Sub Lead

മുസ്‌ലിം-ദലിത് കച്ചവടക്കാരെ ആക്രമിച്ചവര്‍ക്ക് സ്വീകരണം നല്‍കി പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവ്

മുസ്‌ലിം-ദലിത് കച്ചവടക്കാരെ ആക്രമിച്ചവര്‍ക്ക് സ്വീകരണം നല്‍കി പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവ്
X

കൊല്‍ക്കത്ത: ഗീതാ പാരായണ പരിപാടി നടക്കുന്ന മൈതാനത്ത് ചിക്കന്‍ പഫ്‌സ് വിറ്റെന്ന് ആരോപിച്ച് മുസ്‌ലിം കച്ചവടക്കാരനെ ആക്രമിച്ച ഹിന്ദുത്വര്‍ക്ക് സ്വീകരണം നല്‍കി ബിജെപി നേതാവും പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. ഷെയ്ഖ് റെസാല്‍ എന്ന കച്ചവടക്കാരനെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മൂന്നുപേര്‍ക്കാണ് സ്വീകരണം നല്‍കിയത്. '' ഹിന്ദു പോരാളികളായ സൗമിക് ഭായ്, സ്വര്‍ണേന്തു ഭായ്, തരുണ്‍ ഭായ് എന്നിവരെ ഞാന്‍ ആദരിക്കുന്നു. സന്ന്യാസികളുടെ മുന്നില്‍ വച്ചാണ് ആദരിക്കുന്നത്. കോടതി അവര്‍ക്ക് ജാമ്യം നല്‍കി.''- സുവേന്ദു പറഞ്ഞു. പ്രതിപക്ഷ നേതാവ്, എംഎല്‍എ എന്നീ പദവികളെക്കാള്‍ തനിക്ക് വലുത് ഹിന്ദു എന്ന സ്വത്വമാണെന്ന് സുവേന്ദു പിന്നീട് പറഞ്ഞു. '' എന്റെ ഹിന്ദു സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും പ്രശ്‌നങ്ങളുണ്ടായാല്‍ മതത്തെ സംരക്ഷിക്കലാണ് എന്റെ കടമ. ഗീത അതാണ് എന്നെ പഠിപ്പിച്ചത്.''. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എടുത്ത തീരുമാനത്തെയും സുവേന്ദു അധികാരി വിമര്‍ശിച്ചു.

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ഡിസംബര്‍ ഏഴിനാണ് മുസ്‌ലിം കച്ചവടക്കാര്‍ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ 20 വര്‍ഷമായി കൊല്‍ക്കത്തയില്‍ തെരുവുകച്ചവടം നടത്തുന്ന ഹൂഗ്ലി ജില്ലയിലെ അരംബാഗ് സ്വദേശിയായ ഷെയ്ഖ് റെസാലാണ് ആക്രമണത്തിന് ഇരയായത്. സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ഒരു ബേക്കറിയില്‍ നിന്നും പഫ്‌സ് വാങ്ങിയാണ് റെസാല്‍ വില്‍പ്പന നടത്തിയിരുന്നത്. '' ചിക്കന്‍ പഫ്‌സ് ഉണ്ടോയെന്ന് അവര്‍ ചോദിച്ചു. പെട്ടിയില്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ആക്രമിച്ചു. അവര്‍ എന്റെ പേര് ചോദിച്ചു. പേര് കേട്ടപ്പോള്‍ ആക്രമണം ശക്തമായി. എന്നെ കൊണ്ട് അവര്‍ ഏത്തമിടീപ്പിച്ചു. ഏകദേശം 3,000 രൂപയുടെ ഭക്ഷണം നശിപ്പിച്ചു. അത് എന്റെ ഒരാഴ്ചയിലെ വരുമാനമാണ്.''-റെസാല്‍ പറഞ്ഞു.

''ചില ദിവസങ്ങളില്‍ മൈതാനത്ത് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ഉണ്ടാവും. ചിലപ്പോള്‍ രാഷ്ട്രീയ പരിപാടികളുണ്ടാവും. അപ്പോഴെല്ലാം ഞാന്‍ അവിടെ പോവാറുണ്ട്. ബാക്കിയുള്ള സമയങ്ങളില്‍ തെരുവില്‍ നടന്ന് വില്‍ക്കും.''-അദ്ദേഹം പറഞ്ഞു. താന്‍ മാത്രമല്ല അക്രമത്തിന് ഇരയായതെന്നും തോപ്‌സിയ സ്വദേശിയായ ഷെയ്ഖ്് സലാഹുദ്ദീന്‍ അടക്കം നിരവധി പേര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രതികള്‍ക്ക് ബിജെപി നേതാവ് സ്വീകരണം നല്‍കിയതില്‍ ആശങ്കയുണ്ടെന്ന് ഷെയ്ഖ് റെസാല്‍ പറഞ്ഞു. വീട്ടില്‍ എത്തിയ ശേഷം റെസാല്‍ പുറത്ത് ഇറങ്ങിയിട്ടില്ല. ഇനി കൊല്‍ക്കത്തയിലേക്ക് തിരികെ പോവാന്‍ സാധിക്കുമോയെന്നാണ് ആശങ്ക. പോലിസോ പ്രോസിക്യൂട്ടറോ തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേദിവസം തന്നെ ദലിത് സമുദായക്കാരനായ ശ്യാമള്‍ മണ്ഡലിനെയും ഹിന്ദുത്വര്‍ ആക്രമിച്ചിരുന്നു.

Next Story

RELATED STORIES

Share it