Videos

നിയമ വഴിയിലെ ചതിക്കുഴികള്‍: കാശി, മഥുര ബാക്കീ ഹെ...ഭാഗം 6

X

കാശി, മഥുര ബാക്കീ ഹെ...ഭാഗം 6:

നിയമ വഴിയിലെ ചതിക്കുഴികള്‍


മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു മാറ്റണമെന്ന ആവശ്യം ഹിന്ദുത്വ സംഘടനകള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് മൂന്നു ദശകമേ ആകുന്നുള്ളൂ. പള്ളി നിലകൊള്ളുന്നത് കൃഷ്ണജന്മഭൂമിയിലാണെന്നു വാദിക്കുന്നവര്‍നല്‍കിയ ഒരു ഡസനോളം ഹരജികള്‍ മഥുരയിലെ വിവിധ കോടതികളുടെയും ഹൈക്കോടതിയുടെയും സുപ്രിംകോടതിയുടെയും പരിഗണനയിലാണ്. പൂജയ്ക്ക് അനുമതി തേടിയായിരുന്നു ആദ്യഹരജിയെങ്കില്‍ പിന്നീടത് പള്ളി പൊളിച്ചു മാറ്റണമെന്നും പള്ളിയുടെ ഭൂമി ക്ഷേത്രത്തിന് നല്‍കണമെന്നും ആയി മാറി. പള്ളിയുടെ കൈവശമുണ്ടായിരുന്നതില്‍പകുതിയോളം ഭൂമി 1968ലെ കരാര്‍ പ്രകാരം മുസ്‌ലിംകള്‍ ക്ഷേത്രത്തിനു നല്‍കുകയും അവിടെ ക്ഷേത്രം ഉയരുകയും ചെയ്തു. എന്നിട്ടാണ് ഇപ്പോള്‍ സംഘപരിവാരം പ്രശ്‌നം കുത്തിപ്പൊക്കി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതെന്നോര്‍ക്കണം. എന്നാല്‍ മഥുരയിലെ ഹൈന്ദവ വിശ്വാസികളും പുരോഹിതന്മാരും ഈ നീക്കങ്ങളെ പിന്തുണച്ചില്ല. മഥുരയെ സംഘര്‍ഷഭൂമിയാക്കുന്നതിനെതിരേ പൂജാരിമാരുടെ സംഘടനയായ അഖില ഭാരതീയ തീര്‍ത്ഥപുരോഹിത് മഹാസഭ രംഗത്തു വന്നു. നിലവിലുള്ള ജന്മസ്ഥാന്‍ ക്ഷേത്രത്തില്‍നിന്ന് പള്ളിയുടെ ഭിത്തിയിലേക്ക് രഹസ്യ തുരങ്കമുണ്ടാക്കിയതായി 1995ല്‍ തന്നെ വാര്‍ത്ത വന്നിരുന്നു. ശ്രീകൃഷ്ണന്‍ തടവറയിലാണ് ജനിച്ചതെന്ന വിശ്വാസത്തിനു തെളിവുണ്ടാക്കാനുള്ള ഗൂഢനീക്കമായിരുന്നു അത്. ഭാവിയില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ നടത്തുമ്പോള്‍ തടവറയിലുള്ളതുപോലെ ജനലുകള്‍ ഉണ്ടായിരുന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ഹിന്ദുത്വര്‍, ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ എറിഞ്ഞതാണത്. ബാബരി അന്തിമ വിധി വന്ന് ഒരു വര്‍ഷം തികയുംമുമ്പ് 2020 സെപ്തംബര്‍ 25നാണ് മഥുര കോടതിയില്‍ ആദ്യത്തെ സിവില്‍ ഹരജി ഫയല്‍ ചെയ്യുന്നത്. കൃഷ്ണജന്മഭൂമിക്കു സമീപമുള്ള ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട്, ശ്രീകൃഷ്ണ വിരാജ്മാന്‍, ശ്രീകൃഷ്ണജന്മഭൂമി ആസ്ഥാന്‍ എന്നിവയാണ് ഒന്നും രണ്ടും ഹരജിക്കാര്‍. പ്രതിഷ്ഠയുടെയും ജന്മസ്ഥാന്റെയും ഉറ്റ സുഹൃത്ത് എന്ന നിലയില്‍ ലഖ്‌നോ നിവാസിയായ രഞ്ജന അഗ്‌നിഹോത്രിയാണ് ഹരജി നല്‍കിയത്. ശ്രീകൃഷ്ണ ഭക്തരെന്ന് അവകാശപ്പെട്ട് മറ്റ് അഞ്ച് പേരും ഹരജിക്കാരായുണ്ട്. മഥുര സീനിയര്‍ സിവില്‍ ജഡ്ജി ഛായ ശര്‍മ 2020 സെപ്തംബര്‍ 30ന് ഹരജി തള്ളി. 1991ലെ ആരാധനാലയ നിയമത്തിലെ അനുഛേദം 4 അനുസരിച്ചാണ് ഹരജി തള്ളിയത്. ഈ ഹരജി അനുവദിച്ചാല്‍ ഇത്തരം ഹരജികളുടെ പ്രവാഹം തന്നെയുണ്ടാകുമെന്നും വിധിയില്‍ പരാമര്‍ശിച്ചിരുന്നു.

തുടര്‍ന്ന് 2020 ഒക്ടോബര്‍ 12ന് നല്‍കിയ റിവിഷന്‍ ഹരജി മഥുര ജില്ലാ ജഡ്ജി സാധനാ റാണി താക്കൂര്‍ ഒക്ടോബര്‍ 16 ന് ഫയലില്‍ സ്വീകരിച്ചു. പ്രതിഷ്ഠയുടെ ഉറ്റസുഹൃത്ത് രഞ്ജന അഗ്‌നിഹോത്രി നല്‍കിയ ഹരജി അഭിഭാഷകന്‍ ഹാജരാവാത്തതിനാല്‍ 2021 ജനുവരി 19 ന് തള്ളിയെങ്കിലും പുനസ്ഥാപന അപേക്ഷ പരിഗണിച്ച് 2021 ഫെബ്രുവരി 17 ന് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദല്‍, ജസ്റ്റിസ് പ്രകാശ് പാഡിയ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹരജി പുനസ്ഥാപിച്ചു. രഞ്ജന അഗ്‌നിഹോത്രിയും മറ്റ് അഞ്ചു പേരും നല്‍കിയ ഹരജി നിലനില്‍ക്കുമെന്ന് മഥുര ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി 2022 മെയ് 19 ന് വിധിച്ചു. പിന്നീടും ചില ഹരജികള്‍ പലരും സമര്‍പ്പിക്കുകയുണ്ടായി. ഇനി പുതിയ ഹരജികള്‍ സ്വീകരിക്കില്ലെന്ന് സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി ഉത്തരവിട്ടെങ്കിലും ഹൈക്കോടതിയിലും മറ്റുമായി വീണ്ടും ഹരജികളെത്തിക്കൊണ്ടിരുന്നു. ചുരുക്കത്തില്‍ ഒരേ ആവശ്യം ഉന്നയിച്ച് നിരവധി ഹരജികളാണ് കോടതിയിലെത്തിയത്.

കാശി ഗ്യാന്‍വാപി പള്ളിയില്‍ എഎസ്‌ഐ സര്‍വേ നടത്തുന്നതിനുള്ള കോടതി ഉത്തരവ് വന്നതിനു പിന്നാലെ മഥുര ഈദ് ഗാഹ് പള്ളിയിലും ഇതേ രീതിയില്‍ സര്‍വേ വേണമെന്ന ആവശ്യവുമായി വിവിധ ഹരജികള്‍ ഫയല്‍ ചെയ്യപ്പെട്ടു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയെ ഉപയോഗപ്പെടുത്തി മഥുര, കാശി പള്ളികള്‍ അധീനപ്പെടുത്താന്‍ സംഘപരിവാരം സ്വീകരിച്ചത് ബാബരി മസ്ജിദിന്റെ വഴി തന്നെയായിരുന്നു. സര്‍വേ ആവശ്യമുന്നയിച്ചും ഹരജിക്കാര്‍ കോടതികള്‍ കയറി. ഈദ്ഗാഹ് മസ്ജിദില്‍ സര്‍വേക്ക് അഭിഭാഷക കമ്മീഷണറെ നിയോഗിക്കണമെന്ന ആവശ്യം അപ്രകാരം ഉണ്ടായതാണ്. അയോധ്യ ഉദ്ഖനനത്തില്‍ പങ്കെടുത്ത ബി ബി ലാലും കെ കെ മുഹമ്മദും വരെയുള്ള എഎസ്‌ഐ ഉദ്യോഗസ്ഥര്‍ സംഘപരിവാരത്തിന്റെ ഇംഗിതത്തിന് ഒപ്പം നിന്നവരായത് യാദൃച്ഛികമല്ല. രാജ്യസഭാംഗത്വവും ഗവര്‍ണര്‍ പദവിയും മുതല്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ വരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ തന്നെ ആയിരിക്കുമല്ലോ?

1991ലെ ആരാധനാലയ പ്രത്യേക നിയമത്തെ പോലും സുപ്രിംകോടതി കയറ്റിയും ഹരജികളില്‍ കീഴ്‌ക്കോടതികളില്‍ നിന്ന് അനുകൂല വിധികള്‍ നേടിയും ആര്‍ക്കിയോളജിക്കല്‍ സര്‍വേയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും മുസ്‌ലിം പള്ളികള്‍ തകര്‍ക്കാനും പിടിച്ചെടുക്കാനുമുള്ള ആര്‍എസ്എസ് പദ്ധതി വിജയം കാണുന്നതിന്റെ ദുസ്സൂചനകളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. നിയമം മറന്നുപോവുന്ന കോടതികള്‍ ഒരു രാഷ്ട്രത്തിന്റെ ജനാധിപത്യമതനിരപേക്ഷ മൂല്യങ്ങളെയും ജുഡീഷ്യറിയില്‍ പൗരന്മാര്‍ക്കുള്ള വിശ്വാസത്തെയും അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നതിനേക്കാള്‍ ദുരന്തം മറ്റെന്താണുള്ളത്?


കാശിയിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഉള്ളറകളിലേക്ക് കടന്ന് ചില ചരിത്ര വസ്തുതകള്‍ വിശകലനം ചെയ്യുന്നു അടുത്ത എപ്പിസോഡില്‍....

Next Story

RELATED STORIES

Share it