Articles

യുപിയില്‍നിന്ന് കേരളത്തിലേക്ക് എത്ര ദൂരം?

ഹിജാബിനെതിരേ കാവിഷാള്‍ തോളിലണിഞ്ഞ് സംഘ് വൈതാളികര്‍ കൂത്താടുമ്പോള്‍ എന്നാല്‍ രണ്ടും വേണ്ട യൂനിഫോം മതിയെന്നുള്ള ആ 'നിഷ്‌കപട' നാട്യമുണ്ടല്ലോ, അതാണു ചിലപ്പോഴെല്ലാം ആര്‍എസ്എസ്സിന്റെ നേരിട്ടുള്ള എതിര്‍പ്പിനേക്കാള്‍ അപകടകരം.

യുപിയില്‍നിന്ന് കേരളത്തിലേക്ക് എത്ര ദൂരം?
X

വോട്ടര്‍മാര്‍ക്ക് ഒരു തെറ്റുപറ്റിയാല്‍ കേരളവും കശ്മീരും ബംഗാളും പോലെ യുപിയും ആവുമെന്ന് ആശങ്കിച്ച ആദിത്യനാഥിനെതിരേ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തുടങ്ങി ഒട്ടനേകം പേര്‍ പ്രതികരണവുമായി രംഗത്തെത്തി. കേരളത്തെ അപമാനിച്ചതിലായിരുന്നു അധിക പേര്‍ക്കും ആവലാതി.

കേരളം പോലെ ആയാല്‍ മതത്തിന്റെ പേരില്‍ ആളെക്കൊല്ലല്‍ ഉണ്ടാവില്ലെന്നായിരുന്നല്ലോ മുഖ്യമന്ത്രിയുടെ ആലോചനാപൂര്‍വമുള്ള പ്രതികരണം. അപ്പോള്‍ ചുമ്മാ ഓര്‍ത്തു പോയി, കൊടിഞ്ഞി ഫൈസലിനെയും ചൂരിയിലെ റിയാസ് മൗലവിയെയും കാസര്‍കോട്ടെ ഫഹദ് മോനെയും. ഇതിനെല്ലാം വളരെ മുമ്പ് തിരൂര്‍ യാസിര്‍, കാട്ടൂര്‍ അലി മൗലവി, തേവലക്കര അലവിക്കുഞ്ഞ് മൗലവി... മതത്തിന്റെ പേരിലല്ലെങ്കില്‍ ഒരു സംഘടനയുമായും ബന്ധമില്ലാത്ത ഈ നിരപരാധികളെ ആര്‍എസ്എസ്സുകാര്‍ കൊന്നതെന്തിനാണ്. ആര്‍എസ്എസ്സിനു കൊല നടത്താന്‍ ബിജെപി അധികാരത്തില്‍ വേണമെന്നില്ല. സിപിഎം ഭരണത്തിലും അവരതു ചെയ്യും. പിണറായി വിജയനെ പോലെ ഒരു ആഭ്യന്തര മന്ത്രിയുണ്ടെങ്കില്‍ പോലിസിനെയും അവര്‍ വരുതിയില്‍ നിര്‍ത്തും.

പ്രതീഷ് വിശ്വനാഥും ശശികലയും ടി ജി മോഹന്‍ദാസും കെ സുരേന്ദ്രനും കെ ആര്‍ ഇന്ദിരയും പോലുള്ളവര്‍ വര്‍ഗീയ വിഷം ചീറ്റി വിലസി നടക്കും, ഒരു പെറ്റിക്കേസ് പോലുമില്ലാതെ . ആര്‍എസ്എസ്സിനെ വിമര്‍ശിച്ച് പോസ്റ്റിടുന്ന മുസ്‌ലിം യുവാക്കളെ തിരഞ്ഞുപിടിച്ച് 153 ചുമത്തി കേസെടുക്കും. വസ്ത്രസ്വാതന്ത്ര്യത്തിനും ഭക്ഷണസ്വാതന്ത്ര്യത്തിനും വേണ്ടി ഒരു വശത്തു വാചകമടിക്കുന്നവര്‍ അതിനേക്കാള്‍ ആവേഗത്തിലും ആവേശത്തിലും സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന് ഹിജാബ് നിരോധിക്കുകയും സംഘപരിവാരം ഹലാല്‍ നുണകള്‍ നുണയുമ്പോള്‍ പോര്‍ക്ക് ഫെസ്റ്റ് നടത്തി വൈരുധ്യാധിഷ്ഠിത ഭൗതികവാദം തെളിയിക്കുകയും ചെയ്യും. മുസ്‌ലിംകളുടെയും പിന്നാക്കക്കാരുടെയും സംവരണവും മറ്റാനുകൂല്യങ്ങളും വെട്ടിക്കുറച്ചും റദ്ദ് ചെയ്തും സവര്‍ണ പ്രീണനം അഭംഗുരം തുടരും. മുസ്‌ലിംകളെ ഭീകരരും ആറാം നൂറ്റാണ്ടിലെ പ്രാകൃതരുമാക്കും. അതിനു വേണ്ടി ജമാഅത്തെ ഇസ്‌ലാമിയെയും പോപുലര്‍ ഫ്രണ്ടിനെയും മുസ്‌ലിംലീഗിനെ പോലും മതമൗലികവാദികളും തീവ്രവാദികളുമാക്കും.

അച്യുതാനന്ദന്‍ മുതല്‍ വിജയരാഘവനും സാക്ഷാല്‍ കോടിയേരിയും വരെ മുസ്‌ലിംകള്‍ക്കു നേരെ കലിതുള്ളി സംഘവര്‍ഗീയതയ്ക്ക് ടിപ്പണി പാടി അരങ്ങു തകര്‍ക്കും. എളമരം കരീം ഉത്തരേന്ത്യന്‍ യൂണിവേഴ്‌സിറ്റികളിലേക്ക് മുസ്‌ലിം കുട്ടികളെ കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്യുന്ന അഡ്മിഷന്‍ ജിഹാദിന്റെ കഥ പറഞ്ഞ് മാര്‍ക്ക് ജിഹാദ് ആരോപണമുന്നയിക്കാന്‍ ആര്‍എസ്എസ്സിനു വഴിമരുന്നിട്ടു കൊടുക്കും. നാര്‍കോട്ടിക്ക് ജിഹാദ് പറയുന്ന കത്തനാരന്മാരുടെ അരമനകള്‍ നിരങ്ങി മന്ത്രി വാസവാദികള്‍ അഭിവാദ്യം അര്‍പ്പിക്കും. പച്ചവര്‍ഗീയത പറയുന്ന അച്ചന്മാര്‍ക്കെതിരേ കേസു കൊടുത്താല്‍ തെളിവുണ്ടെങ്കിലും കണ്ടില്ലെന്നു വയ്ക്കും. ബിജെപിക്കാര്‍ പ്രതികളാവുന്ന കള്ളനോട്ടടിയും കള്ളപ്പണവും മുതല്‍ പെണ്‍വാണിഭവും ബാലികാപീഡനവും വരെ ഒതുക്കി തീര്‍ക്കും. പാലത്തായിയും വാളയാറും കുട്ടിക്കടത്തും മാര്‍ക്‌സിസ്റ്റുകള്‍ക്ക് മാനവികതയുടെ മഹാമേരുക്കളാണ്.

വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്കു വിടും. ദേവസ്വം ബോര്‍ഡിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡും. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മറ്റ് സ്ഥാപനങ്ങളില്‍ ഇപ്പോഴും പിഎസ്‌സിയെ ഒഴിവാക്കി പിന്‍വാതില്‍ നിയമനം. യൂണിവേഴ്‌സിറ്റികളില്‍ നിയമനം പബ്ലിക് സര്‍വീസ് കമ്മീഷനല്ലെങ്കിലും മറ്റൊരു പിഎസ്‌സിയാണ് പത്‌നി സര്‍വീസ് കമ്മീഷന്‍. നേതാക്കന്മാരുടെ പ്രിയപത്‌നിമാര്‍ക്ക് നിയമന മഹോല്‍സവം!

പട്ടികജാതിക്കാരന് ശവമടക്കാന്‍ പോലും ആറടി മണ്ണ് സ്വന്തമായില്ലാതെ കുടിലിന്റെ അടുക്കളത്തറ പൊളിക്കേണ്ടി വരുന്ന കേരളത്തിലാണ് തലസ്ഥാന നഗരിയില്‍ കണ്ണായ സ്ഥലത്ത് ശ്രീ എം എന്ന ആര്‍എസ്എസ് ഇടനിലക്കാരന് ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ ഭൂമി സൗജന്യമായി കൊടുക്കുന്നത്. ഇപ്പോള്‍ ടിയാനെ കേന്ദ്ര സര്‍ക്കാര്‍ ഒരു ഉര്‍ദു സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിച്ചിരിക്കുന്നു! എവിടെയാണ് അന്തര്‍ധാര സജീവമായിരിക്കുന്നത് എന്നു മനസ്സിലായല്ലോ? വടയമ്പാടിയിലെ പോലെ ജാതിമതിലുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തിലാണ് നവോത്ഥാന മതിലുകളുടെ അസംബന്ധാരവങ്ങള്‍ ഉയരുന്നത്. ദലിതര്‍ക്കു കൊടുക്കാന്‍ ഭൂമിയില്ലെന്നു പറയുന്ന കേരളത്തിലാണ് പാവങ്ങളെ കുടിയൊഴിപ്പിച്ചും പ്രകൃതിയെ നശിപ്പിച്ചും കടമെടുത്തും കെ റെയില്‍ എന്ന വിനാശത്തിന്റെ വികസന പാത പണിയുന്നത്.

കേന്ദ്ര സര്‍ക്കാര്‍ മീഡിയ വണ്ണിന് പൂട്ടിടുമ്പോള്‍ ഇടതു സര്‍ക്കാര്‍ തേജസിന് പരസ്യം നിഷേധിച്ച് മരണം വിധിക്കും. ജനങ്ങളുടെ യഥാര്‍ഥ ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തത്രപ്പെടുന്ന ഭരണാധികാരികളും ഭരണവര്‍ഗവും എളുപ്പത്തില്‍ ആശ്രയിക്കുന്ന ആയുധമാണ് വര്‍ഗീയത. കേരളത്തിലും ഇടത്തും വലത്തുമുള്ളവര്‍ അതു തന്നെയാണ് പയറ്റുന്നത്.

അതിവേഗം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു കേരളം. ഒന്നാം പ്രതി സംഘപരിവാരം തന്നെ. പക്ഷേ, കൂട്ടുപ്രതികളാണ് ഇടതും ലിബറലും യുക്തിവാദികളും എക്‌സ് മുസ്‌ലിംകളും സോ കോള്‍ഡ് അള്‍ട്രാ സെക്യുലറിസ്റ്റുകളും മേല്‍ക്കോയ്മ മാധ്യമങ്ങളും. സ്വത്വരാഷ്ട്രീയത്തെ ഇത്തരക്കാര്‍ വെറും ഇരവാദമെന്നു പറഞ്ഞ് ആക്ഷേപിക്കും. വംശഹത്യയുടെ കരാള കാലത്തും മുസ്‌ലിം സ്ത്രീകളുടെ തട്ടത്തിനു പിന്നിലെ മതാത്മകത തിരയുകയാണവര്‍. 'ലൗജിഹാദിക'ളുടെ പ്രണയക്കുരുക്കില്‍പ്പെട്ട് അതിര്‍ത്തി കടന്ന് സിറിയയിലേക്കു പോയ 4000 യുവതികളെക്കുറിച്ച് ജന്മഭൂമി സ്‌റ്റൈലില്‍ അച്ചു നിരത്താന്‍ മനോരമയും മാതൃഭൂമിയും മല്‍സരിക്കും. അതിന് മീഡിയ എത്തിക്ക്‌സോ സാമാന്യ യുക്തി പോലുമോ അവര്‍ക്കു തടസ്സമാവില്ല. സോഷ്യല്‍ മീഡിയയില്‍ മുസ്‌ലിം വിഷയങ്ങളില്‍ ഇടതിനും സംഘ പരിവാരത്തിനും സ്വരഭേദങ്ങളില്ലെന്നത് ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. ആര്‍എസ്എസ്സിനെ വിമര്‍ശിക്കേണ്ടിവരുമ്പോള്‍ മുസ്‌ലിം തീവ്രവാദത്തെക്കുറിച്ചു കൂടി കൂട്ടിച്ചേര്‍ത്തു സമീകരിക്കുന്ന ഇടതു ഹിപോക്രസിയുടെ യുക്തിശൂന്യത ആരും ചോദ്യം ചെയ്യില്ല. ഹിജാബിനെതിരേ കാവിഷാള്‍ തോളിലണിഞ്ഞ് സംഘ് വൈതാളികര്‍ കൂത്താടുമ്പോള്‍ എന്നാല്‍ രണ്ടും വേണ്ട യൂനിഫോം മതിയെന്നുള്ള ആ 'നിഷ്‌കപട' നാട്യമുണ്ടല്ലോ, അതാണു ചിലപ്പോഴെല്ലാം ആര്‍എസ്എസ്സിന്റെ നേരിട്ടുള്ള എതിര്‍പ്പിനേക്കാള്‍ അപകടകരം. പ്രച്ഛന്ന വര്‍ഗീയതയില്‍നിന്ന് പ്രത്യക്ഷ വര്‍ഗീയതയിലേക്കുള്ള സിപിഎമ്മിന്റെ ചുവടു മാറ്റത്തെ തിരിച്ചറിഞ്ഞു പ്രതിരോധിച്ചേ മതിയാവൂ. ഐഡന്റിറ്റി പൊളിറ്റിക്‌സിനെ അരികുവല്‍ക്കരിക്കാനുള്ള അത്യാവേശം കേരളത്തെ അത്യന്തം അപകടത്തിലേക്കാണു നയിക്കുക.

Next Story

RELATED STORIES

Share it