Sub Lead

ഡല്‍ഹി ദ്വാരകയില്‍ മസ്ജിദിനു നേരെ ആക്രമണം

ചെയ്തവരെ കാണാനോ തിരിച്ചറിയാനോ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അവര്‍ 'ജയ് ശ്രീ റാം' എന്ന് ആക്രോശിക്കുന്നത് കേട്ടിരുന്നു'-ദ്വാരക മസ്ജിദിലെ മുക്രി മന്നാന്‍ ദി വയറിനോട് പറഞ്ഞു

ഡല്‍ഹി ദ്വാരകയില്‍ മസ്ജിദിനു നേരെ ആക്രമണം
X

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ മേഖലയില്‍ സംഘര്‍ഷത്തിനു അയവുവരുന്നതിനിടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ജനവാസ കേന്ദ്രമായ ദ്വാരക സെക്ടര്‍ 11 ലെ ഒരു മസ്ജിദിനു നേരെ ആക്രമണം. 'ജയ് ശ്രീ റാം' എന്ന് ആക്രോശിച്ചെത്തിയ സംഘം കല്ലെറിഞ്ഞതായി പ്രദേശവാസികളെ ഉദ്ധരിച്ച് ദി വയര്‍ റിപോര്‍ട്ട് ചെയ്തു. ഫെബ്രുവരി 28നു വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. എന്നാല്‍, പള്ളിക്കു നേരെ കല്ലേറുണ്ടായെന്ന അഭ്യൂഹം വ്യാജമാണെന്നു ദ്വാരക ഡിസിപി അറിയിച്ചു. എന്നാല്‍, പള്ളിയുടെ തകര്‍ന്ന ചില്ലുകള്‍ ശരിയാക്കാന്‍ പോലിസ് തന്നെ ഇടപെട്ടതായും അക്രമം വ്യാപിക്കാതിരിക്കാനാണ് പോലിസ് ഇത്തരം അവകാശവാദം ഉന്നയിക്കുന്നതെന്നും സ്ഥലം ദി വയര്‍ ലേഖിക വ്യക്തമാക്കി.

'പുലര്‍ച്ചെ രണ്ടോടെ, പള്ളിയുടെ ടെറസിലെ തന്റെ മുറിയില്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. പള്ളിക്കുള്ളില്‍ എന്തോ വീഴുന്നത് ഞാന്‍ കേട്ടു. ആദ്യം വിചാരിച്ചത് കാറ്റിന്റെ ശബ്ദമാണെന്നാണ്. ഞാനും ഗാര്‍ഡും താഴേയ്ക്ക് ഓടിയെത്തിയപ്പോള്‍ പള്ളിയിലെ പരവതാനിയില്‍ കല്ലുകള്‍ ശ്രദ്ധയില്‍പെട്ടു. ഇത് ചെയ്തവരെ കാണാനോ തിരിച്ചറിയാനോ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അവര്‍ 'ജയ് ശ്രീ റാം' എന്ന് ആക്രോശിക്കുന്നത് കേട്ടിരുന്നു'-ദ്വാരക മസ്ജിദിലെ മുക്രി മന്നാന്‍ ദി വയറിനോട് പറഞ്ഞു.

10-12 കല്ലുകളാണ് എറിഞ്ഞതെന്ന് ഷാജഹാനാബാദ് സൊസൈറ്റി(മുസ്‌ലിം ഭൂരിപക്ഷ ഭവന സമുച്ചയത്തിന്റെ) മാനേജിങ് കമ്മിറ്റി അംഗം ഇംറാന്‍ ഖാനും മസ്ജിദ് സൊസൈറ്റി ട്രസ്റ്റ് കണ്‍വീനര്‍ അബ്‌റാര്‍ അഹമ്മദും പറഞ്ഞു. 'ജനല്‍ച്ചില്ലുകള്‍ വളരെ ശക്തമാണ്. അവ അത്രയെളുപ്പത്തില്‍ തകര്‍ക്കാനാവില്ല. ഇത് ആസൂത്രിത ആക്രമണമാണെന്ന് തോന്നുന്നുവെന്നും അബ്‌റാര്‍ അഹമ്മദ് പറഞ്ഞു. സെക്ടര്‍ 11 മെയിന്‍ റോഡിലെ ഒരു പാതയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് കൂടുതല്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ എസിപി ഉത്തരവിട്ടിട്ടുണ്ട്.

സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പോലിസ് പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ ലക്ഷ്യം പ്രദേശത്തെ സുരക്ഷ ഉറപ്പാക്കുകയാണ്. അതിനാല്‍ കാര്യങ്ങള്‍ വ്യാപിക്കാതിരിക്കാനാണ് ഊന്നല്‍ നല്‍കുന്നത്. ഭീതി പരത്തുക എന്ന ലക്ഷ്യത്തോടെയാണ് പള്ളി ആക്രമിക്കപ്പെട്ടതെന്ന് കരുതുന്നതായി ദ്വാരകയിലെ സെക്ടര്‍ 10 ലെ റസ്‌റ്റോറന്റ് ഉടമ സാദ് മാജിദ് പറഞ്ഞു. 'ദ്വാരകയില്‍ ഇതുപോലൊന്ന് സംഭവിച്ചിട്ടില്ലെന്നും കഴിഞ്ഞ ഒമ്പ് വര്‍ഷമായി ഞാന്‍ ഇവിടെ താമസിക്കുന്നുണ്ടെന്നും പ്രദേശവാസിയായ ഖാന്‍ പറഞ്ഞു. ദ്വാരകയിലെ ജനങ്ങള്‍ക്കായി എല്ലാ വാരാന്ത്യത്തിലും ഞങ്ങള്‍ ഒരു സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി അടുത്തുള്ള ഗുരുദ്വാരയില്‍ നിന്ന് പള്ളിയിലേക്ക് 'നഗര്‍ കീര്‍ത്തന'യെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഗുരുദ്വാരയിലെ പ്രധാന പുരോഹിതന്‍ ഈ വര്‍ഷം അടുത്തുള്ള ഷാജഹാനാബാദ് ഭവന സമുച്ചയത്തില്‍ ഗുരു നാനാക്കിനെക്കുറിച്ച് ഒരു പ്രഭാഷണം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it