Sub Lead

ഗസ വെടിനിര്‍ത്തല്‍: ഇസ്രായേല്‍ ആദ്യഘട്ടത്തില്‍ വിട്ടയക്കുന്നവരില്‍ സക്കറിയ സുബൈദിയും

ഗസ വെടിനിര്‍ത്തല്‍: ഇസ്രായേല്‍ ആദ്യഘട്ടത്തില്‍ വിട്ടയക്കുന്നവരില്‍ സക്കറിയ സുബൈദിയും
X

റാമല്ലാ: ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍ ഇസ്രായേല്‍ വിട്ടയക്കുന്നവരില്‍ പ്രമുഖരായ നിരവധി ഫലസ്തീനി നേതാക്കളുമുണ്ടെന്ന് റിപോര്‍ട്ട്. ഫലസ്തീന്‍ നാഷണല്‍ ലിബറേഷന്‍ മൂവ്‌മെന്റിന്റെ (ഫതഹ്) സായുധവിഭാഗമായ അല്‍ അഖ്‌സ രക്തസാക്ഷി ബ്രിഗേഡിന്റെ കമാന്‍ഡറായിരുന്ന സക്കറിയ സുബൈദി പട്ടികയില്‍ ഉള്‍പ്പെടുന്നതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

2019 മേയില്‍ ഇസ്രായേലി സൈന്യം അറസ്റ്റ് ചെയ്ത ഇയാള്‍ അടങ്ങിയ ആറംഗ സംഘം 2021 സെപ്റ്റംബര്‍ 21ന് ഗില്‍ബോയ ജയിലില്‍ തുരങ്കം നിര്‍മിച്ച് രക്ഷപ്പെട്ടു. അഞ്ച് ദിവസത്തിന് ശേഷം പിടികൂടി. അന്നുമുതല്‍ ജയിലിലാണ്.

ഖാലിദ ജരാര്‍: പിഎഫ്എല്‍പി സംഘടനയുടെ നേതാവാണ് ഇവര്‍. കഴിഞ്ഞ ഏതാനും മാസമായി ഇവര്‍ ഏകാന്തതടവിലാണ്.


അഷ്‌റഫ് സുഗായെര്‍: 2002ല്‍ തെല്‍അവീവിലെ അല്ലെന്‍ബി തെരുവില്‍ നടന്ന പോരാട്ടത്തെ സഹായിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. ഈ ആക്രമണത്തില്‍ ആറു ജൂത കുടിയേറ്റക്കാര്‍ മരിച്ചു. 84 പേര്‍ക്ക് പരിക്കേറ്റു.

അഹമദ് ബര്‍ഘൗതി: ഫതഹിന്റെ സായുധവിഭാഗത്തിന്റെ പ്രവര്‍ത്തകന്‍. 2016ല്‍ 12 ജൂത കുടിയേറ്റക്കാരെ കൊലപ്പെടുത്തിയെന്ന് ആരോപണം. ഇസ്രായേലിലെ കോടതി 13 ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ഇയാദ് ജരദാത്: ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ നേതാവ്. 2021ല്‍ സക്കറിയക്കൊപ്പം ഗില്‍ബോയ ജയില്‍ ചാടി. പിന്നീട് മറ്റൊരു പോരാട്ടത്തില്‍ ഇസ്രായേല്‍ സൈന്യം പിടികൂടി.

ബിലാല്‍ അബു ഘാനെം: 2015ല്‍ ജറുസലേമില്‍ വെടിവെയ്പ് നടത്തിയെന്ന് ആരോപണം. സംഭവത്തില്‍ മൂന്നു ജൂത കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു.

അഷ്‌റഫ് അബു സ്രൗര്‍: ഫലസ്തീനിയന്‍ അതോറിറ്റി സൈനികന്‍. 2002ല്‍ ഒരു ഇസ്രായേലി സൈനികനെ കൊലപ്പെടുത്തിയെന്ന് ആരോപണം.

വഈല്‍ ഖാസിം, വിസാം അബ്ബാസി: ഹമാസിന്റെ സില്‍വാന്‍ സെല്ലിന്റെ നേതാക്കള്‍ എന്ന് ഇസ്രായേല്‍.

അക്രം ഹമീദ്: അല്‍ അഖ്‌സ ബ്രിഗേഡിന്റെ പ്രമുഖ നേതാവ്. 2002-2004 കാലയളവില്‍ നിരവധി വെടിവെയ്പുകള്‍ ആസുത്രണം ചെയ്‌തെന്ന് ആരോപണം.

താബത്ത് മര്‍ദാവി: ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദിന്റെ നേതാവ്

മുഹമ്മദ് ഖര്‍ബൗഷ്: തുല്‍കാം ക്യാംപിലെ അല്‍ഖസം ബ്രിഗേഡിന്റെ നേതാവ്

വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടത്തില്‍ 1,904 ഫലസ്തീനികളെയാണ് ഇസ്രായേല്‍ സര്‍ക്കാര്‍ വിട്ടയക്കുക. ഇതില്‍ 1,167 പേര്‍ ഗസയില്‍ നിന്നുള്ളവരാണ്. ഇതില്‍ 296 പേരെ ദീര്‍ഘകാലം തടവിനാണ് ശിക്ഷിച്ചിരിക്കുന്നതെന്ന് തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫലസ്തീനിയന്‍ അതോറിറ്റി വകുപ്പിന്റെ മേധാവിയായ ഖാദുറ ഫാരെസ് പറഞ്ഞു. ഇസ്രായേല്‍ തട്ടിക്കൊണ്ടുപോയ ഹിസ്ബുല്ല പ്രവര്‍ത്തകരെ രണ്ടാം ഘട്ടത്തിലായിരിക്കും മോചിപ്പിക്കുക.

Next Story

RELATED STORIES

Share it