Sub Lead

'ഒരു കേസില്‍ ജാമ്യം ലഭിച്ചാല്‍ മറ്റൊരു കേസില്‍ റിമാന്‍ഡ് ചെയ്യുന്നു, ദുഷിച്ച ചക്രം തുടരുന്നു'; ജൂലൈ 20 വരെ സുബൈറിനെതിരേ നടപടി പാടില്ലെന്ന് സുപ്രിംകോടതി

ഒരു കേസില്‍ ജാമ്യം ലഭിച്ചാല്‍ മറ്റൊരു കേസില്‍ റിമാന്‍ഡ് ചെയ്യുന്നു, ദുഷിച്ച ചക്രം തുടരുന്നു; ജൂലൈ 20 വരെ സുബൈറിനെതിരേ നടപടി പാടില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കേസുകളില്‍ പ്രതിചേര്‍ത്ത ഉത്തര്‍പ്രദേശ് പോലിസിന്റെ നടപടിയെ വിമര്‍ശിച്ച് സുപ്രിംകോടതി. മുഹമ്മദ് സുബൈറിനെതിരെ ഈ മാസം 20 വരെ ഒരു നടപടിയും പാടില്ലെന്ന് സുപ്രിംകോടതി യുപി പോലിസിനോട് ഉത്തരവിട്ടു. 2018ല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരേ ലഖിംപൂര്‍ഖേരി, മുസഫര്‍നഗര്‍, ഗാസിയാബാദ്, ഹത്രാസ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ ബുധനാഴ്ച വാദം കേള്‍ക്കുന്നതുവരെ സുബൈറിനെതിരേ നടപടി സ്വീകരിക്കരുതെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം. സുബൈറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സുപ്രിംകോടതി നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.

കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുബൈര്‍ നല്‍കിയ ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, എ എസ് ബൊപണ്ണ എന്നിവരാണ് ഉത്തരവിട്ടത്. 'എല്ലാ എഫ്‌ഐആറുകളുടെയും ഉള്ളടക്കം ഒരുപോലെയാണെന്ന് തോന്നുന്നു. ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ മറ്റൊരു കേസില്‍ റിമാന്‍ഡിലാണ്. ഈ ദുഷിച്ച ചക്രം തുടരുകയാണ്' എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വാദത്തിനിടെ വാക്കാല്‍ അഭിപ്രായപ്പെട്ടു. ഹരജി ഇന്ന് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ലെങ്കിലും അടിയന്തരമായി പരിഗണിക്കണമെന്ന അഭിഭാഷക വൃന്ദ ഗ്രോവറിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കോടതി കേസ് പരിഗണിക്കാന്‍ നിശ്ചയിച്ച ബുധനാഴ്ച വരെ തുടര്‍നടപടികള്‍ പാടില്ലെന്ന് നിര്‍ദേശിച്ചത്.

ഇന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് മുമ്പാകെയാണ് വൃന്ദാ ഗ്രോവര്‍ ഹരജിയെക്കുറിച്ച് സൂചിപ്പിച്ചത്. ഹാഥ്‌റസ് കേസില്‍ സുബൈറിനെ ഇന്ന് റിമാന്‍ഡ് ചെയ്യാനിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസിനു മുന്നിലെത്തിയത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് മുമ്പാകെ വിഷയം അവതരിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ ജസ്റ്റിസ് ചന്ദ്രചൂഢിന് മുന്നില്‍ ഗ്രോവര്‍ ഹരജിയെക്കുറിച്ച് വിശദീകരിച്ചു. ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ മറ്റൊരു കേസെടുത്ത് പുറത്തിറങ്ങാന്‍ അനുവദിക്കാതെ സുബൈറിനെ വേട്ടയാടുകയാണ് യുപി പോലിസ്. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്.

ഹരജിക്കാരന്‍ ഒരു പത്രപ്രവര്‍ത്തകനാണ്. അദ്ദേഹം ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനാണ്. യുപി ഉള്‍പ്പെടെ 6 ജില്ലകളിലായി 6 എഫ്‌ഐആറുകളുണ്ട്. സീതാപൂര്‍ കേസില്‍ കോടതി ഇളവ് അനുവദിച്ച ഉടന്‍, ലഖിംപൂര്‍ ഖേരിയില്‍ വാറണ്ട് വരുന്നു. ജൂലൈ 15 ന് ഡല്‍ഹി എഫ്‌ഐആറില്‍ ഡല്‍ഹി കോടതി ജാമ്യം നല്‍കുന്നു. ഉത്തരവ് വന്നയുടന്‍ ഹാഥ്‌റസിന്റെ വാറണ്ട് വരുന്നു. മിക്ക എഫ്‌ഐആറുകളിലും 153 എ, 295 എ എന്നിവ ചേര്‍ത്തിട്ടുണ്ട്. ചില 67 ഐടി ആക്റ്റുകളില്‍ ചേര്‍ത്തിട്ടുണ്ട്. പരമാവധി ശിക്ഷ മൂന്നുവര്‍ഷമാണെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കേസ് ബുധനാഴ്ച പരിഗണിക്കാമെന്ന് സുപ്രിംകോടതി അറിയിച്ചത്. അതുവരെ തുടര്‍നടപടികള്‍ തടയുകയും ചെയ്തു.

2018ലെ ട്വീറ്റുമായി ബന്ധപ്പെട്ട ഒരു കേസില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി കോടതി സുബൈറിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, യുപിയില്‍ മറ്റ് അഞ്ച് കേസുകളുള്ളതിനാല്‍ പുറത്തിറങ്ങാനായിരുന്നില്ല. സീതാപൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രിംകോടതി സുബൈറിന്റെ ഇടക്കാല ജാമ്യം സപ്തംബര്‍ ഏഴുവരെ നീട്ടിയിരുന്നു. കഴിഞ്ഞ ജൂണ്‍ 27നാണ് ഡല്‍ഹി പോലിസ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ട്വീറ്റ് ചെയ്‌തെന്നാരോപിച്ച് രണ്ട് കേസുകളില്‍ സുബൈറിനെ ഹാാഥ്‌റസ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. നിലവില്‍ കസ്റ്റഡിയില്‍ തുടരുകയാണ് സുബൈര്‍. കേസില്‍ നേരത്തെ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് സുബൈര്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. മുഴുവന്‍ കേസുകളിലും ജാമ്യം ലഭിച്ചാല്‍ മാത്രമേ സുബൈറിന് ഇനി ജയിലില്‍നിന്ന് പുറത്തിറങ്ങാനാവുകയുള്ളൂ. സുബൈറിന്റെ കസ്റ്റഡി അപേക്ഷയില്‍ ഹാഥ്‌റസ് മജിസ്‌ട്രേറ്റ് ഉത്തരവിടണമെന്ന വാദമാണ് സോളിസിറ്റര്‍ ജനറല്‍ ഉന്നയിച്ചത്.

Next Story

RELATED STORIES

Share it