Sub Lead

കരുളായി മുതല്‍ വാളാരംകുന്ന് വരെ; സഖാക്കള്‍ സഖാക്കളെ കൊന്നുതീര്‍ക്കുമ്പോള്‍

അടിയന്തരാവസ്ഥയില്‍ നക്സല്‍വേട്ടയിലൂടെ കുപ്രസിദ്ധി നേടിയ കെ കരുണാകരന്‍ ഏറ്റവും വിശ്വസ്തനായി കരുതിയ രമണ്‍ ശ്രീവാസ്തവ എന്ന മുന്‍ ഐപിഎസ് ഓഫീസറെ പോലിസ് ഉപദേഷ്ടാവാക്കാന്‍ മടി കാണിക്കാത്ത ഒരു സര്‍ക്കാർ തണ്ടര്‍ബോള്‍ട്ടിനെയും അതുപോലുള്ള അടിച്ചമര്‍ത്തല്‍ സേനകളെയും ഏറ്റെടുക്കുകയെന്നത് സ്വാഭാവികമായിരുന്നു

കരുളായി മുതല്‍ വാളാരംകുന്ന് വരെ; സഖാക്കള്‍ സഖാക്കളെ കൊന്നുതീര്‍ക്കുമ്പോള്‍
X

കോഴിക്കോട്: കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി അടിയന്തരാവസ്ഥക്കാലത്ത് അതിക്രൂരമായ പോലിസ് മര്‍ദ്ദനം അനുഭവിച്ച ആളാണ്. ക്രിമിനല്‍ കുറ്റം ചെയ്ത് പോലിസ് പിടിച്ചതായിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ പോലിസ് അറസ്റ്റു ചെയ്ത് അതിക്രമത്തിനു വിധേയമാക്കിയതായിരുന്നു. ഇത്തരം ആളുകള്‍ ഭരണം നടത്തുമ്പോള്‍ പോലി സ് അതിക്രമങ്ങൾക്ക് അറുതിയുണ്ടാവും എന്നാരെങ്കിലും ധരിച്ചാല്‍ അതു തെറ്റാവുകയില്ലല്ലോ.

എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് സമീപകാല സംഭവങ്ങള്‍ നമ്മളെ ബോധ്യപ്പെടുത്തുന്നത് കസ്റ്റഡി കൊലകൾ, കസ്റ്റഡി പീഡനങ്ങള്‍, അതു ഭയന്നുള്ള ആത്മഹത്യ അങ്ങനെ പോകുന്നു കാര്യങ്ങള്‍. പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും നയമല്ലാത്ത വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും യുഎപിഎ ചുമത്തലും ഒക്കെ നിര്‍ബാധം നടക്കുന്നു. ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തന്നെ ലഘുലേഖ കയ്യില്‍ വെച്ചതിനും പുസ്തകങ്ങള്‍ സൂക്ഷിച്ചതിനും യുഎപിഎ ചുമത്തി ജയിലിലടക്കപ്പെടുന്നു. പുന്നപ്ര-വയലാര്‍ മുതല്‍ വാളാരംകുന്നു വരെ ഈ പോലിസ് അത്യാചാരങ്ങള്‍ എല്ലാം കമ്യൂണിസ്റ്റുകാര്‍ക്കെതിരെയായിരുന്നു. സമത്വ സുന്ദരലോകം പണിയാന്‍ ആയുധമെടുത്ത പോരാളികള്‍ എന്നു വേണമെങ്കില്‍ പറയാം.

കേരളത്തിലെ പോലിസിനെ ഭരണകൂടത്തിന്റെ മർദ്ദനോപകരണമെന്ന നിലയ്ക്ക് ഏറ്റവും ഭീകരമായി ഉപയോ​ഗിച്ച രാഷ്ട്രീയക്കാരന്‍ കെ കരുണാകരനാണെന്നാണ് പൊതുവെ പറയാറ്. എന്തായാലും കേരളത്തില്‍ നടന്ന പോലിസ് അതിക്രമങ്ങളുടേയും ഉരുട്ടിക്കൊലകളടക്കമുള്ള ഭീകരതകളുടേയും ഇരുണ്ടകാലം കൂടിയായിരുന്നു അക്കാലം. അന്ന് പോലിസ് കസ്റ്റഡിയില്‍ കാണാതായ രാജനും വിജയനും കണ്ണനുമൊക്കെ എന്തു സംഭവിച്ചു എന്ന് ഇന്നും നമുക്കോ നീതിന്യായ സംവിധാനത്തിനോ അറിയില്ല. അവരാരും തിരിച്ചു വന്നിട്ടുമില്ല. അത്യാചാരം നടത്താനും അത് സമര്‍ത്ഥമായി മറച്ചുവെയ്ക്കാനുമുള്ള കേരള പോലിസിന്റെ കഴിവിന്റെ ഉദാഹരണമായി അവശേഷിക്കുന്നു.

നക്‌സലൈറ്റ് ആയിരുന്ന വര്‍ഗീസിനെ 1970 ഫിബ്രവരി 18 നാണ് വയനാട്ടിലെ തിരുനെല്ലിയില്‍ വച്ച് പോലിസ് വെടിവെച്ചു കൊലപ്പെടുത്തിയത്. നീണ്ട 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നക്‌സലൈറ്റ് വര്‍ഗീസ് വധക്കേസില്‍ കോടതി വിധി പുറപ്പെടുവിച്ചത്. അന്ന് വർ​ഗീസിനെ വെടിവെച്ച് കൊലപ്പെടുത്താൻ വിധിക്കപ്പെട്ട രാമചന്ദ്രൻ നായർ സമൂഹത്തിനോട് വിളിച്ചുപറയുന്നതുവരെ വർ​ഗീസ് വധവും ഒരു ഏറ്റുമുട്ടൽ കൊലപാതകമായിരുന്നു. ഏറ്റുമുട്ടൽ കൊല ഒന്നിന്റേയും പരിഹാരമല്ല. മാവോവാദികൾ ഉന്നയിക്കുന്നത് സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളാണ്. അത് പരിഹരിക്കുകയാണ് വേണ്ടത്. അതൊരിക്കലും തണ്ടർബോൾട്ടിന് മനസിലാകില്ല. പക്ഷേ ഇടതുപക്ഷ സർക്കാരിന് ഇത് മനസിലാക്കേണ്ട കടമയുണ്ടെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു.

ആരാണ് മാവോവാദികൾ?

ആന്ദ്രപ്രദേശിൽ പ്രവർത്തിച്ചിരുന്ന സിപിഐഎംഎൽ പീപിൾസ് വാറും ബിഹാറിൽ പ്രവർത്തിച്ചിരുന്ന മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും ലയിച്ചാണ് 2004 സെപ്തംബർ 21 ന് സിപിഐ മാവോയിസ്റ്റ് എന്ന സംഘടന രൂപീകരിക്കുന്നത്. 1967 ൽ പശ്ചിമ ബംഗാളിലെ നക്സൽബാരി കലാപത്തിന്റെ പാത പിൻതുടരുകയെന്ന കാഴ്ച്ചപ്പാടിലാണ് ഈ കമ്യൂണിസ്റ്റ് പ്രസ്ഥാനം സായുധ സമരപാത തിരഞ്ഞെടുത്ത് പ്രവർത്തനം ആരംഭിക്കുന്നത്.

2009 മുതൽ സിപിഐ മാവോയിസ്റ്റിനെ ഭരണകൂടം നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം ഇന്ത്യയിലെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ പെടുത്തി. ആരംഭകാലം തൊട്ട് തന്നെ ഇന്ത്യയിൽ നിരോധിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. 2006 ൽ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് മാവോവാദികളെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളി എന്നാണ് വിശേഷിപ്പിച്ചത്, ജനസംഖ്യയുടെ പിന്നാക്കം നിൽക്കുന്നതും അന്യവൽക്കരിക്കപ്പെട്ടതുമായ വിഭാഗങ്ങൾ മാവോവാദി പ്രസ്ഥാനത്തിന്റെ നട്ടെല്ലായി മാറുന്നുവെന്നും പറഞ്ഞു. 2013 ൽ ഇന്ത്യയിൽ രാജ്യത്തെ 76 ജില്ലകളെ "മാവോവാദി ഭീകരത" ബാധിച്ചതായി സർക്കാർ ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു, 106 ജില്ലകൾ പ്രത്യയശാസ്ത്രപരമായ സ്വാധീനത്തിലാണെന്നും ചൂണ്ടിക്കാട്ടി.

കേരളത്തിൽ മാവോവാദികളുടെ സായുധ സേനയായ പീപിൾസ് ലിബറേഷൻ ​ഗറില്ലാ ആർമി (പിഎൽജിഎ) പ്രവർത്തനമാരംഭിക്കുന്നത് 2013ലാണ്. കണ്ണൂർ ജില്ലയിലെ കാഞ്ഞിരക്കൊല്ലിയിലെ മുണ്ടയോട് ആദിവാസി ഊരിലാണ് ഫെബ്രുവരി 10ന് പിഎൽജിഎ രാഷ്ട്രീയ കാംപയിൻ ആരംഭിക്കുന്നത്. സിപിഐ മാവോയിസ്റ്റിന്റെ പശ്ചിമഘട്ട പ്രത്യേ മേഖല കമ്മിറ്റി 2009 ലാണ് രൂപീകരണം ഉണ്ടായത്. തുടർന്ന് നാലു വർഷമെടുത്തു സായുധ സേന രൂപീകരണത്തിന്.

കബനി, നാടുകാണി ദളങ്ങൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയ മാവോവാദികൾ ഇന്ന് കബനി 1, കബനി 2, വരാഹിണി, ബാണാസുര, നാടുകാണി എന്നീ അഞ്ച് ദളങ്ങളായാണ് പ്രവർത്തിക്കുന്നത്. 2019 ലെ മഞ്ചക്കണ്ടി സംഭവത്തിലൂടെ അട്ടപ്പാടി കേന്ദ്രീകരിച്ചിരുന്ന ഭവാനി ദളം പൂർണമായും ഇല്ലാതായി. ക്വാറി റിസോർട്ട് മാഫിയകൾക്കെതിരേയും, വനംവകുപ്പിന്റെ ആദിവാസി ദ്രോഹ നടപടികൾക്കെതിരേയും ആദിവാസി ചൂഷകർക്കെതിരേയുമുള്ള പരിമിതമായ പ്രവർത്തനങ്ങളാണ് മാവോവാദികൾ കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ കേരളത്തിൽ നടത്തിയതെന്ന് അവരുടെ പ്രസിദ്ധീകരണങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നാല് ഏറ്റുമുട്ടലുകൾ, എട്ട് കൊലപാതകങ്ങൾ

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വാളാരംകുന്നിൽ നടന്നത് എട്ടാമത്തെ മാവോവാദി ഏറ്റുമുട്ടല്‍ കൊലപാതകമാണ്. എല്ലാം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പതിവ് തിരക്കഥയുടെ ആവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു. വൈത്തിരിയില്‍ കൊല്ലപ്പെട്ട സിപി ജലീലിന്റെ കൊലപാതകം വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപോര്‍ട്ട് പുറത്തുവന്നത് ഈ സംഭവത്തിന് ആഴ്ച്ചകൾക്ക് മുമ്പാണ്.

തമിഴ്നാട്ടിലെ തേനി ജില്ലയില്‍ പെരിയകുളം സ്വദേശിയായ വേല്‍മുരുകന്‍ നിയമപഠനം ഇടയ്ക്കുവെച്ച് നിര്‍ത്തി മാവോവാദി പ്രവര്‍ത്തകനാവുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരളത്തില്‍ കൊല്ലപ്പെടുന്ന എട്ടാമത്തെ മാവോവാദിയാണ് വേല്‍മുരുകന്‍. കഴിഞ്ഞ വര്‍ഷം അട്ടപ്പാടിയില്‍ നാല് മാവോവാദികളെയാണ് തണ്ടര്‍ബോള്‍ട്ട് ഇല്ലാതാക്കിയത്. കാട്ടിൽ മീൻപിടിക്കാൻ പോയ അട്ടപ്പാടിയിലെ ഫോട്ടോ​ഗ്രാഫർ ബെന്നിയുടെ കൊലപാതകവും വിരൽ ചൂണ്ടുന്നത് തണ്ടർബോൾട്ടിലേക്കാണ്. ബെന്നിയുടെ കുടുംബം ഈ ആരോപണവുമായി നേരത്തെ രം​ഗത്തുവന്നിരുന്നു.

2012-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് തണ്ടര്‍ബോള്‍ട്ടിന് രൂപം നല്‍കിയത്. 2008 മുതല്‍ 2012 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം മാവോവാദി വേട്ട ഊര്‍ജ്ജിതമാക്കിയ പരിസരത്തിലായിരുന്നു തണ്ടര്‍ബോള്‍ട്ടിന്റെ പിറവി. 2016-ല്‍ അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ തണ്ടര്‍ബോള്‍ട്ടിനെ കൂടുതൽ സായുധവൽക്കരിക്കുകയായിരുന്നു. മാവോവാദി വേട്ടയുടെ പേരിൽ കേരളത്തിലെ ആദിവാസി ഊരുകൾ തണ്ടർബോൾട്ട് സേനയുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു.

അടിയന്തരാവസ്ഥയില്‍ നക്സല്‍വേട്ടയിലൂടെ കുപ്രസിദ്ധി നേടിയ കെ കരുണാകരന്‍ ഏറ്റവും വിശ്വസ്തനായി കരുതിയ രമണ്‍ ശ്രീവാസ്തവ എന്ന മുന്‍ ഐപിഎസ് ഓഫീസറെ പോലിസ് ഉപദേഷ്ടാവാക്കാന്‍ മടി കാണിക്കാത്ത ഒരു സര്‍ക്കാർ തണ്ടര്‍ബോള്‍ട്ടിനെയും അതുപോലുള്ള അടിച്ചമര്‍ത്തല്‍ സേനകളെയും ഏറ്റെടുക്കുകയെന്നത് സ്വാഭാവികമായിരുന്നു. കഴിഞ്ഞ വര്‍ഷം അട്ടപ്പാടിയില്‍ നാല് മാവോവാദികളെ വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ചുകൊണ്ട് ടൈംസ് ഒഫ് ഇന്ത്യയില്‍ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ലേഖനമെഴുതിയപ്പോള്‍ ഇടതു മുന്നണിയിലെ ഘടകകകഷിയായ സിപിഐ അതിനെതിരേ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു.

തണ്ടര്‍ബോള്‍ട്ട് പോലൊരു സേന കേരളത്തില്‍ ആവശ്യമാണോ എന്ന ആത്മപരിശോധന ഇടതു സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. അതിനെ ന്യായീകരിക്കുന്ന ചുമതല കൂടി സിപിഎം ഏറ്റെടുക്കുന്നു. കോടികള്‍ ചെലവിട്ട് കാത്തുപരിപാലിക്കുന്ന തണ്ടര്‍ബോള്‍ട്ടിന് അതിന്റെ അസ്തിത്വം തെളിയിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഏറ്റുമുട്ടല്‍ കൊലകള്‍ വേല്‍മുരുകനില്‍ അവസാനിക്കുമെന്ന് കരുതാനാവില്ല. അത് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് കേരളത്തിന് തണ്ടർബോൾട്ട് സേനയെ വേണ്ടെന്ന് കാനം രാജേന്ദ്രൻ പറയുന്നതും.

സര്‍ക്കാര്‍ വിവാദങ്ങളിലും പ്രതിസന്ധികളിലും അകപ്പെടുമ്പോഴാണ് മാവോവാദികള്‍ കൊല്ലപ്പെടുന്നതെന്ന ആരോപണവും കാണാതെ പോകാനാവില്ല. വാളായാര്‍ ലൈംഗിക പീഡനക്കേസ് കത്തി നില്‍ക്കെയാണ് അട്ടപ്പാടിയിലെ കൊലകളുണ്ടായത്. കരുളായി വനത്തിൽ അജിതയും കുപ്പു ദേവരാജും കൊല്ലപ്പെടുമ്പോൾ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇതോടൊപ്പം കൂട്ടിവോയിക്കേണ്ടത് വേൽമുരുകന്റെ മൃതദേഹത്തിൽ ചെങ്കൊടി പുതപ്പിക്കാൻ കേരള സർക്കാർ അനുമതി നിഷേധിക്കുകയും ചെയ്തു എന്നതാണ്. ടിപി കേസിൽ ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന് അതാവാമായിരുന്നു എന്ന വിചിത്ര കാഴ്ച്ചയും നമ്മൾ കണ്ടു.

തണ്ടര്‍ബോള്‍ട്ടിനായി ചെലവിടുന്ന കോടികള്‍ ആദിവാസ ക്ഷേമത്തിനായി മാറ്റിവെച്ചുകൂടേ എന്നൊരു ചിന്ത സിപിഎം സംസ്ഥാന സെക്രട്ടറി ഫേസ്ബുക്കിൽ അന്നത്തെ യുഡിഎഫ് സർക്കാരിനോട് ചോദിച്ചത് ഇന്നവർ തിരിച്ചു ചോദിക്കുന്ന പ്രതിഭാസമാണ് നിലനിൽക്കുന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരത്തില്‍ സിപിഎം എത്താത്ത കാലത്തോളം സഖാക്കൾ സഖാക്കളെ കൊന്നുതീർക്കുന്നുവെന്ന വ്യാഖ്യാനത്തിൽ സമൂഹം എത്തിച്ചേരും.

Next Story

RELATED STORIES

Share it