Sub Lead

സൈനിക ഹെലികോപ്റ്റര്‍ അപകടത്തിന്റെ പേരില്‍ വിവാദ ട്വീറ്റ്; തമിഴ് യൂ ട്യൂബര്‍ മാരീദാസ് അറസ്റ്റില്‍

സൈനിക ഹെലികോപ്റ്റര്‍ അപകടത്തിന്റെ പേരില്‍ വിവാദ ട്വീറ്റ്; തമിഴ് യൂ ട്യൂബര്‍ മാരീദാസ് അറസ്റ്റില്‍
X

ചെന്നൈ: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെടാനിടയായ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത തമിഴ് യൂ ട്യൂബര്‍ മാരീദാസിനെ അറസ്റ്റുചെയ്തു. ഡിഎംകെ ഭരണത്തിന് കീഴില്‍ തമിഴ്‌നാട് മറ്റൊരു കശ്മീരായി മാറുകയാണെന്ന മാരീദാസിന്റെ ട്വീറ്റാണ് വിവാദമായത്. രാജ്യത്തോട് കൂറുപുലര്‍ത്താത്ത ആളുകള്‍ ഒത്തുചേരുമ്പോള്‍ ഇവിടെ (തമിഴ്‌നാട്ടില്‍) ഏതുതരത്തിലുള്ള ഗൂഢാലോചനയും സാധ്യമാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചിരുന്നു. മാരീദാസ് വിവാദ ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തമിഴ്‌നാട്ടിലെ മധുര നഗരത്തില്‍നിന്ന് സൈബര്‍ ക്രൈം പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ദി ന്യൂസ് മിനിറ്റ് റിപോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 505(2) (അപകടമുണ്ടാക്കുന്ന, അസഹിഷ്ണുത സൃഷ്ടിക്കാനുള്ള തെറ്റായ ഉദ്ദേശ്യത്തോടെയുള്ള പ്രസ്താവനകള്‍), 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് മരിദാസിനെതിരേ കേസെടുത്തിരിക്കുന്നതെന്ന് മധുര പോലിസിനെ ഉദ്ധരിച്ച് റിപോര്‍ട്ട് പറയുന്നു. ഹെലികോപ്റ്റര്‍ അപകടവുമായി ബന്ധപ്പെട്ട് മാരീദാസിന്റെ മറ്റൊരു ട്വീറ്റും ഇപ്പോള്‍ ലഭ്യമാണ്. അതില്‍ ഡിഎംകെയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഒരു സൈനിക കമാന്‍ഡര്‍ അപകടത്തില്‍ മരിച്ചതിനെ പരിഹസിച്ച് നിരവധി ഡിഎംകെ അനുഭാവികള്‍ ഇമോജികള്‍ പോസ്റ്റ് ചെയ്യുന്നത് കാണാം. എല്ലാ സമയത്തും അവര്‍ ഇത് ചെയ്യുന്നു.

സായുധശക്തികള്‍ക്ക് ഡിഎംകെ തിരഞ്ഞെടുക്കലാണ് ഏറ്റവും മികച്ചത് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്- എന്ന് മാരീദാസ് കുറിച്ചു. അതേസമയം, മാരീദാസിനെ കസ്റ്റഡിയിലെടുക്കുന്നതിനെതിരേ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. കെ പുദൂരിലെ സൂര്യ നഗറിലുള്ള വീട്ടിലെത്തിയാണ് മധുര പോലിസ് മാരീദാസിനെ ചോദ്യംചെയ്തത്. അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലിസിനെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് പോലിസ് അദ്ദേഹത്തെ കെ പുദൂര്‍ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെയും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തമ്പടിച്ചു. ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ടി കെ രാജശേഖരന്‍, തങ്കദുരൈ എന്നിവര്‍ സ്ഥലത്തെത്തിയാണ് സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്.

Next Story

RELATED STORIES

Share it