Sub Lead

വിശാഖപട്ടണം വിഷ വാതക ദുരന്തം; എല്‍ജി കമ്പനി 50 കോടി നിക്ഷേപിക്കണമെന്ന ഉത്തരവിന് സ്‌റ്റേ ഇല്ല

ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്പനി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി ഇടപെടാന്‍ വിസമ്മതിച്ചത്.

വിശാഖപട്ടണം വിഷ വാതക ദുരന്തം;   എല്‍ജി കമ്പനി 50 കോടി നിക്ഷേപിക്കണമെന്ന ഉത്തരവിന് സ്‌റ്റേ ഇല്ല
X

അമരാവതി: വിശാഖപട്ടണത്ത് വാതക ചോര്‍ച്ച മൂലമുണ്ടായ നാശനഷ്ടത്തിന് 50 കോടി നിക്ഷേപിക്കാന്‍ എല്‍ജി പോളിമര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ ഉടന്‍ ഇടപെടാനാവില്ലന്ന് സുപ്രിം കോടതി. ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്പനി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി ഇടപെടാന്‍ വിസമ്മതിച്ചത്. കേസില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രിംകോടതി ഹരജിയില്‍ ദേശീയ ഗ്രീന്‍ ട്രൈബ്യൂണലിന് നോട്ടീസ് അയക്കാനും തയ്യാറായില്ല.

വാതക ചോര്‍ച്ച സംഭവത്തില്‍ ഹൈക്കോടതി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി), കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ നിരവധി കമ്മിറ്റികള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ജി പോളിമര്‍ സുപ്രീംകോടതിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ജൂണ്‍ ഒന്നിന് ഇത് എന്‍ജിടിയുടെ മുമ്പാകെ ഉന്നയിക്കാമെന്നും ജൂണ്‍ എട്ടിന് പരിഗണനയ്ക്കായി തീര്‍പ്പാക്കിയിട്ടില്ലെന്നും സുപ്രിം കോടതി അറിയിച്ചു.

കമ്പനിയുടെ ഭാഗത്തുണ്ടായ ഗുരുതരപിഴവാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സ്വമേധയാ കേസെടുത്ത ദേശീയ ഹരിത ട്രൈബ്യൂണല്‍ 50 കോടി രൂപ കെട്ടിവെക്കാന്‍ എല്‍ജി കമ്പനിയോട് നിര്‍ദ്ദേശിച്ചിരുന്നു. മുന്‍ ആന്ധ്ര ഹൈക്കോടതി ജഡ്ജി ബി. ശേശായന റെഡ്ഡിയുടെ നേതൃത്വത്തില്‍ 5 അംഗ സമിതി രൂപീകരിക്കാനും സ്ഥലം സന്ദര്‍ശിക്കാനും പരിശോധിക്കാനും അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പായി റിപോര്‍ട്ട് നല്‍കാനും ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിരുന്നു.

മെയ് 7 ന് രാവിലെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ വ്യവസായത്തില്‍ സ്‌റ്റൈറൈന്‍ ഗ്യാസ് ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് 12 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും നൂറുകണക്കിന് പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.



Next Story

RELATED STORIES

Share it