Sub Lead

കശ്മീരിലെ നേതാക്കളെ മോചിപ്പിക്കണം, പൗരത്വ നിയമത്തില്‍ തുല്യത വേണമെന്നും യുഎസ്

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് കൂടുതലറിയാന്‍ ഇന്ത്യന്‍ സന്ദര്‍ശനം സഹായകരമായി. തെരുവുകളിലെ പ്രതിഷേധം, പ്രതിപക്ഷം, മാധ്യമങ്ങള്‍, കോടതികള്‍ എന്നിവ ജനാധിപത്യത്തില്‍ കൂടുതല്‍ കരുത്തേകും. നിയമത്തില്‍ തുല്യ പരിരക്ഷ എന്ന തത്വത്തിന്റെ പ്രധാന്യം തങ്ങള്‍ അടിവരയിടുന്നുവെന്നും ആലിസ് വെല്‍സ് പറഞ്ഞു.

കശ്മീരിലെ നേതാക്കളെ മോചിപ്പിക്കണം, പൗരത്വ നിയമത്തില്‍ തുല്യത വേണമെന്നും യുഎസ്
X

വാഷിങ്ടണ്‍: ജമ്മു കശ്മീരില്‍ തടവിലാക്കിയ രാഷ്ട്രീയ നേതാക്കളെ കുറ്റങ്ങളൊന്നും ചുമത്താതെ ഉടന്‍ വിട്ടയക്കണമെന്നും പൗരത്വ ഭേദഗതി നിയമത്തില്‍ എല്ലാ വിഭാഗക്കാര്‍ക്കും തുല്ല്യ സംരക്ഷണം ഉറപ്പാക്കണമെന്നും മധ്യദക്ഷിണേഷ്യയുടെ ചുമതലയുള്ള യുഎസ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസി. സെക്രട്ടറി ആലീസ് വെല്‍സ്. വിദേശ നയതന്ത്രസംഘം ജമ്മു കശ്മീരില്‍ നടത്തിയ സന്ദര്‍ശനം ഉപകാരപ്രദമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

കശ്മീരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിച്ചതടക്കം ചില നടപടികള്‍ സന്തോഷം നല്‍കുന്നതാണ്. അമേരിക്കയില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള നയതന്ത്ര പ്രതിനിധികളുടെ സന്ദര്‍ശനം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. വളരെ ഫലപ്രദമായ നടപടിയായി ഇതിനെ കാണുന്നുവെന്നും വാഷിങ്ടണില്‍ മാധ്യമങ്ങളോട് ആലിസ് വെല്‍സ് പറഞ്ഞു. 15 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികളാണ് ഈ മാസം ആദ്യം ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇങ്ങനെയാണെങ്കിലും തങ്ങളുടെ നയതന്ത്രജ്ഞര്‍ക്ക് സ്ഥിരമായ സന്ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായും ആലിസ് വ്യക്തമാക്കി.

ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായിട്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആലിസ് വെല്‍സ് ഡല്‍ഹിയിലുമെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് കൂടുതലറിയാന്‍ ഇന്ത്യന്‍ സന്ദര്‍ശനം സഹായകരമായി. തെരുവുകളിലെ പ്രതിഷേധം, പ്രതിപക്ഷം, മാധ്യമങ്ങള്‍, കോടതികള്‍ എന്നിവ ജനാധിപത്യത്തില്‍ കൂടുതല്‍ കരുത്തേകും. നിയമത്തില്‍ തുല്യ പരിരക്ഷ എന്ന തത്വത്തിന്റെ പ്രധാന്യം തങ്ങള്‍ അടിവരയിടുന്നുവെന്നും ആലിസ് വെല്‍സ് പറഞ്ഞു.

ആഗസ്ത് അഞ്ചിന് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് ശേഷം അഞ്ച് മാസത്തിലേറെയായി മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല എംപി, ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവര്‍ ഉള്‍പ്പടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ തടവില്‍ കഴിയുകയാണ്. ഇവരെ എന്ന് മോചിപ്പിക്കും എന്ന കാര്യത്തില്‍ കേന്ദ്രം വ്യക്തത നല്‍കിയിട്ടില്ല. അനുയോജ്യമായ സമയത്ത് മോചിപ്പിക്കുമെന്ന് മാത്രമാണ് ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്റെ മറുപടി.

Next Story

RELATED STORIES

Share it