Sub Lead

കണ്ണൂരില്‍ നാളെ യെല്ലോ അലേര്‍ട്ട്; തലശ്ശേരി താലൂക്കില്‍ 55 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂരില്‍ നാളെ യെല്ലോ അലേര്‍ട്ട്; തലശ്ശേരി താലൂക്കില്‍ 55 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
X

കണ്ണൂര്‍: മഴക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി. ഇതേത്തുടര്‍ന്ന് നിരവധി പേരെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ജില്ലയില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തലശ്ശേരി താലൂക്കില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 55 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 50 കുടുംബങ്ങളെ താല്‍ക്കാലിക ക്യാംപുകളിലേക്കും അഞ്ചു കുടുംബങ്ങളെ ബന്ധുവീടുകളിലേക്കുമാണ് മാറ്റിയത്. കോടിയേരി വില്ലേജിലെ പെട്ടിപ്പാലം കോളനിയിലും തിരുവങ്ങാട് വില്ലേജിലെ കടലോര മേഖലയിലും കടല്‍ക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് 44 കുടുംബങ്ങളില്‍ നിന്നായി 152 പേരെ തിരുവങ്ങാട് മുബാറക് ഹൈസ്‌കൂളിലേക്കും ന്യൂമാഹി ഭാഗത്തു നിന്നുള്ള അഞ്ചു കുടുംബങ്ങളെ (18 പേര്‍) പുന്നോല്‍ മാപ്പിള സ്‌കൂളിലേക്കും മാറ്റിയതായി തഹസില്‍ദാര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് തലശ്ശേരി കുണ്ടുചിറ അണക്കെട്ടില്‍ വെള്ളം നിറഞ്ഞൊഴുകിയതിനാല്‍ കതിരൂരില്‍ അഞ്ചു കുടുംബങ്ങളെ താല്‍കാലികമായി മാറ്റിപ്പാര്‍പ്പിച്ചു. നാല് കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും ഒരു കുടുംബത്തെ പൊന്ന്യം വെസ്റ്റ് എല്‍ പി സ്‌കൂളിലേക്കുമാണ് മാറ്റിയത്.


കനത്ത മഴയില്‍ കൂത്തുപറമ്പ് നിര്‍മലഗിരിയില്‍ ആശാരിപ്പറമ്പ് വീട്ടില്‍ ശ്യാമളയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. ധര്‍മ്മടം, കതിരൂര്‍, കോടിയേരി, പാനൂര്‍, പെരിങ്ങളം, തൃപ്രങ്ങോട്ടൂര്‍, ബേക്കളം, ചെറുവാഞ്ചേരി പ്രദേശങ്ങളിലെ എട്ടു വീടുകള്‍ക്ക് ഭാഗികമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. തിരുവങ്ങാട് ഫിഷര്‍മാന്‍ കോളനിയിലെ പ്രദീപിന്റെ വീട്ടില്‍ മരം പൊട്ടി വീണതിനെ തുടര്‍ന്ന് കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ഇരിട്ടി താലൂക്കിലെ മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ശനിയാഴ്ച ഒരു വീടും ഞായറാഴ്ച രണ്ട് വീടുകളുമാണ് ഭാഗികമായി തകര്‍ന്നത്. ഇരിട്ടി തന്തോട് ചാവറയില്‍ അയല്‍വാസിയുടെ മതില്‍ ഇടിഞ്ഞു വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു. ചാവറയിലെ ആലിലക്കുഴിയില്‍ ജോസിന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അയല്‍വാസിയുടെ പതിനെട്ട് അടിയോളം ഉയത്തില്‍ കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ മതില്‍ തകര്‍ന്നു വീഴുകയായിരുന്നു. മതില്‍ തകര്‍ന്ന് വീണ് ജോസിന്റെ വീടിന്റെ കാര്‍പോര്‍ച്ച് ഭാഗികമായി തകര്‍ന്നു. കൂറ്റന്‍ കരിങ്കല്ലുകള്‍ പതിച്ച് രണ്ട് കിടപ്പുമുറികളുടെ ഭിത്തികള്‍ വിണ്ടുകീറി തകര്‍ച്ചാഭീഷണിയിലാണ്. സംഭവ സ്ഥലം നിയുക്ത എംഎല്‍എ സണ്ണി ജോസഫ്, പായം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി, പഞ്ചായത്തംഗം പി പി കുഞ്ഞുഞ്ഞ്, മുന്‍ ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ് എന്നിവര്‍ സന്ദര്‍ശിച്ചു. പായം പഞ്ചായത്തില്‍ കുന്നോത്ത് കെഎസ്ഇബി സബ് സ്റ്റേഷന് സമീപം മരം കടപുഴകി വീണ് മൂര്യന്‍ ഹൗസില്‍ എം കെ ഷാജിയുടെ വീട് തകര്‍ന്നു. ഇരിട്ടി പോലിസ് സ്റ്റേഷന് സമീപം അന്തര്‍ സംസ്ഥാന പാതയില്‍ മരം പൊട്ടിവീണ് ഇലക്ട്രിക്കല്‍ ലൈനുകളും തകര്‍ന്നു.

കണ്ണൂര്‍ താലൂക്കില്‍ കനത്ത കാറ്റിലും മഴയിലും വിവിധ ഇടങ്ങളിലായി വീടുകള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചു. അഴിക്കോട് സൗത്തില്‍ രണ്ട് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. മുഴപ്പിലങ്ങാട് എ കെ വസന്തന്റെ വീട്ടിലെ കിണര്‍ പൂര്‍ണമായും ഇടിഞ്ഞു. പയ്യന്നൂര്‍ താലൂക്കിലെ കാങ്കോല്‍ വില്ലേജില്‍ ജുമാമസ്ജിദിനു സമീപത്തെ മാടമ്പില്ലത്ത് സൈനബയുടെ വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ആളപായമില്ല. കരിവെള്ളൂര്‍ വില്ലേജിലെ പാലത്തറ ചേട്ടിക്കുണ്ടില്‍ കിഴക്കുമ്പാടന്‍ ചന്ദ്രമതിയുടെ കിണര്‍ ഇടിഞ്ഞുവീണു. കോറോം നോര്‍ത്തില്‍ വലിയ വീട്ടില്‍ ഗണേശന്റെ നിര്‍മ്മാണത്തിലുള്ള കിണറും തകര്‍ന്നു. കാങ്കോല്‍ വില്ലേജില്‍ കുണ്ടയം കൊവ്വലില്‍ തൈവളപ്പില്‍ മോഹനന്റെ പശുത്തൊഴുത്തിന്റെ ഒരു ഭാഗം തകര്‍ന്നു.

തളിപ്പറമ്പ് താലൂക്കില്‍ നെടിയെങ്ങയില്‍ ആലോറ മലയില്‍ ക്വാറിയില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ അഞ്ച് വീടുകളില്‍ വെള്ളം കയറി. കുറ്റിയേരി വില്ലേജില്‍ കുണ്ടിലെ പുരയിലെ ആസിയയുടെ വീടിനടുത്തുള്ള കിണര്‍ പൂര്‍ണമായും ഇടിഞ്ഞു.


ഞായറാഴ്ച രാവിലെ കോളയാട് പെരുവ കടല്‍ കണ്ടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് മുകളില്‍ സമീപത്തെ വലിയ മരം മറിഞ്ഞ് വീണ് സര്‍പ്പക്കാവ്, ബാലാലയ പ്രതിഷ്ഠ നടത്തിയ കെട്ടിടം, ഭഗവതി തറ, കിണറിന്റെ ഭിത്തി, ചുറ്റുമതില്‍, എന്നിവ പൂര്‍ണമായും തകര്‍ന്നു. കൂറ്റന്‍ മരമായതിനാല്‍ നാട്ടുകാരോടൊപ്പം പേരാവൂര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫിസിലെ അഗ്‌നിശമന സേനാംഗങ്ങളാണ് മരം ചെയിന്‍ സോ ഉപയോഗിച്ചു മുറിച്ചുനീക്കിയത്. പ്രധാനഷേത്രത്തിന്റെ ഓടുകള്‍ക്കും പലകകള്‍ക്കും വീഴ്ചയില്‍ നാശം സംഭവിച്ചു. കിണറിന്റെ ഭിത്തിയും ചുറ്റുമതിലിന്റ ഒരു ഭാഗവും തകര്‍ന്നു. സ്റ്റേഷന്‍ ഓഫിസര്‍ സി ശശി, സേനാംഗങ്ങളായ ഇ സുധീര്‍, സി എം ജോണ്‍, രാജേഷ് പി കെ, സജി എബ്രഹാം, വൈശാഖ് കെ ഗോപി, വിപിന്‍ വാഴയില്‍, മഹേഷ് എം എസ്, ജോബി അബ്രഹാം, വി എം കിരണ്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത്

അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റ് രൂപപ്പെട്ടതിനാല്‍ ഏര്‍പ്പെടുത്തിയ മല്‍സ്യബന്ധന നിരോധനം തുടരും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മല്‍സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോവരുതെന്നും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.




Next Story

RELATED STORIES

Share it