Science

ചൂടും സ്പര്‍ശവും എങ്ങനെ തിരിച്ചറിയാം ?; രഹസ്യത്തിന്റെ ചുരുളഴിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍

. ചൂടും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികളെ (റിസെപ്റ്ററുകള്‍) ക്കുറിച്ചുള്ള പഠനം നടത്തിയ ബയോകെമിസ്റ്റായ ഡേവിഡ് ജൂലിയസ്, ആര്‍ഡേം പാറ്റാപോഷിയാന്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. 10 ലക്ഷം ഡോളര്‍ (7.2 കോടി രൂപ) സമ്മാനത്തുക ഇരുവര്‍ക്കുമായി ലഭിക്കും.

ചൂടും സ്പര്‍ശവും എങ്ങനെ തിരിച്ചറിയാം ?; രഹസ്യത്തിന്റെ ചുരുളഴിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍
X

സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ നോബേല്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്ക് തുടക്കമായി. മനുഷ്യശരീരത്തില്‍ ചൂടും സ്പര്‍ശവും എങ്ങനെ തിരിച്ചറിയാമെന്നതിന്റെ രഹസ്യം കണ്ടെത്തിയ അമേരിക്കന്‍ ശാസ്ത്രജ്ഞരാണ് 2021 ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ടത്. ചൂടും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികളെ (റിസെപ്റ്ററുകള്‍) ക്കുറിച്ചുള്ള പഠനം നടത്തിയ ബയോകെമിസ്റ്റായ ഡേവിഡ് ജൂലിയസ്, ആര്‍ഡേം പാറ്റാപോഷിയാന്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. 10 ലക്ഷം ഡോളര്‍ (7.2 കോടി രൂപ) സമ്മാനത്തുക ഇരുവര്‍ക്കുമായി ലഭിക്കും. ചൂടും, തണുപ്പും, സ്പര്‍ശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മള്‍ മനസ്സിലാക്കുന്നത്.

എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പര്‍ശനവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കുന്നതെന്ന് പുരസ്‌കാര സമിതി അറിയിച്ചു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ഈ സംവേദനങ്ങള്‍ നിസ്സാരമായാണ് കാണുന്നത്. സ്പര്‍ശവും വേദനയും ചൂടുമൊക്കെ ഏല്‍ക്കുമ്പോള്‍, നമ്മുടെ ശരീരം അത്തരം ഭൗതികസംവേദനങ്ങളെ എങ്ങനെ വൈദ്യുതസ്പന്ദനങ്ങളായി സിരാവ്യൂഹത്തില്‍ എത്തിക്കുന്നു എന്ന സുപ്രധാന കണ്ടെത്തലാണ് ഇരുവരും നടത്തിയത്. വേദന നിവാരണം ചെയ്യാന്‍ പുതിയ വഴി കണ്ടെത്താന്‍ സഹായിക്കുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തപ്പെടുന്നു. 'സുപ്രധാനവും വലിയ മാനങ്ങളുള്ളതുമായ കണ്ടെത്തലാണിത്' നൊബേല്‍ പുരസ്‌കാര കമ്മിറ്റിയിലെ തോമസ് പേള്‍മാന്‍ പറഞ്ഞു.

ന്യൂയോര്‍ക്കില്‍ 1955 ല്‍ ജനിച്ച ജൂലിയസ്, ബെര്‍ക്ക്‌ലിയിലെ കാലഫോര്‍ണിയ സര്‍വകലാശാലയില്‍നിന്നാണ് പിഎച്ച്ഡി നേടിയത്. നിലവില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറാണ്. 1967 ല്‍ ലബനണിലെ ബെയ്‌റൂട്ടില്‍ ജനിച്ച പാറ്റാപോഷിയാന്‍, അമേരിക്കയില്‍ പസദേനയിലെ കാലഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നാണ് പിഎച്ച്ഡി നേടിയത്.

നിലവില്‍ കാലഫോര്‍ണിയയിലെ ലാ ഹോലയിലെ സ്‌ക്രിപ്പ്‌സ് റിസര്‍ച്ചില്‍ പ്രഫസറാണ്. കഴിഞ്ഞതവണ ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയ മൂന്ന് വൈറോളജിസ്റ്റുകള്‍ക്കാണ് ഇതേ മേഖലയില്‍ പുരസ്‌കാരം ലഭിച്ചത്. ഭൗതികശാസ്ത്ര നോബേല്‍ നാളെ വൈകുന്നേരം 3.15നായിരിക്കും പ്രഖ്യാപിക്കുക. ഒക്ടോബര്‍ ആറിന് വൈകീട്ട് നാലരയ്ക്കായിരിക്കും രസതന്ത്ര നോബേല്‍ പ്രഖ്യാപനം. ഒക്ടോബര്‍ ഏഴിന് സാഹിത്യ നോബേലും, ഒക്ടോബര്‍ 8ന് സമാധാന നോബേലും ഒക്ടോബര്‍ 11ന് സാമ്പത്തിക ശാസ്ത്ര നോബേലും പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it