Cricket

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനത്തിന് ആവേശകരമായ അന്ത്യം

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ഏകദിനത്തിന് ആവേശകരമായ അന്ത്യം
X

വിശാഖട്ടണം: ഒരിക്കല്‍ കൂടി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ മാറ്റ് തെളിയിക്കുകയും ബൗളര്‍മാര്‍ മങ്ങുകയും ചെയ്ത, ആവേശം നിറഞ്ഞ ഏകദിന മല്‍സരത്തില്‍ ഇന്ത്യക്ക് സമനിലയോടെ പാഡഴിക്കേണ്ടി വന്നു. ഇന്ത്യന്‍ സൂപ്പര്‍ നായകന്‍ വിരാട് കോഹ്‌ലി അതിവേഗം 10,000 റണ്‍സ് തികച്ച മല്‍സരമാണ് നാടകീയ അന്ത്യത്തിലേക്ക് കലാശിച്ചത്. ഒരിക്കല്‍ കൂടി ഇന്ത്യ 300 റണ്‍സ് കടത്തിയെങ്കിലും വിന്‍ഡീസ് പൊരുതി സമനില നേടുകയായിരുന്നു.
ല്‍സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ കോഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തിലും (157*) റായിഡുവിന്റെ അര്‍ധ സെഞ്ച്വറിക്കരുത്തിലും (73) ആറ് വിക്കറ്റ്് നഷ്ടത്തില്‍ 321 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വിന്‍ഡീസ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെടുത്തതോടെ മല്‍സരം സമനിലയിലായി. 129 പന്തില്‍ 13 ബൗണ്ടറിയും നാല് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ നായകന്റെ ഇന്നിങ്‌സ്. പരമ്പരയില്‍ കോഹ്‌ലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണിത്, ഏകദിന കരിയറില്‍ 37ാമത്തെതും. തുടര്‍ച്ചയായി രണ്ടാം തവണയും കോഹ്‌ലി തന്നെയാണ് കളിയിലെ താരം.
രോഹിത ശര്‍മയും ധവാനും ചേര്‍ന്ന് ഇന്ത്യയെ അടിത്തറ ഉറപ്പിക്കാനായി പതിയെ ബാറ്റ് വീശിത്തുടങ്ങിയെങ്കിലും നാലാം ഓവറില്‍ തന്നെ ഇന്ത്യ ആദ്യ തിരിച്ചടി നേരിട്ടു. കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടി വിജയം സമ്മാനിക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച രോഹിത് ശര്‍മ (എട്ട് പന്തില്‍ നാല്) റോച്ചിന്റെ പന്തില്‍ ഹിറ്റ്‌മെയറിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ മുമ്പത്തെ കളിയിലെ സമാന ആവേശം പ്രതീക്ഷിച്ചെത്തിയആരാധകര്‍ നിരാശയിലായി. അപ്പോള്‍ സ്‌കോര്‍ ഒന്നിന് 15. തുടര്‍ന്ന് ധവാന് കൂട്ടായി നായകന്‍ കോഹ്‌ലി എത്തിയപ്പോള്‍ വീണ്ടുമൊരു കൂറ്റന്‍ കൂട്ടുകെട്ട് ഇതിലൂടെ പിറവിയെടുക്കുമെന്ന് തോന്നിച്ചു. പക്ഷേ സ്‌കോര്‍ 40ല്‍ നില്‍ക്കേ ധവാനും ക്രീസ് വിട്ടു. ആഷ്‌ലി നഴ്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങാനായിരുന്നു അതുവരെ മികച്ച പ്രകടനം കാഴ്ച വച്ച ധവാന്റെ (29 പന്തില്‍ 30) വിധി.
പിന്നീടായിരുന്നു കോഹ്‌ലിയും റായിഡുവും ചേര്‍ന്ന ഇന്ത്യയുടെ നെടുംതൂണായ കൂട്ടുകെട്ട് പിറന്നത്. ഇരുവരും ചേര്‍ന്ന് 142 പന്തില്‍ 139 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് നല്‍കിയത്. നാലാം നമ്പറില്‍ താന്‍ തന്നെ കേമന്‍ എന്ന് അരക്കിട്ട് ഉറപ്പിക്കുന്ന ഇന്നിങ്‌സായിരുന്നു റായിഡു കാഴ്ച വച്ചത്. ഇതിനിടെ കോഹ്‌ലി അര്‍ധ സെഞ്ച്വറിയും തുടര്‍ന്ന് വ്യക്തിഗത സ്‌കോര്‍ 81ല്‍ നില്‍ക്കേ 10000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ 111 റണ്‍സെടുത്തപ്പോള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലി സ്വന്തം പേരില്‍ കുറിച്ചു.
റായിഡു പുറത്തായതോടെ തുടര്‍ന്നെത്തിയ ധോണി മോശം ബൗളിനെ മാത്രം തിരഞ്ഞു പിടിച്ച് ബൗണ്ടറികള്‍ കടത്തിയെങ്കിലും നായകന് കൂട്ടായി നില്‍ക്കാനുള്ള ആയുസ്സ് ധോണിക്ക് ലഭിച്ചില്ല. സ്‌കോര്‍ 20ല്‍ നില്‍ക്കേ അരങ്ങേറ്റക്കാരന്‍ മക്കോയ് കുറ്റിതെറിപ്പിച്ച് ധോണിയെ കൂടാരം കയറ്റി. അപ്പോഴേക്കും ഇന്ത്യ 41ാം ഓവറില്‍ 222 റണ്‍സെന്ന ഭേദപ്പെട്ട നിലയിലെത്തിയിരുന്നു. തുടര്‍ന്നെത്തിയ റിഷഭ് പന്ത് തുടക്കത്തില്‍ തന്നെ ട്വന്റി20 വെടിക്കെട്ട് പ്രകടനം പുറത്തെടുത്തെങ്കിലും അധികം നീണ്ടു നിന്നില്ല. 13 പന്തില്‍ 17 റണ്‍സെടുത്തു നില്‍ക്കവേ സാമുവല്‍സിന്റെ പന്തിനെ അനാവശ്യ ഷോട്ടിലൂടെ ബൗണ്ടറി കടത്താന്‍ ശ്രമിച്ച പന്തിന് എല്‍ബിയിലൂടെ പുറത്താകേണ്ടി വന്നു. പിന്നീടാണ് കോഹ് ലി ജഡേജയെ(13) കൂട്ടുപിടിച്ച് മൈതാനത്ത് ശരിക്കും സംഹാര താണ്ഡവമാടിയത്. ഏകദിനത്തിലെ 37ാം സെഞ്ച്വറിയും താണ്ടിയ നായകന്‍ ട്വന്റി20 ബാറ്റിങ് കാഴ്ച വച്ചതോടെ ടീം സ്‌കോര്‍ 300 കടന്നു. 48ാം ഓവറിലാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 300 തെളിഞ്ഞത്. പിന്നീടും അക്ഷമനായി ബാറ്റിങ് തുടര്‍ന്നതോടെ കോഹ്‌ലി 150 ഉം കടന്നു. ഒപ്പം ടീം 321 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം സന്ദര്‍ശകര്‍ക്ക് മുന്നില്‍ നീട്ടുകയും ചെയ്തു. കോലിയുടെ മികവില്‍ അവസാന 10 ഓവറില്‍ നിന്നു മാത്രം ഇന്ത്യ 100 റണ്‍സാണ് നേടിയത്.
വിന്‍ഡീസിനായി ആഷ്‌ലി നഴ്‌സ്, അരങ്ങേറ്റ താരം ഓബദ് മക്കോയ് എന്നിവര്‍ രണ്ടും കെമര്‍ റോച്ച്, മര്‍ലോണ്‍ സാമുവല്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന്റെ സ്‌കോര്‍ ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ സഹായിച്ചത് ഷായ് ഹോപിന്റെയും(123*) ഹിറ്റ്‌മെയറിന്റെയും(94) ഇന്നിങ്‌സായിരുന്നു. മൂന്നിന് 78 എന്ന നിലയില്‍ നിന്ന് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും ടീം സ്‌കോര്‍ 222ല്‍ എത്തിച്ചാണ് പിരിഞ്ഞത്. ഹിറ്റ്‌മെയര്‍ വീണതോടെ ഷായ് ഹോപിന്റെ ബാറ്റിങിലൂടെ വിജയം പ്രതീക്ഷിച്ച വിന്‍ഡീസിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സ്. എന്നാല്‍ ഉമേഷ് യാദവ് എറിഞ്ഞ ഈ ഓവറില്‍ 13 റണ്‍സുമായി സമനിലയില്‍ പിരിയാനായിരുന്നു ഇരുടീമിന്റെയും വിധി. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
Next Story

RELATED STORIES

Share it