Cricket

വിരാട് കോഹ് ലിയുടെ ഹാട്രിക്ക് സെഞ്ചുറിക്ക് കാത്ത് ആരാധകര്‍; വിശാഖപട്ടണത്തെ സ്റ്റേഡിയം നിറഞ്ഞ് കവിയും, ടിക്കറ്റുകള്‍ തീര്‍ന്നു

വിരാട് കോഹ് ലിയുടെ ഹാട്രിക്ക് സെഞ്ചുറിക്ക് കാത്ത് ആരാധകര്‍; വിശാഖപട്ടണത്തെ സ്റ്റേഡിയം നിറഞ്ഞ് കവിയും, ടിക്കറ്റുകള്‍ തീര്‍ന്നു
X

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യന്‍ ടീമിന്റെ മൂന്നാം ഏകദിനത്തിനുള്ള ടിക്കറ്റുകള്‍ കിട്ടാനില്ല. റാഞ്ചിയിലും റായ്പൂരിലും നടന്ന ആദ്യ രണ്ട് ഏകദിനങ്ങളില്‍ വിരാട് കോഹ്‌ലി സെഞ്ചുറി നേടിയതോടെയാണ് വിശാഖപട്ടണം ഏകദിനത്തിന്റെ ടിക്കറ്റുകളെല്ലാം വേഗത്തില്‍ വിറ്റുപോയത്. പരമ്പരയിലെ ആദ്യ മല്‍സരം ഇന്ത്യയും രണ്ടാം മല്‍സരം ദക്ഷിണാഫ്രിക്കയും വിജയിച്ചതോടെ, 'ഫൈനലിനു' തുല്യമാണ് വിശാഖപട്ടണത്തെ പോരാട്ടം. മൂന്നാം ഏകദിനം വിജയിക്കുന്ന ടീമിനു പരമ്പര സ്വന്തമാക്കാം.

''നവംബര്‍ 28നാണ് വിശാഖപട്ടണത്തെ ടിക്കറ്റ് വില്‍പനയുടെ ആദ്യ ഘട്ടം ആരംഭിച്ചത്. വില്‍പന വളരെ മന്ദഗതിയിലായിരുന്നു. പക്ഷേ രണ്ടാം ഘട്ട വില്‍പന തുടങ്ങുന്നതിനു തൊട്ടുമുന്‍പ് റാഞ്ചിയില്‍ വിരാട് സെഞ്ചുറി നേടി. അതാണ് എല്ലാം മാറ്റിമറിച്ചത്. വിരാടിന് മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള പിച്ചാണ് വിശാഖപട്ടണത്തേത്. ടിക്കറ്റുകളെല്ലാം ഓണ്‍ലൈനില്‍വന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുപോയി.'' ആന്ധ്രപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം വൈ. വെങ്കടേഷ് പ്രതികരിച്ചു.

ഏകദിന ക്രിക്കറ്റില്‍ വിശാഖപട്ടണം സ്റ്റേഡിയത്തിലെ ടോപ് സ്‌കോററാണു വിരാട് കോഹ്‌ലി. വിശാഖപട്ടണത്ത് ഏഴു മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള കോഹ്‌ലി 587 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്. 157 ആണ് സ്റ്റേഡിയത്തില്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 120 പന്തില്‍ 135 റണ്‍സടിച്ച കോഹ് ലി, റായ്പുരില്‍ 93 പന്തില്‍ 102 റണ്‍സാണു സ്വന്തമാക്കിയത്.



Next Story

RELATED STORIES

Share it