Sub Lead

കഠ്‌വ സംഭവത്തിന് ഒരുവര്‍ഷം: ഭീതിയൊഴിയാതെ കുടുംബം

'അയല്‍വാസികള്‍ പോലും തങ്ങളോട് സംസാരിക്കുന്നില്ല. തങ്ങളെ നോക്കുന്നു പോലുമില്ല. ജീവിത മാര്‍ഗം കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ്'. പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു.

കഠ്‌വ സംഭവത്തിന് ഒരുവര്‍ഷം:  ഭീതിയൊഴിയാതെ കുടുംബം
X
ന്യൂഡല്‍ഹി: കഠ്‌വയില്‍ എട്ടുവയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും നീതി തേടുകയാണ് കുടുംബം. മകള്‍ നഷ്ടപ്പെട്ട ദുഖത്തില്‍ കഴിയുന്ന കഴിയുന്ന കുടുംബത്തിന് സാമൂഹിക ബഹിഷ്‌കരണത്തിന് ഇരയായി സ്വന്തം ഗ്രാമം വിട്ട് പോകേണ്ടി വന്നു. സംഘപരിവാറിന്റെ ഭീഷണിയും അഭിഭാഷക ദീപിക രജാവതിനെ മാറ്റിയതടക്കം വിവാദങ്ങള്‍ക്കിടയില്‍ കേസുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇരയുടെ കുടുംബം. പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടും ഓരോ ദിവസവും ഭയത്തോടെയാണ് തള്ളി നീക്കുന്നതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. 'അയല്‍വാസികള്‍ പോലും തങ്ങളോട് സംസാരിക്കുന്നില്ല. തങ്ങളെ നോക്കുന്നു പോലുമില്ല. തങ്ങളുടെ സംരക്ഷണത്തിന് വേണ്ടി പോലിസ് നില്‍ക്കുന്നത് മൂലം പ്രദേശ വാസികള്‍ ഭയം മൂലം ഒഴിഞ്ഞു പോകുകയാണ്. ജീവിത മാര്‍ഗം കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ്. അയല്‍വാസികള്‍ തങ്ങള്‍ക്ക് എന്തെങ്കിലും വില്‍ക്കാന്‍ പോലും തയ്യാറാവുന്നില്ല. ഇത് മൂലം അവശ്യ സാധനങ്ങള്‍ പോലും ലഭ്യമാകുന്നില്ല'. പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

കഠ്‌വ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കാംപയിന്‍ നടത്തിയവര്‍ക്കും നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കുമെതിരെ സംഘപരിവാര്‍ ഭീഷണിയും ശക്തമായിരിക്കുകയാണ്. കള്ളക്കേസുകള്‍ ചുമത്തിയും ഭീഷണിപ്പെടുത്തിയും കേസില്‍ നിന്ന് പിന്‍മാറാന്‍ ഇരകളോട് ആവശ്യപ്പെട്ടു. കഠ്‌വ കാംപയിന് നേതൃത്വം നല്‍കിയ താലിബ് ഹുസൈനെതിരേ രണ്ട് ബലാല്‍സംഗ കേസുകള്‍ ചുമത്തി. കേസുകളില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് പ്രതികളുടെ ബന്ധുക്കളും പോലിസും ചേര്‍ന്ന് പ്രതികാര നടപടികള്‍ ആരംഭിച്ചു. പോലിസ് ലോക്കപ്പില്‍ ക്രൂരമായ പീഡനങ്ങള്‍ക്കാണ് താലിബ് ഹുസൈന്‍ ഇരയായത്. പോലിസ് മര്‍ദ്ദനത്തില്‍ തലയൊട്ടി പൊട്ടി താലിബ് ഹുസൈനെ ആശുപത്രിയിലാക്കിയതായി അദ്ദേഹത്തെ അഭിഭാഷകന്‍ ഇന്ദിര ജയ്‌സിങ് പറഞ്ഞു.

2018 ജനുവരി 17നാണ് കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയായ സഞ്ജി റാം, മകന്‍ വിഷാല്‍, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത ബന്ധു, സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ വര്‍മ, ഇവരുടെ സുഹൃത്ത് പര്‍വേഷ് കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇവര്‍ക്കെതിരേ ജില്ലാ സെഷന്‍സ് കോടതി ബലാല്‍സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ ചാര്‍ത്തി വിചാരണ ആരംഭിച്ചു. സംഭവത്തില്‍ എസ്‌ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരേയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു. നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചതിന് പ്രതികളില്‍ നിന്ന് നാല് ലക്ഷം രൂപ കൈകൂലി വാങ്ങിയതിനാണ് പോലിസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്.

ജനുവരി 10നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലിസ് കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ്ജ് ഷീറ്റില്‍ പറയുന്നു. പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ കെട്ടിയിട്ട സംഘം നിരവധി തവണ ക്രൂരമായി ബലാല്‍സംഗം ചെയ്തു. നാല് ദിവസത്തോളം തുടര്‍ച്ചയായി ബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം ജനുവരി 14ന് തലക്ക് കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് മുമ്പ് ഒരിക്കല്‍ കൂടി ബലാല്‍സംഗം ചെയ്തതായി പോലിസ് പറഞ്ഞു.

കഠ്‌വ സംഭവം വാര്‍ത്തയായതോടെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നു. അതേസമയം, പ്രതികളെ സംരക്ഷിക്കാന്‍ ബിജെപി എംപിമാരും രംഗത്തെത്തി. കേസില്‍ 114 സാക്ഷികളെ കോടതിയില്‍ ഹാജരാക്കിയതായി ക്രൈംബ്രാഞ്ച് സീനിയര്‍ ഓഫിസര്‍ മുജ്തബ പറഞ്ഞു. ഇതില്‍ രണ്ട് സാക്ഷികള്‍ കൂറുമാറി മാറിയെങ്കിലും പ്രതികള്‍ക്കെതിരായ തെളിവ് നിരത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിജയിച്ചതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it