Big stories

ഉക്രൈന്‍ വിമാനം തകര്‍ന്നത് മിസൈല്‍ പതിച്ച്; ഇറാന്റെ മിസൈല്‍ ലക്ഷ്യം തെറ്റി പതിച്ചതോ (വീഡിയോ)

ഇറാനില്‍ ഉെ്രെകന്‍ വിമാനം തകര്‍ന്ന് വീഴാന്‍ കാരണം ഇറാന്റെ അബദ്ധത്തിലുള്ള ആക്രമണമെന്ന യുഎസ്, ബ്രിട്ടീഷ് ആരോപണം ശരിവയ്ക്കുന്നതാണ് ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രവും സിഎന്‍എന്നും പുറത്തുവിട്ട വീഡിയോ. എന്നാല്‍, ആരോപണങ്ങള്‍ ഇറാന്‍ നിഷേധിക്കുകയാണ്.

ഉക്രൈന്‍ വിമാനം തകര്‍ന്നത് മിസൈല്‍ പതിച്ച്; ഇറാന്റെ മിസൈല്‍ ലക്ഷ്യം തെറ്റി പതിച്ചതോ (വീഡിയോ)
X

വാഷിങ്ടണ്‍/തെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉക്രൈന്‍ വിമാനത്തില്‍ തകര്‍ന്നു വീഴുന്നതിനു മുമ്പ് മിസൈല്‍ പതിക്കുന്ന വീഡിയോ പുറത്ത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടെ ബുധനാഴ്ച തെഹ്‌റാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉക്രൈന്‍ തലസ്ഥാനമായ കിയേവിലേക്ക് പുറപ്പെട്ട വിമാനം പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. ഇറാനില്‍ ഉെ്രെകന്‍ വിമാനം തകര്‍ന്ന് വീഴാന്‍ കാരണം ഇറാന്റെ അബദ്ധത്തിലുള്ള ആക്രമണമെന്ന യുഎസ്, ബ്രിട്ടീഷ് ആരോപണം ശരിവയ്ക്കുന്നതാണ് ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രവും സിഎന്‍എന്നും പുറത്തുവിട്ട വീഡിയോ. എന്നാല്‍, ആരോപണങ്ങള്‍ ഇറാന്‍ നിഷേധിക്കുകയാണ്.

രണ്ട് റഷ്യന്‍ നിര്‍മ്മിത മിസൈലുകള്‍ തൊടുക്കുന്നതിന്റെ ശബ്ദവും വെളിച്ചവും ലഭിച്ചതായി നേരത്തേ യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പെന്റഗണ്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.വിമാനത്തിലുണ്ടായിരുന്ന് 176പേരും മരിച്ചിരുന്നു. ഇറാഖിലെ യുഎസ് വ്യോമതാവളങ്ങള്‍ ഇറാന്‍ ആക്രമിച്ചതിനു പിന്നാലെയാണ് ഉക്രൈന്‍ വിമാനം തെഹ്‌റാന് സമീപം തകര്‍ന്നുവീണത്. അതേസമയം, തങ്ങള്‍ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ലെന്ന് സിഎന്‍എന്‍ പറയുന്നു. എന്നാല്‍, ദൃശ്യത്തിലെ സമയവും തെഹ്‌റാന് സമീപം വിമാനം തകര്‍ന്ന് വീണ സമയവും ഒന്നാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ബുധനാഴ്ച രാവിലെയാണ് ഉക്രൈനിയന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനം ഇറാനിയന്‍ തലസ്ഥാനത്തിന് 60 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് പരണ്ടിന് സമീപത്തെ കൃഷിയിടത്തിലാണ് തകര്‍ന്ന് വീണത്. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് അമേരിക്കന്‍ കമ്പനിയായ ബോയിങ്ങിന് നല്‍കില്ലെന്ന് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. വിമാന നിര്‍മാതാവ് ബോയിങ്ങിന് ബ്ലാക്ക് ബോക്‌സ് നല്‍കില്ലെന്ന് ടെഹ്‌റാനിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ തലവനാണ് പറഞ്ഞത്. അപകട കാരണം വിശകലനം ചെയ്യുന്നതിനായി ഇറാന്‍ ഏത് രാജ്യത്തേക്ക് ബോക്‌സ് അയയ്ക്കുമെന്ന് വ്യക്തമല്ലെന്നും അലി ആബിദ്‌സാദെ പറഞ്ഞു. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ മെഹറും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനാവശിഷ്ടങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് ഉക്രൈന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ഒലെക്‌സി ഡനിലോവ് വ്യാഴാഴ്ച പറഞ്ഞത്. ഇറാന് റഷ്യന്‍നിര്‍മിത മിസൈല്‍ പ്രതിരോധസംവിധാനമുണ്ട്.

അന്താരാഷ്ട്ര വ്യോയാനചട്ടങ്ങള്‍പ്രകാരം അന്വേഷണത്തിന് ഇറാനാണ് നേതൃത്വം നല്‍കേണ്ടത്. എന്നാല്‍, വിമാനക്കമ്പനിക്ക് ഇടപെടാം. പറന്നുയര്‍ന്ന് പടിഞ്ഞാറുഭാഗത്തേക്ക് പോയ വിമാനം സാങ്കേതികത്തകരാറുമൂലം വലത്തോട്ടുതിരിഞ്ഞ് തിരിച്ച് വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്നെന്നാണ് ഇറാന്‍ വ്യോമയാനവിഭാഗം മേധാവി അലി ആബിദ്‌സദേ പറഞ്ഞത്. പ്രാഥമികവിവരങ്ങള്‍ ഉക്രൈനും യുഎസിനും സ്വീഡന്‍, കാനഡ എന്നീ രാജ്യങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. യുഎസിലാണ് ബോയിങ്ങിന്റെ ആസ്ഥാനം.

വിശദമായ അന്വേഷണത്തിന് 45 അംഗ പ്രത്യേകസംഘത്തെയാണ് ഉക്രൈന്‍ ഇറാനിലേക്ക് അയച്ചത്. 2014ല്‍ മലേസ്യന്‍ എയര്‍ലൈനിന്റെ എംഎച്ച്17 വിമാനം കിഴക്കന്‍ ഉക്രൈനില്‍ തകര്‍ന്ന സംഭവം അന്വേഷിച്ച വിദഗ്ധരെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാനിലെ ഉക്രൈന്റെ എംബസി എന്‍ജിന്‍ തകരാറിനെക്കുറിച്ചുള്ള പരാമര്‍ശമങ്ങളെല്ലാം പിന്‍വലിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തകരാറിനുള്ള കാരണം കണ്ടെത്തണമെന്ന് ഉക്രൈന്‍ പ്രധാനമന്ത്രി ഒലെക്‌സി ഹോഞ്ചാരുക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിയന്‍ വ്യോമാതിര്‍ത്തി വഴി വിമാന സര്‍വീസുകള്‍ നിരോധിച്ചതായും ഹോഞ്ചരുക് അറിയിച്ചു. എന്നാല്‍, വിമാനത്താവളത്തിലേക്ക് തിരിച്ചുപറക്കുമ്പോഴാണ് വിമാനം തകര്‍ന്നതെന്നാണ് ഇറാന്‍ അന്വേഷകര്‍ പറയുന്നത്. അതേ സമയം ഇറാന്റെ മിസൈല്‍ പതിച്ചാണ് വിമാനം തകര്‍ന്നത് എന്ന് ജോര്‍ദാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നുണ്ട്. എന്നാല്‍ നിരന്തരം ഇറാന്‍ വിരുദ്ധ വാര്‍ത്തകള്‍ പുറത്തുവിടുന്ന ഏജന്‍സിയാണ് ഇതെന്നാണ് ഇറാന്‍ മാധ്യമങ്ങളിലെ പ്രതികരണം. മിസൈല്‍ ആക്രമണ വാദം പാശ്ചാത്യരാജ്യങ്ങളുടെ മാനസിക യുദ്ധത്തിന്റെ ഭാഗമാണെന്ന് ഇറാന്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it