Sub Lead

ഇന്ത്യാ-അമേരിക്ക വ്യാപാര കരാര്‍: ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

ഇന്ത്യാ-അമേരിക്ക വ്യാപാര കരാര്‍: ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്
X

മുംബൈ: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിച്ചുചാട്ടം. വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍തന്നെ സെന്‍സെക്‌സ് 2,400 പോയിന്റിലധികം ഉയര്‍ന്ന് 85,000 എന്ന റെക്കോഡ് നിലവാരത്തിലേക്ക് അടുത്തു. നിഫ്റ്റി 750 പോയിന്റിലധികം നേട്ടമുണ്ടാക്കി 26,300 കടന്നു. ഓഹരി വിപണിയിലെ ഉണര്‍വ് രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 1.2 ശതമാനം വര്‍ധിച്ച് 90.40 എന്ന നിലയിലെത്തി. 2022 നവംബറിന് ശേഷമുള്ള രൂപയുടെ ഏറ്റവും മികച്ച മുന്നേറ്റമാണിത്.

ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് വര്‍ധിപ്പിച്ചത് നിക്ഷേപകരെ ആശങ്കയിലാക്കിയിരുന്നു. അന്ന് വിപണിയില്‍ ഏകദേശം 10 ലക്ഷം കോടി രൂപയുടെ നിക്ഷേപക ആസ്തിയാണ് ഇല്ലാതായത്. എന്നാല്‍ പുതിയ വ്യാപാര കരാര്‍ നഷ്ടങ്ങളെ മറികടക്കാന്‍ വിപണിയെ സഹായിച്ചു.

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് സുപ്രധാന കരാര്‍ ഉണ്ടായത്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറച്ചു എന്നതാണ് കരാറിലെ ഏറ്റവും വലിയ നേട്ടം. ഇതിന് പകരമായി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും അമേരിക്കയില്‍ നിന്ന് കൂടുതല്‍ ഉല്‍പന്നങ്ങള്‍ വാങ്ങുകയും ചെയ്യും. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ തീരുവ പൂര്‍ണമായും ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പുതിയ വ്യാപര കരാര്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും വാണിജ്യ മന്ത്രി പീയുഷ് ഗോയലും കരാറിനെ സ്വാഗതം ചെയ്തു. ഇത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് വലിയ കരുത്തേകുമെന്നും കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ഗുണകരമാകുമെന്നും അവര്‍ വ്യക്തമാക്കി.



Next Story

RELATED STORIES

Share it