Web & Social

ഓഫിസുകള്‍ കയറിയിറങ്ങേണ്ട; കുടിവെള്ള കണക്ഷന് ഓണ്‍ലൈന്‍ സംവിധാനവുമായി വാട്ടര്‍ അതോറിറ്റി

ഓഫിസുകള്‍ കയറിയിറങ്ങേണ്ട; കുടിവെള്ള കണക്ഷന് ഓണ്‍ലൈന്‍ സംവിധാനവുമായി വാട്ടര്‍ അതോറിറ്റി
X

തിരുവനന്തപുരം: പരമ്പരാഗത രീതികളില്‍നിന്നുള്ള മാറ്റത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി, കുടിവെള്ള കണക്ഷന്‍ നടപടികള്‍ അനായാസമാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. പുതിയ കണക്ഷന്‍ ലഭിക്കാന്‍ വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ നേരിട്ടെത്താതെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതിനുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നാളെ വൈകീട്ട് നാലുമണിക്ക് വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് നിര്‍വഹിക്കും. സെല്‍ഫ് മീറ്റര്‍ റീഡിങ് സംവിധാനം, ഫിനാന്‍സ് ആന്റ് അക്കൗണ്ട്‌സ് മാനേജ്‌മെന്റ് സൊല്യൂഷന്‍ (എഫ്എഎംഎസ്), മെറ്റീരിയല്‍സ് മാനേജ്‌മെന്റ് സിസ്റ്റം, ആപ്റ്റ് എന്നീ പുതിയ സോഫ്റ്റ്‌വെയറുകളുടെ ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം നിര്‍വഹിക്കും.

പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ പിടിപി നഗര്‍ സബ് ഡിവിഷന്‍, സെന്‍ട്രല്‍ സബ് ഡിവിഷനു കീഴിലുള്ള പാളയം സെക്ഷന്‍, കോഴിക്കോട് മലാപ്പറമ്പ് സബ് ഡിവിഷന്‍ എന്നീ വാട്ടര്‍ അതോറിറ്റി ഓഫിസുകള്‍ക്ക് കീഴിലുള്ള കണക്ഷനുകള്‍ക്കാണ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുന്നത്. ഉടന്‍തന്നെ വാട്ടര്‍ അതോറിറ്റിയുടെ എല്ലാ കുടിവെള്ള കണക്ഷനുകളും പൂര്‍ണമായും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള സംവിധാനം നിലവില്‍ വരും. അപേക്ഷ സമര്‍പ്പിക്കുന്നതു മുതല്‍ ഒരുഘട്ടത്തില്‍ പോലും അപേക്ഷകന്‍ ഓഫിസിലെത്തേണ്ടതില്ല എന്നതാണ് പുതിയ സംവിധാനത്തിന്റെ മെച്ചം.

കുടിവെള്ള കണക്ഷന്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇടാപ്പ് സംവിധാനം വഴി, അപേക്ഷകളോടൊപ്പം അനുബന്ധ രേഖകള്‍ ഫോട്ടോ എടുത്തോ സ്‌കാന്‍ ചെയ്‌തോ ഉള്‍പ്പെടുത്താന്‍ സാധിക്കും. ഈ അപേക്ഷകള്‍ ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസുകളില്‍ എത്തുന്നതോടെ സ്ഥലപരിശോധനയ്ക്കായി കൈമാറും. ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി കണക്ഷന്‍ നല്‍കാന്‍ സാധിക്കുമെന്ന് ബോധ്യപ്പെടുന്നതോടെ കണക്ഷന്‍ നല്‍കുന്ന പ്ലംബറെയും എസ്റ്റിമേറ്റ് തുകയും തീരുമാനിക്കും.

ഈ വിവരങ്ങള്‍ അപേക്ഷകന് എസ്എംഎസ്സായി ലഭിക്കും. തുക ഓണ്‍ലൈനായി തന്നെ അടയ്ക്കുന്നതിനുള്ള സൗകര്യവും ഇടാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുക ഓണ്‍ലൈന്‍ ആയി അടയ്ക്കുന്നതോടെ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് കണ്‍സ്യൂമര്‍ സര്‍വീസ് സെന്ററുകള്‍ വഴിയോ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ വഴിയോ ഇ- ടാപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കാം.

സെല്‍ഫ് മീറ്റര്‍ റീഡിങ്

വാട്ടര്‍ അതോറിറ്റി ഓഫിസില്‍ ബില്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ത്തന്നെ, ഉപഭോക്താവിന് എസ്എംഎസ് ആയി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് സ്വയം വാട്ടര്‍ മീറ്റര്‍ റീഡിങ് രേഖപ്പെടുത്താന്‍ സാധിക്കുന്ന സംവിധാനമാണ് സെല്‍ഫ് മീറ്റര്‍ റീഡിങ്. ഉപഭോക്താവ് മീറ്റര്‍ റീഡിങ് രേഖപ്പെടുത്തി മീറ്ററിന്റെ ഫോട്ടോ എടുക്കുമ്പോള്‍ തന്നെ മീറ്റര്‍/ കണക്ഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ജിയോ ലൊക്കേഷനും രേഖപ്പെടുത്തും. ഇങ്ങനെ സമര്‍പ്പിക്കുന്ന റീഡിങ് പരിശോധിച്ച്, ഉപഭോക്താവിന് ബില്‍ തുകയും മറ്റു വിവരങ്ങളും എസ്എംഎസ് ആയി നല്‍കും. ബില്‍ തുക ഉപഭോക്താവിന് ഓണ്‍ലൈനായിത്തന്നെ അടയ്ക്കാനും സാധിക്കും.

Next Story

RELATED STORIES

Share it