Sub Lead

അധികാരത്തിന് വേണ്ടി ഇത്ര ആർത്തി കാണിക്കരുത്; കെവി തോമസിനോട് യൂത്ത് കോൺഗ്രസ്

രാജ്യസഭാ സീറ്റിനായി സമ്മർദം ശക്തമാക്കിയ കെവി തോമസ് ഇന്ന് എഐസിസി ആസ്ഥാനത്തെത്തി താരീഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അധികാരത്തിന് വേണ്ടി ഇത്ര ആർത്തി കാണിക്കരുത്; കെവി തോമസിനോട് യൂത്ത് കോൺഗ്രസ്
X

കോഴിക്കോട്: രാജ്യസഭാ സീറ്റിനായി സമ്മർദം ശക്തമാക്കിയ കോൺഗ്രസ് നേതാവ് കെവി തോമസിനെതിരേ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ. അധികാരത്തിന് വേണ്ടി ഇത്ര ആർത്തി കാണിക്കരുതെന്നാണ് റിജിൽ കെവി തോമസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

"കെ വി തോമസ്, വി എം സുധീരൻ എടുത്ത നിലപാട് സ്വീകരിക്കണം. അവസരങ്ങൾ കിട്ടാതവർക്ക് വേണ്ടി അവസരങ്ങൾ ലഭിച്ചവർ മാറിനിൽക്കണം. അധികാരത്തിന് വേണ്ടി ഇത്ര ആർത്തി കാണിക്കരുത്."-റിജിൽ പറഞ്ഞു.

രാജ്യസഭാ സീറ്റിനായി സമ്മർദം ശക്തമാക്കിയ കെവി തോമസ് ഇന്ന് എഐസിസി ആസ്ഥാനത്തെത്തി താരീഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു പദവിക്കും ആരും അയോഗ്യരല്ല. താരീഖ് അൻവറുമായി സൗഹാർദപരമായ കൂടിക്കാഴ്ച്ചയാണ് നടന്നത്. രാജ്യസഭാ സീറ്റ് സംബന്ധിച്ച് കെപിസിസി നേതൃത്വത്തോട് ചോദിക്കണമെന്നും കെവി തോമസ് പറഞ്ഞിരുന്നു.

രാജ്യസഭയിലേക്ക് എത്താൻ മുതിർന്ന നേതാക്കളുടെ കൂടാതെ യുവാക്കളുടെ പേരുകളും പാർട്ടിയിൽ ഉയർന്നു കേൾക്കുന്നുണ്ട്. കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം എം ഹസൻ എന്നിവരുടെ പേരുകൾ മുൻപന്തിയിലുണ്ട്.

കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മാർച്ച് 31ന് നടക്കും. അസം, ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, കേരളം, ത്രിപുര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിൽ മൂന്ന് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. എ കെ ആന്റണി, കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധി ഏപ്രിലിൽ പൂർത്തിയാകുന്നതിനാലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

മാർച്ച് 14 ന് വിജ്ഞാപനം പുറത്തിറക്കും. മാർച്ച് 21നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. മാർച്ച് 22ന് സൂക്ഷമ പരിശോധന പൂർത്തിയാക്കി 31ന് വോട്ടെടുപ്പ് നടത്തും. മാർച്ച് 24 വരെ പത്രിക പിൻവലിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. വോട്ടെണ്ണൽ 31ന് വൈകിട്ട് തന്നെ നടക്കും.

Next Story

RELATED STORIES

Share it