Sub Lead

ഗസയെ ആക്രമിക്കുകയാണെങ്കില്‍ ഇസ്രായേലിനെ ആക്രമിക്കും: ഹൂത്തികള്‍

ഗസയെ ആക്രമിക്കുകയാണെങ്കില്‍ ഇസ്രായേലിനെ ആക്രമിക്കും: ഹൂത്തികള്‍
X

സന്‍ആ: ഗസയില്‍ ആക്രമണം നടത്തുകയാണെങ്കില്‍ ഇസ്രായേലിനെ ആക്രമിക്കുമെന്ന് യെമനിലെ ഹൂത്തികള്‍. ''ഞങ്ങളുടെ കൈകള്‍ ട്രിഗറിലാണ്. ഏതു സമയത്തും സൈനിക ഇടപെടല്‍ നടത്താന്‍ യെമന്‍ തയ്യാറാണ്.'' -ഹൂത്തികളുടെ പരമോന്നത നേതാവായ അബ്ദുല്‍ മാലിക് അല്‍ഹൂത്തി പറഞ്ഞു. 2015 ഫെബ്രുവരി 11ന് യുഎസ് മറീനുകള്‍ സന്‍ആയില്‍ നിന്നും പിന്‍മാറിയതിന്റെ വാര്‍ഷികത്തില്‍ നടത്തിയ പ്രസംഗത്തിലാണ് അബ്ദുല്‍ മാലിക് അല്‍ഹൂത്തി ഗസയ്ക്കുള്ള പിന്തുണ ആവര്‍ത്തിച്ചത്.

പശ്ചിമേഷ്യയിലെയും സമീപപ്രദേശങ്ങളിലെയും യുഎസ് ഇടപെടലുകള്‍ നശീകരണ സ്വഭാവമുള്ളതാണെന്ന് അല്‍ ഹൂത്തി പറഞ്ഞു. അറബ്-ഇസ്‌ലാമിക രാജ്യങ്ങളെ അമേരിക്ക അത്യാഗ്രഹത്തോടെയും നീരസത്തോടെയുമാണ് കൈകാര്യം ചെയ്യുന്നത്. മറ്റുരാജ്യങ്ങളെയും അങ്ങിനെതന്നെയാണ് കാണുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍. മറ്റു യുഎസ് പ്രസിഡന്റുമാരെ പോലെ മുഖംമൂടിയിട്ട് നടക്കുന്നയാളല്ല ട്രംപ്.


സന്‍ആയില്‍ ഫലസ്തീന്‍ പോരാട്ടത്തിന് ഐക്യദാര്‍ഡ്യം സ്ഥാപിച്ച് വരച്ച ഗ്രാഫിറ്റി

ചില അറബ് രാജ്യങ്ങളുടെ മണ്ടത്തരത്തില്‍ നിന്ന് അമേരിക്കക്ക് വലിയ പ്രയോജനം ലഭിക്കുന്നുണ്ടെന്നും അല്‍ ഹൂത്തി ചൂണ്ടിക്കാട്ടി. ഏതെങ്കിലും അറബ് രാജ്യത്തോട് യുഎസ് ആക്രമണോല്‍സുകമായ നിലപാട് സ്വീകരിക്കുമ്പോഴെല്ലാം അറബ് ലോകത്തുനിന്ന് പലപ്പോഴും യുഎസിന് പിന്തുണ ലഭിക്കാറുണ്ട്. അറബ് രാജ്യങ്ങള്‍ക്ക് യുഎസിനെ വെല്ലുവിളിക്കാനും അതിന്റെ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രരാകാനുമുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. അറബ് ഐക്യത്തിന് യുഎസിനെ പരാജയപ്പെടുത്താന്‍ കഴിയും. സൗദിയിലെ മക്കയിലും മദീനയിലും ആധിപത്യം സ്ഥാപിക്കുന്നത് സയണിസ്റ്റ് പദ്ധതിയുടെ ഭാഗമാണെന്നും അത് ഘട്ടം ഘട്ടമായി കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്നും അബ്ദുല്‍ മാലിക് അല്‍ ഹൂത്തി ചൂണ്ടിക്കാട്ടി.



യുഎസ് മറീനുകള്‍ സന്‍ആ വിട്ടതിന്റെ വാര്‍ഷികത്തില്‍ നടന്ന പ്രകടനം

Next Story

RELATED STORIES

Share it