ഭക്ഷണത്തിന്റെ അപര്യാപ്തതയുമായിരുന്നു. വഴിയില്‍ വെച്ച് വാഹനമിടിച്ച് കൃഷ്ണയും ഭാര്യയും മരിച്ച് വീണപ്പോള്‍ അഞ്ചും ഒന്നരയും വയസ്സ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളാണ് ബാക്കിയായത്.

ലോക്ക് ഡൗണ്‍ 50ാം ദിവസത്തിലേക്ക് അടുക്കുമ്പോള്‍ നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ മരിച്ചുവീണത്. പട്ടിണിയും അപകടവും ഭയം മൂലമുള്ള ആത്മഹത്യയും ചികില്‍സ ലഭിക്കാത്തതും 200നടുത്ത് കുടിയേറ്റ തൊഴിലാളികളുടെ ജീവനാണ് അപഹരിച്ചത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു മുന്നൊരുക്കങ്ങളും നടത്താതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് കുടിയേറ്റ തൊഴിലാളികള്‍ കാല്‍നടയായി തങ്ങളുടെ നാടുകളിലേക്ക് തിരിച്ചുപോവാന്‍ നിര്‍ബന്ധിതരായത്. ഇതിനെതുടര്‍ന്ന് ലേബര്‍ കമ്മീഷന്‍ ഇവരുടെ കണക്കെടുക്കാന്‍ നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. 2011ലെ സെന്‍സസുമായി ബന്ധപ്പെട്ട കണക്ക് മാത്രമാണ് സര്‍ക്കാര്‍ കൈവശമുള്ളത്.

അത് കഴിഞ്ഞ് തൊഴിലടിസ്ഥാനത്തിലോ തൊഴിലെടുക്കുന്ന സംസ്ഥാനങ്ങള്‍ വഴിയോ ഒരു കണക്ക് കേന്ദ്ര സര്‍ക്കാര്‍ ഇതു വരെ തയ്യാറാക്കിയിട്ടില്ല. 2011ലെ സെന്‍സസ് കണക്ക് പ്രകാരം ജനസംഖ്യയുടെ 37 ശതമാനമായ 45.36 കോടി കുടിയേറ്റ തൊഴിലാളികളണ് രാജ്യത്തുള്ളത്. ജനസംഖ്യ വര്‍ദ്ധനവിന്റെ ശതമാനക്കണക്കനുസരിച്ച് 2016 ആവുമ്പോഴേക്കും അത് 50 കോടിയിലെത്തിയിട്ടുണ്ടാവുമെന്നാണ് ഗവേഷകരുടെ നിഗമനം.റേഷന്‍ സംവിധാനമടക്കം ആധാറിനെ ബന്ധിപ്പിച്ചായതോടെ ഇതു വരെ ആധാര്‍ എടുക്കാത്ത തൊഴിലാളികളും കുടുംബങ്ങളും മുഴു പട്ടിണിലായെന്നത് മറ്റൊരു വസ്തുതയാണ്.

രാജ്യത്തെ, തൊഴിലാളികള്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന സമയത്തും ലോക്ക് ഡൗണ്‍ മറയാക്കി തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ ചുട്ടെടുക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയത്തിന് ആദ്യം പച്ചക്കൊടി കാണിച്ചത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ രാജ് സിംഗാണ്

44 തൊഴിലാളി അനുകൂല നിയമങ്ങളെയാണ് കുത്തക കമ്പനികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി, തൊഴിലാളികള്‍ 8 മണിക്കൂറിന് പകരം 12 മണിക്കൂര്‍ പണിയെടുക്കണം. തൊഴിലാളികളുടെ അനുപാതത്തിനനുസരിച്ച് പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളൊക്കെ ഹനിക്കപ്പെടും. മധ്യപ്രദേശിന് പിന്നാലെ, ഉത്തര്‍ പ്രദേശും ഇക്കാര്യം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ, രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ മൂന്ന് മാസത്തേക്ക് കുത്തകകള്‍ക്കനുകൂലമായി തൊഴിലാളികളെ ഉപയോഗിക്കാന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ തയ്യാറായിട്ടുണ്ട്.

ട്രേഡ് യൂനിയനുകളുടെ കടുത്ത എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് തൊഴിലാളി അനുകൂല നിയമങ്ങള്‍ 4 കോഡുകളിലാക്കി മാറ്റി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. നൂറ്റാണ്ടുകള്‍ സമരം ചെയ്ത് നേടിയെടുത്ത തൊഴിലവകാശങ്ങളാണ് ലോക്ക് ഡൗണ്‍ മറവില്‍, ഇല്ലാഴ്മ ചെയ്ത് തൊഴിലാളികളെ അടിമ വൃത്തിയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നത്.

തൊഴിലിട സുരക്ഷ ആരോഗ്യ തൊഴില്‍ സാഹചര്യം ചട്ടം 2019 ഒന്നായ സ്ഥിതിക്ക്, 1979 ലെ കുടിയേറ്റ തൊഴിലാളി നിയമം റദ്ദ് ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം കുടിയേറ്റ തൊഴിലാളികളോട് കാണിക്കുന്ന വഞ്ചനയാണ്. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പിലാക്കുന്നതിന് ഈ നിയമം ഉണ്ടായിരിക്കെയാണ്, അവരോട് മനുഷ്യത്വ രഹിതമായി സര്‍ക്കാറുകള്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. അപ്പോള്‍ പിന്നെ, അത് റദ്ദ് ചെയ്താലുള്ള അവസ്ഥ പറയേണ്ടതില്ല.

രണ്ട് ദിവസം മുമ്പ്, ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് എല്‍ജി പോളിമര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലുണ്ടായ സ്‌റ്റൈറിന്‍ വാതക ചോര്‍ച്ച മൂലം 11 തൊഴിലാളികള്‍ക്കാണ് ജീവന്‍ വെടിയേണ്ടിവന്നത്. പ്ലാസ്റ്റിക് നിര്‍മാണ വേളയില്‍ ഉപയോഗിക്കുന്ന ഈ വാതകം 17 ഡിഗ്രിയില്‍ താഴ്ന്ന ഊഷ്മാവിലാണ് സൂക്ഷിക്കേണ്ടത്, മാത്രമല്ല സൂക്ഷിക്കുന്ന കണ്ടയ്നര്‍ വര്‍ഷത്തില്‍, കേടുപാടുകളില്ലെന്നുറപ്പു വരുത്തുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. വര്‍ഷത്തിലുള്ള മെയിന്റെനന്‍സിന്റെ ചിലവ് ചുരുക്കുന്നതുമായി ബന്ധപ്പെട്ട് പല കമ്പനികളും അത്തരം പരിശോധനകള്‍ നടത്താറില്ല. ഇത്തരം വാതക ചോര്‍ച്ചയുണ്ടായാല്‍ അപകട മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനങ്ങളും ഈ കമ്പനിയില്‍ ഏര്‍പ്പെടുത്തിയിരുന്നില്ല.

ദിനംപ്രതി 250 ടണ്‍ നിര്‍മാണം നടത്തുന്ന കമ്പനി 2018ല്‍ അത് 450 ടണ്ണിലേക്കെത്തിക്കുന്നതിന് 168 കോടിയോളം രൂപയാണ് പരിസ്ഥിതി, വന മന്ത്രാലയങ്ങള്‍ക്ക് കൈമാറിയത്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഉല്‍പ്പാദനം കൂട്ടുന്നതിന് കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതില്‍ അധികാരികള്‍ക്ക് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ലോക്ക്ഡൗണ്‍ കാലത്ത് അടച്ചിട്ട ഫാക്ടറി തുറക്കുമ്പോള്‍ പാലിക്കേണ്ട മുന്നൊരുക്കങ്ങളൊന്നും ചെയ്തതുമില്ല. 17 ഡിഗ്രി സെല്‍ഷ്യസിന് താഴെ സൂക്ഷിക്കേണ്ട സ്റ്റെറിന്‍ വാതകം ഊഷ്മാവ് മാറിയപ്പോള്‍ കണ്ടയ്‌നറിലുണ്ടായ ഉയര്‍ന്ന മര്‍ദ്ദം മൂലമാണ് വാള്‍വിന് ദ്വാരമുണ്ടാകാനിടയായതും വാതക ചോര്‍ച്ചയുണ്ടായതും. തൊഴിലാളികളുടെ അപകട മരണമുണ്ടാവുമ്പോള്‍ മാത്രമാണ് കമ്പനികളുട കെടു കാര്യസ്ഥത ജനങ്ങള്‍ അറിയുന്നത്.

അന്താരാഷ്ട്ര തലത്തില്‍ തന്നെ വിറ്റു വരവും വലിയ ലാഭവും കൊയ്യുന്ന എല്‍ജി എന്ന കമ്പനി സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നത് ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുന്ന സര്‍ക്കാറുകളും ഇതിനുത്തരവാദികളാണ്.

ഇനിയും തുറക്കാനിരിക്കുന്ന ഫാക്ടറികളിലെ സാഹചര്യവും നാം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. ഭോപാല്‍ ദുരന്തത്തിനു ശേഷം, തൊഴിലാളികളുടെയും പരിസ്ഥിതിയുടെയും സംരക്ഷണാര്‍ത്ഥം നിര്‍മിച്ച 1986 ലെ എന്‍വയോണ്‍മെന്റ ആക്ട്, 1989ലെ ഹസാര്‍ട്‌സ് വേസ്റ്റ് റൂള്‍,1996ലെ കെമിക്കല്‍ ആക്‌സിഡന്റ് റൂള്‍ തുടങ്ങിയ നിയമങ്ങളെ അസ്ഥാനത്താക്കിയാണ് ഇത്തരം ഫാക്ടറികളുടെ പ്രവര്‍ത്തനം. പുതിയ സാഹചര്യത്തില്‍ വിദേശ മൂലധനനിക്ഷേപം പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ നിയമത്തിന്റെ അവസാനത്തെ ആണിയും പറിച്ചുകളയാനാണ് കേന്ദ്രനീക്കം.

പാതയോരങ്ങളിലും റെയില്‍വേട്രാക്കിലും മരിച്ചുവീഴുന്നവര്‍ക്ക് പൗരാവകാശങ്ങില്ലെ?

കുടിയേറ്റ തൊഴിലാളികള്‍

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ജോലി തേടിപ്പോകുന്നവരായത് കൊണ്ട് തന്നെ, പ്രബല ട്രേഡ് യൂണിയനുകള്‍ക്ക് കീഴിലൊന്നും ഇവര്‍ സംഘടിപ്പിക്കപ്പെടുന്നില്ല. വോട്ട് രാഷ്ട്രീയത്തിന്ന് ഇവരെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നുമില്ല. വിദ്യാഭ്യാസപരമായി വളരെയധികം പിന്നിലായതു കൊണ്ടും രാജ്യത്ത് സാധാരണ പൗരന് ലഭിക്കുന്ന മൗലികാവകാശങ്ങള്‍ പോലും കുടിയേറ്റ തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്.

രാജ്യത്തെ വലിയൊരു ശതമാനം പൗരന്മാരാണ് നീതിനിഷേധങ്ങള്‍ക്കിരയാക്കപ്പെടുന്നത് എന്നുള്ള യാഥാര്‍ത്ഥ്യം ഭരണകൂടത്തിന് ഏറെക്കാലം മറച്ചുവെക്കാനാവില്ല.

ലോക്ക് ഡൗണിനെതുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച

ഹൈദരാബാദില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ട് അഞ്ച് തൊഴിലാളികള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.

മധ്യപ്രദേശിലെ നരസിങ്പുരില്‍ വെച്ച് ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടം. മധ്യപ്രദേശിലെ ഝാന്‍സിയിലേക്കും ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള തൊഴിലാളികളായിരുന്നു ട്രക്കിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്

ഹൈദരാബാദില്‍ നിന്നും മാങ്ങ കയറ്റിവരികയായിരുന്ന ട്രക്കിലായിരുന്നു 20 പേര്‍ അടങ്ങുന്ന സംഘത്തിന്റെ യാത്ര. ഭോപ്പാലില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള നരസിങ്പുരില്‍ വെച്ച് ട്രക്ക് മറിയുകയായിരുന്നു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് കാല്‍നടയായി മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘത്തിലെ 15 പേര്‍ ട്രെയിനിടിച്ച് മരിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്.

Next Story

RELATED STORIES

Share it