Sub Lead

ഗായകന്‍ വി കെ ശശിധരന്‍ അന്തരിച്ചു

ഗായകന്‍ വി കെ ശശിധരന്‍ അന്തരിച്ചു
X

കൊച്ചി: ഗായകന്‍ വി.കെ ശശിധരന്‍ (83) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. വികെഎസ് എന്ന പേരില്‍ അറിയപ്പെടുന്ന വി കെ ശശിധരന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.

1938 ല്‍ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ ജനിച്ചു. ആലുവ യു.സി കോളജിലെ പഠനത്തെ തുടര്‍ന്ന് തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം കരസ്ഥമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് 6 വര്‍ഷത്തോളം പ്രമുഖ സംഗീതസംവിധായകരുടെ സഹായിയായിരുന്ന പരമുദാസിന്റെ പക്കല്‍ നിന്ന് കര്‍ണാടക സംഗീതത്തില്‍ പരിശീലനം നേടുകയുണ്ടായി. മുപ്പതു വര്‍ഷക്കാലം ശ്രീ നാരായണ പോളിടെക്ള്‍നിക്കിലെ അധ്യാപകനായിരുന്നു. 1967 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂര്‍ സോമദാസന്‍ രചിച്ച നാലു ഗാനങ്ങള്‍ 'ശിവന്‍ശശി' എന്ന പേരില്‍ പി.കെ. ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെതുടര്‍ന്ന് 'തീരങ്ങള്‍' എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തി. ഇരുവരും ആറ്റിങ്ങല്‍ ദേശാഭിമാനി തീയറ്റേഴ്‌സിനു വേണ്ടി നിരവധി നാടകങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. കവിതാലാപനത്തില്‍ വേറിട്ട വഴി സ്വീകരിച്ച വികെഎസ് ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകള്‍ക്ക് സംഗീതാവിഷ്‌ക്കാരം നല്‍കി.ഗാനാലാപനം സാമൂഹ്യമാറ്റത്തിനായുള്ള ഒരു ഉപാധിയാണെന്നു ഇദ്ദേഹം കരുതുന്നു. ഗാനങ്ങള്‍ക്ക് ഈണം പകരുമ്പോള്‍ സംഗീതത്തേക്കാളുപരി ആ വരികളുടെ അര്‍ത്ഥവും അതുള്‍ക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കാനാവണം എന്ന നിര്‍ബന്ധമാണ് വി.കെ.എസിന്റെ ഗാനങ്ങളെ ഗാംഭീര്യമുള്ളതാക്കുന്നത്.

പരിഷത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന വി.കെ.എസ് നിരവധി പരിഷത്ത് കലാജാഥകള്‍ക്കായി അനവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. ബര്‍തോള്‍ത് ബ്രഹത് , ഡോ.എംപി പരമേശ്വരന്‍ , മുല്ലനേഴി, കരിവെള്ളൂര്‍ മുരളി തുടങ്ങി അനവധി പേരുടെ രചനകള്‍ സംഗീത ശില്പങ്ങളായും, സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിക്കപ്പെട്ടു . 80 കളുടെ തുടക്കത്തില്‍ കലാജാഥയില്‍ പങ്കെടുത്തും , അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു കൂടാതെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകള്‍ക്കു സംഗീതാവിഷ്‌കാരം നിര്‍വഹിച്ചു. ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി ,മാനവീയം മിഷന്‍ , സംഗീത നാടക അക്കാഡമി എന്നിവയ്ക്ക് വേണ്ടിയും ആഡിയോ ആല്‍ബങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ,വൈസ് പ്രസിഡണ്ട്, ബാലവേദി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.1993 ല്‍ കൊട്ടിയം ശ്രീനാരായണ പോളിടെക്ള്‍നിക്കില്‍ നിന്നും ഇലക്ട്രിക്കല്‍ വിഭാഗം മേധാവിയായി വിരമിച്ചു.

ഭാര്യ : വസന്ത ലത. മകള്‍: ദീപ്തി. പ്രധാന ആല്‍ബങ്ങള്‍, ഗീതാഞ്ജലി, പൂതപ്പാട്ട്, പുത്തന്‍ കലവും അരിവാളും, ബാലോത്സവ ഗാനങ്ങള്‍, കളിക്കൂട്ടം, മധുരം മലയാളം, മുക്കുറ്റിപൂവിന്റെ ആകാശം, ശ്യാമഗീതങ്ങള്‍, പ്രണയം, അക്ഷരഗീതങ്ങള്‍, പടയൊരുക്കപ്പാട്ടുകള്‍.

Next Story

RELATED STORIES

Share it