Science

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ് വിക്ഷേപിച്ചു

ആരിയാനെ 5 റോക്കറ്റാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പിനെ ബഹിരാകാശത്ത് എത്തിച്ചത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഫ്രഞ്ച് ഗയാന കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഭ്രമണപഥത്തിലെത്താന്‍ ഒരു മാസമെടുക്കും.

ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ് വിക്ഷേപിച്ചു
X

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്‌കോപ്പായ ജെയിംസ് വെബ് ടെലിസ്‌കോപ് വിജകരമായി വിക്ഷേപിച്ചു. ആരിയാനെ 5 റോക്കറ്റാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പിനെ ബഹിരാകാശത്ത് എത്തിച്ചത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഫ്രഞ്ച് ഗയാന കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഭ്രമണപഥത്തിലെത്താന്‍ ഒരു മാസമെടുക്കും.

1350 കോടി വര്‍ഷം മുമ്പുള്ള പ്രപഞ്ച ഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക, തമോഗര്‍ത്തങ്ങളുടെ സമഗ്ര നിരീക്ഷണം, മറ്റു ഗ്രഹങ്ങളിലെയും പുറംഗ്രഹങ്ങളിലെയും കാലാവസ്ഥ, ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത എന്നിവ അന്വേഷിക്കുക, നെപ്റ്റിയൂണ്‍, യുറാനസ് ഗ്രഹങ്ങളെപ്പറ്റി ആഴത്തിലുള്ള പഠനം എന്നിവയാണു ലക്ഷ്യങ്ങള്‍. പത്ത് വര്‍ഷമാണ് കാലാവധി. 31 വര്‍ഷം ലോകത്തിന് പ്രപഞ്ചരഹസ്യങ്ങള്‍ സമ്മാനിച്ച് വിടപറഞ്ഞ ഹബിള്‍ സ്‌പേസ് ടെലസ്‌കോപിന്റെ പിന്‍ഗാമിയാണിത്.

നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും കനേഡിയന്‍ സ്‌പേസ് ഏജന്‍സിയും സംയുക്തമായി തയ്യാറാക്കിയ ടെലസ്‌കോപിന് പത്ത് ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ആകെ ചെലവ്. ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പം വരും.

ഹബിളിനെക്കാള്‍ നൂറിരട്ടി നിരീക്ഷണ ശേഷിയുണ്ട് ജയിംസ് വെബിന്. പ്രപഞ്ചത്തിന്റെ തുടക്കകാലം വെളിപ്പെടുത്തുക എന്നതാണ് പ്രധാന ദൗത്യം. പതിമൂന്നര ബില്യണ്‍ വര്‍ഷം പിന്നിലേക്കാണ് നോക്കേണ്ടത്. അടുത്ത പതിറ്റാണ്ട് കാലം സൗരയൂഥത്തിലെ ഒരോ ചെറുചലനവും വിടാതെ ഒപ്പിയെടുക്കണം.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍2 ഭ്രമണപഥത്തിലാകും ടെലിസ്‌കോപ് സ്ഥിതി ചെയ്യുക. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ ഏകദേശം നാല് മടങ്ങ് അകലത്തിലാണിത്. ഹബ്ബിള്‍ ടെലിസ്‌കോപ് സ്ഥിതി ചെയ്തിരുന്നത് ഭൂമിയില്‍ നിന്ന് വെറും 570 കിലോമീറ്റര്‍ മാത്രം ദൂരെയാണ്.

രണ്ട് കണ്ണാടികള്‍ ടെലിസ്‌കോപ്പിലുണ്ട്. വലിപ്പമുള്ള പ്രൈമറി കണ്ണാടി ബഹിരാകാശത്തു സഞ്ചരിക്കുന്ന ഇന്‍ഫ്രാറെഡ് കിരണങ്ങളെ ഒരു ചെറിയ കണ്ണാടിയിലേക്ക് (സെക്കന്‍ഡറി മിറര്‍) കേന്ദ്രീകരിക്കും. ഇതിനെ അപഗ്രഥിച്ച് ടെലിസ്‌കോപ്പിലെ ഉപകരണങ്ങള്‍ ചിത്രങ്ങളെടുക്കും. ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലുപ്പമുള്ള മറ ടെലിസ്‌കോപ്പിനെ സൂര്യ പ്രകാശത്തില്‍ നിന്നു സംരക്ഷിക്കും.

Next Story

RELATED STORIES

Share it