Sub Lead

യുപി കോളജില്‍ തലമറക്കുന്നതിന് വിലക്ക്; ഹിജാബ് ധരിച്ചവരെ കോളജില്‍ പ്രവേശിപ്പിച്ചില്ല, വീട്ടിലേക്ക് മടങ്ങി പെണ്‍കുട്ടികള്‍

അലിഗഡിലെ ശ്രീ വര്‍ഷനി കോളജിലാണ് സംഭവം. ശനിയാഴ്ച കോളജില്‍ പുതിയ നോട്ടീസ് പതിച്ചിട്ടുണ്ട്.

യുപി കോളജില്‍ തലമറക്കുന്നതിന് വിലക്ക്; ഹിജാബ് ധരിച്ചവരെ കോളജില്‍ പ്രവേശിപ്പിച്ചില്ല, വീട്ടിലേക്ക് മടങ്ങി പെണ്‍കുട്ടികള്‍
X

ലഖ്‌നൗ: കര്‍ണാടകയില്‍ വന്‍ വിവാദമുയര്‍ത്തിയ ഹിജാബ് വിലക്ക് ഉത്തര്‍ പ്രദേശിലും. അലിഗഢില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കാംപസില്‍ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം. ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ പറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ വീട്ടിലേക്ക് മടങ്ങി. അലിഗഡിലെ ശ്രീ വര്‍ഷനി കോളജിലാണ് സംഭവം. ശനിയാഴ്ച കോളജില്‍ പുതിയ നോട്ടീസ് പതിച്ചിട്ടുണ്ട്. യൂണിഫോം നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാണ് നോട്ടീസ്. അല്ലാത്തവരെ ക്ലാസില്‍ കയറ്റില്ലെന്നും പറയുന്നു. ഹിജാബ് ധരിച്ചെത്തിയ കുട്ടികളെ പിന്നീട് തടയുകയും തിരിച്ചയക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി വീണ്ടും അധികാരത്തിലെത്തിയ പിന്നാലെയാണ് ഉത്തര്‍ പ്രദേശില്‍ പുതിയ വിവാദമുണ്ടാകുന്നത്.

ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് വീട്ടിലേക്ക് പോകുകയാണെന്ന് ബിഎ വിദ്യാര്‍ഥി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ആദ്യം എന്നോട് ബുര്‍ഖയും പിന്നീട് ഹിജാബും മാറ്റാന്‍ ആവശ്യപ്പെട്ടതായി അവസാന വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിനി പ്രതികരിച്ചു. ഹിജാബ് കൊണ്ട് അവര്‍ക്കെന്താണ് പ്രയാസം എന്ന് എനിക്ക് മനസിലായില്ല. ബുര്‍ഖ മാറ്റണമെന്ന ആവശ്യം ഞാന്‍ അംഗീകരിച്ചു. ശേഷം കാംപസില്‍ കയറിയതിനു പിന്നാലെയാണ് ഹിജാബും മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഹിജാബില്ലാതെ ഞാന്‍ പുറത്തിറങ്ങാറില്ല. ഹിജാബ് ധരിച്ച് വന്നാല്‍ ഇനി കാംപസില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നതെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

കോളജില്‍ ഒരു ഡ്രസ് കോഡുണ്ട്. അത് പാലിക്കണമെന്നും ലംഘിച്ചാല്‍ നടപടിയുണ്ടാകുമെന്നുമാണ് നോട്ടീസിലുള്ളതെന്ന് കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബീന ഉപധ്യായ പറഞ്ഞു. പ്രോസ്പക്ടസില്‍ ഡ്രസ് കോഡ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്നാണ് കോളജ് രക്ഷാധികാരി അനില്‍ വര്‍ഷനി പ്രതികരിച്ചത്. കോളജിലെ ചട്ടം പാലിക്കണമെന്ന് മാത്രമാണ് ഞങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് വളരെ പെട്ടെന്ന് ഒരു നോട്ടീസ് ഇറക്കി എന്ന ചോദ്യത്തിന് കോളജിലെ ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ഞങ്ങള്‍ നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്യുന്നത്. കോളജിന് ഡ്രസ് കോഡുണ്ട്. ഇപ്പോള്‍ കുറച്ചുകൂടി കര്‍ശനമായി ഇത് നടപ്പാക്കുകയാണ്.

ഡ്രസ് കോഡ് ഉണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഞാന്‍ വര്‍ഷങ്ങളായി കോളജില്‍ വരുന്നത് ഹിജാബ് ധരിച്ചാണ്. ആര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ല. രണ്ടു വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ മൂന്നാം വര്‍ഷമാണ് ഇവിടെ പഠിക്കുന്നതെന്നും ഒരു വിദ്യാര്‍ഥിനി പ്രതികരിച്ചു. ആഗ്രയിലെ ബിആര്‍ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത കോളജിലാണ് പുതിയ വിവാദം. 7000 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പകുതിയിലധികം പെണ്‍കുട്ടികളാണ്. 500ല്‍ താഴെയാണ് മുസ്ലിം കുട്ടികള്‍.

കര്‍ണാടകയിലെ ഉഡുപ്പിയിലാണ് ഹിജാബ് വിവാദം ഉടലെടുത്തത്. കോളജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്നാണ് വിവാദം ഉടലെടുത്തത്. പിന്നീട്, സംസ്ഥാന സര്‍ക്കാര്‍ ഹിജാബ് ധരിക്കുന്നത് മതപരമായ ആചാരമല്ലെന്ന് പറയുകയും സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നത് വിലക്കുകയും ചെയ്തു. നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറഞ്ഞിട്ടില്ല.

Next Story

RELATED STORIES

Share it