Videos

സംസ്ഥാനങ്ങള്‍ക്ക് ഇടപെടാനാവാത്ത വിധം ഭേദഗതി; ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് സിഎഎ നടപ്പാക്കാന്‍ നീക്കം

X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്താന്‍ മോദി സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നതായി റിപോര്‍ട്ട്. ഇതിന്റെ ഭാഗമായി പൗരത്വ അപേക്ഷകര്‍ക്കായി വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളുടെ ഇടപെടല്‍ ആവശ്യമില്ലാത്ത വിധത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന വിധത്തിലായിരിക്കും ക്രമീകരണം. പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ പൗരത്വ നിയമ ഭേദഗതി ബില്‍ 2019ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയോ പ്രാബല്യത്തില്‍ വരുത്തുകയോ ചെയ്തിരുന്നില്ല. രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യം ശക്തമാക്കുന്നതോടെ, ഇതിനെ മറികടക്കുകയെന്ന ലക്ഷ്യവും സിഎഎ നടപ്പാക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.

കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ നിരവധി തവണ ഇതുസംബന്ധിച്ച ചര്‍ച്ചകളും അവതരണങ്ങളും നടന്നതായാണ് വിവരം. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാവുന്നതോടെ സിഎഎ നടപടികള്‍ ത്വരിതപ്പെടുത്താനാവുമെന്നാണ് കണക്കുകൂട്ടല്‍. പുതിയ പോര്‍ട്ടല്‍ പ്രകാരം പൗരത്വം തേടുന്ന വ്യക്തികളുടെ യോഗ്യതയും മാനദണ്ഡങ്ങളും സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ നല്‍കണം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യോഗ്യരായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലില്ലാതെ പൗരത്വത്തിന് അപേക്ഷിക്കാനാവും. കുടിയേറ്റ നിയമത്തിലെ ചില വ്യവസ്ഥകളില്‍ മാറ്റം വരുത്തിക്കൊണ്ടായിരിക്കും പോര്‍ട്ടല്‍ തയ്യാറാക്കുകയെന്നാണ് റിപോര്‍ട്ട്. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കുമുമ്പ് പുതിയ സിഎഎ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. മുസ് ലിംകള്‍ക്ക് മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കുന്ന പൗരത്വഭേദഗതി നിയമം രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. 2019 ഡിസംബര്‍ 11നാണ് പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്. പാകിസ്തന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ന്‍, പാഴ്‌സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നാണ് നിയമ ഭേദഗതിയില്‍ പറയുന്നത്. 2020 ജനുവരി 10ന് നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

ഇതില്‍ മുസ് ലിംകളെ മാത്രം ഒഴിവാക്കിയതാണ് ഏറെ വിവാദമായത്. തലസ്ഥാനമായ ഡല്‍ഹിയില്‍ ഉള്‍പ്പെടെ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് തുടര്‍നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്നോട്ടുപോയിരുന്നു. കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ പ്രമേയവും പാസാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി സിഎഎ പ്രാബല്യത്തില്‍ വരുത്താനും സംസ്ഥാനങ്ങള്‍ക്ക് തടസ്സപ്പെടുത്താനുള്ള സാധ്യകളെല്ലാം ഇല്ലാതാക്കാനുമാണ് പുതിയ നീക്കമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഡല്‍ഹി സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സംഘടിപ്പിച്ച അനുമോദനച്ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും സിഎഎ ഉടന്‍ നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. അയല്‍രാജ്യങ്ങളില്‍ പീഡനത്തിനിരയായ സിഖ് സഹോദരങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള വഴിയാണ് സിഎഎ വഴി മോദി സര്‍ക്കാര്‍ തുറന്നതെന്നായിരുന്നു മന്ത്രി അമിത് ഷായുടെ പ്രസംഗം. നിയമത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്യാത്തതിനാലാണ് നാലുവര്‍ഷത്തോളമായിട്ടും നടപ്പാക്കാതിരുന്നത്. ഇപ്പോള്‍ ഇതിനു വേണ്ടിയുള്ള നടപടികളാണ് ഊര്‍ജ്ജിതപ്പെടുത്തുന്നതെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it