യോഗി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഭയക്കുന്നു: കണ്ണന്‍ ഗോപിനാഥന്‍

മറ്റന്നാള്‍ മോദിയുടെ മണ്ഡലമായ വാരാണസിയിലേക്ക് പോകുകയാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

യോഗി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഭയക്കുന്നു: കണ്ണന്‍ ഗോപിനാഥന്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ അലഹബാദില്‍ എത്തിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ യുപി പോലിസ് കസ്റ്റഡിയില്‍ എടുത്ത് ഡല്‍ഹിയിലേക്ക് മടക്കി അയച്ചു. അലഹബാദ് എയര്‍പോര്‍ട്ടില്‍ എത്തിയ ഉടന്‍ യുപി പോലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതിരുന്ന തന്നെ ഡല്‍ഹിയിലേക്ക് തന്നെ മടക്കി അയക്കുകയായിരുന്നെന്ന് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

യോഗി ആദിത്യനാഥ് ആവിശ്കാര സ്വാതന്ത്രത്തെ ഭയപ്പെടുകയാണെന്നും യുപിയിലേക്ക് വീണ്ടും എത്തുമെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ സ്വതന്ത്ര ബനാന റിപ്പബ്ലിക്ക് എല്ലായ്‌പ്പോഴും ഡല്‍ഹിയിലേക്കുള്ള സൗജന്യ യാത്ര ഒരുക്കുകയാണെന്നും അടുത്ത തവണ വരുമ്പോള്‍ വിന്‍ഡോ സീറ്റ് വേണമെന്നും കണ്ണന്‍ ഗോപിനാഥന്‍ പരിഹസിച്ചു.

മറ്റന്നാള്‍ മോദിയുടെ മണ്ഡലമായ വാരാണസിയിലേക്ക് പോകുകയാണെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു. 'പ്രിയപ്പെട്ട നരേന്ദ്രമോദി, ജനാധിപത്യത്തില്‍ സംവാദം ആവശ്യമാണെന്ന് താങ്കള്‍ പറഞ്ഞതനുസരിച്ചത് മറ്റന്നാള്‍ താങ്കളുടെ മണ്ഡലമായ വാരാണസിയിലേക്ക് പോകുകയാണ്. യോഗി ആഥിത്യനാഥ് താങ്കളുടെ ആഹ്വാനം ഉള്‍ക്കൊണ്ടതായി എനിക്ക് തോന്നുന്നില്ല. സംവാദം വേണമെന്നുള്ള താങ്കളുടെ ട്വീറ്റില്‍ യോഗിയെ കൂടി ടാഗ് ചെയ്യണം'. കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

തന്നെ പോലിസ് തടഞ്ഞുവെച്ച കാര്യം കണ്ണന്‍ ഗോപിനാഥന്‍ തന്നേയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്. ഉച്ചതിരിഞ്ഞ് രണ്ടിനാണ് ഉത്തര്‍പ്രദേശ് പോലിസ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തത്.

ആഴ്ച്ചകള്‍ക്ക് മുമ്പും ഉത്തര്‍പ്രദേശ് പോലിസ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു. ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ആഗ്രയ്ക്ക് സമീപം കണ്ണന്‍ ഗോപിനാഥനെ തടഞ്ഞുവച്ച യുപി പോലിസ് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. വ്യക്തിഗത ബോണ്ടിലായിരുന്നു അന്ന് മോചനം. എട്ടു മണിക്കൂറോളം തടങ്കലിലായിരുന്ന ഗോപിനാഥനെ മോചിപ്പിച്ച ശേഷം പോലിസ് അകമ്പടിയില്‍ യുപി അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി.

RELATED STORIES

Share it
Top