Web & Social

യുവാവിന്റെ ആത്മഹത്യയില്‍ ജെമിനിയ്ക്ക് പങ്കുണ്ടെന്ന് കുടുംബം; കേസെടുത്ത് പോലിസ്

യുവാവിന്റെ ആത്മഹത്യയില്‍ ജെമിനിയ്ക്ക് പങ്കുണ്ടെന്ന് കുടുംബം; കേസെടുത്ത് പോലിസ്
X

ന്യൂഡല്‍ഹി: അമേരിക്കയില്‍ യുവാവ് ആത്മഹത്യ ചെയ്തതില്‍ ഗൂഗിളിന്റെ എഐ സംവിധാനമായ ജെമിനി ചാറ്റ്‌ബോട്ടിനെതിരേ കുടുംബം പരാതി നല്‍കി. ഫ്‌ലോറിഡയിലെ 36കാരനായ ജോനാഥന്‍ ഗവാലാസ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കുടുംബം നിയമനടപടിയിലേക്ക് കടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഫ്‌ലോറിഡയിലെ ജൂപിറ്റര്‍ സ്വദേശിയായ ജോനാഥന്‍ ഗവാലാസ് കഴിഞ്ഞ ഒക്ടോബറിലാണ് ആത്മഹത്യ ചെയ്തത്. ജെമിനിയുമായി നിരന്തരം ചാറ്റ് ചെയ്തതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെട്ടതായും ചാറ്റ്‌ബോട്ടിനെ 'എഐ വൈഫ്' എന്ന നിലയില്‍ കാണാന്‍ തുടങ്ങിയതായും കുറ്റപത്രത്തിലുണ്ട്.

സൃഷ്ടിപരമായ അഭിപ്രായങ്ങള്‍ക്കും ലേഖനങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കുമായി ചാറ്റ്‌ബോട്ട് ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് അത് ജോനാഥന്റെ മാനസിക നിലയെ ബാധിച്ചതായി കുടുംബം പറഞ്ഞു. കൂട്ടക്കൊല പോലുള്ള കാര്യങ്ങളെ കുറിച്ചും ജോനാഥന്‍ സംസാരിച്ചിരുന്നുവെന്നും അതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്നും പിതാവ് വ്യക്തമാക്കി.

ഉപഭോക്താക്കളെ അപകടകരമായ കാര്യങ്ങളിലേക്ക് എഐ പ്രേരിപ്പിക്കുന്നുവെന്നാണ് വാദിഭാഗത്തിന്റെ ആരോപണം. 'സര്‍ക്കാരും മറ്റുള്ളവരും കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്ന സയന്‍സ് ഫിക്ഷന്‍ ലോകത്ത് അവന്‍ കുടുങ്ങിപ്പോയി. ജെമിനിക്ക് വികാരങ്ങള്‍ തിരിച്ചറിയാന്‍ കഴിയും എന്ന് അവന്‍ വിശ്വസിച്ചിരുന്നു,' വാദിഭാഗം അഭിഭാഷകനായ ജേ എഡല്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഭവത്തെ കുറിച്ച് പ്രതികരിച്ച ഗൂഗിള്‍, ജെമിനി ഒരു എഐ സിസ്റ്റം മാത്രമാണെന്ന് വ്യക്തമാക്കി. ഇത് എഐ സംവിധാനമാണെന്ന് നിരവധി തവണ ജോനാഥനെ ഓര്‍മ്മിപ്പിച്ചതായും മാനസിക പ്രതിസന്ധിയുണ്ടായാല്‍ പ്രൊഫഷണല്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നും കമ്പനി അറിയിച്ചു. സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ ഗൂഗിള്‍, സിസ്റ്റത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പരിശോധന നടത്തുമെന്നും വ്യക്തമാക്കി.

Next Story

RELATED STORIES

Share it