Sub Lead

ഇന്ത്യയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ കൂട്ടക്കൊലകള്‍ക്ക് സാധ്യതയെന്ന് യുഎസ് ഹോളോകോസ്റ്റ് മ്യൂസിയം

ഇന്ത്യയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ കൂട്ടക്കൊലകള്‍ക്ക് സാധ്യതയെന്ന് യുഎസ് ഹോളോകോസ്റ്റ് മ്യൂസിയം
X

വാഷിങ്ടണ്‍: ഇന്ത്യയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ കൂട്ടക്കൊലകള്‍ക്ക് സാധ്യതയെന്ന് യുഎസ് ഹോളോകോസ്റ്റ് മ്യൂസിയം. കൂട്ടക്കൊലകള്‍ നടക്കാന്‍ സാധ്യത കൂടുതലുള്ള 168 രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. മ്യാന്‍മര്‍, ചാഡ്, സുഡാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്ന് മ്യൂസിയത്തിന്റെ ആഗോള വാര്‍ഷിക പഠന റിപോര്‍ട്ട് പറയുന്നു. രാജ്യത്തെ സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സായുധ സേനകള്‍, പ്രത്യേക വിഭാഗത്തിലെ ആയിരത്തില്‍ അധികം പേരെ ഒരു വര്‍ഷത്തിനുള്ളില്‍ മനപൂര്‍വ്വം കൊല്ലുന്ന ഇന്‍ട്രാസ്റ്റേറ്റ് മാസ് കില്ലിങ് ഇന്ത്യയില്‍ നടക്കാമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ വലിയ തോതില്‍ അക്രമം നടക്കാത്ത, എന്നാല്‍ ഇന്‍ട്രാസ്‌റ്റേറ്റ് മാസ് കില്ലിങ് നടക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളില്‍ ഇന്ത്യയാണ് ഒന്നാമതെന്നും റിപോര്‍ട്ട് പറയുന്നു.

2026 അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യയില്‍ സിവിലിയന്മാര്‍ക്കെതിരെ ബോധപൂര്‍വമായ കൂട്ട അക്രമം നടക്കാനുള്ള സാധ്യത 7.5 ശതമാനമാണ്. മ്യാന്‍മറിലും ചാഡിലും സുഡാനിലും നിലവില്‍ തന്നെ കൂട്ടക്കൊലകള്‍ നടക്കുന്നുണ്ട്. അതിനാല്‍ ഇന്ത്യയാണ് അടുത്ത ഫ്‌ളാഷ് പോയിന്റ്.

അക്രമങ്ങളുടെ സ്വഭാവം തിരിച്ചറിയുന്നതിനായി യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിലെയും ഡാര്‍ട്ട്മൗത്ത് കോളേജിലെയും ഗവേഷകര്‍ പതിറ്റാണ്ടുകളുടെ ഡാറ്റ വിശകലനം ചെയ്തു. കൂട്ട അക്രമം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ ഓരോ രാജ്യങ്ങളിലും എന്താണ് സംഭവിച്ചിരുന്നത് എന്ന് അവര്‍ പരിശോധിച്ചു. ഒരു രാജ്യത്തിന്റെ ജനസംഖ്യ, സാമ്പത്തിക സൂചികകള്‍, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ സ്വഭാവം, സായുധ സംഘട്ടനങ്ങളുടെ കണക്കുകള്‍ തുടങ്ങി 30ല്‍ അധികം കാര്യങ്ങളാണ് പരിശോധിച്ചത്. ചരിത്രപരമായി നോക്കുമ്പോള്‍ ഏകദേശം ഒന്നോ രണ്ടോ രാജ്യങ്ങളില്‍ ഓരോ വര്‍ഷവും കൂട്ടക്കൊലകള്‍ നടക്കുന്നതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടി.

കൂട്ടക്കൊലകള്‍ തടയുന്നതിനായി വിഭവങ്ങള്‍ എവിടെ കേന്ദ്രീകരിക്കണമെന്ന് തീരുമാനിക്കാന്‍ ഉദ്യോഗസ്ഥരെയും സംഘടനകളെയും സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് മ്യൂസിയത്തിലെ സൈമണ്‍-സ്‌ക്‌ജോഡ് സെന്റര്‍ ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ജെനോസൈഡിലെ ഗവേഷണ ഡയറക്ടര്‍ ലോറന്‍സ് വൂച്ചര്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ എഴുതി. യൂറോപ്പിലെ ഹോളോകോസ്റ്റ് തടയാമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയ വൂച്ചര്‍, മുന്നറിയിപ്പ് സൂചനകള്‍ ശ്രദ്ധിക്കുകയും നേരത്തെയുള്ള നടപടി സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തികള്‍ക്കും സര്‍ക്കാരുകള്‍ക്കും ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും പറഞ്ഞു.

സാധാരണക്കാര്‍ക്കെതിരായ വ്യവസ്ഥാപിത ആക്രമണങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുണ്ടോ, തിരഞ്ഞെടുപ്പുകള്‍, രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവയില്‍ എന്താണ് പ്രധാന വിഷയമായി വരുന്നതെന്ന് അധികാരികള്‍ പരിശോധിക്കണമെന്നും റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഒരു രാജ്യത്തിന്റെ വലിയ ജനസംഖ്യ അക്രമത്തിന് കാരണമാകില്ലെന്നും എന്നാല്‍ കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ കൂട്ടക്കൊലകള്‍ ഉണ്ടാവാനുളള സാധ്യത കൂടുതലാണെന്നും റിപോര്‍ട്ട് പറയുന്നു.

2014 മുതല്‍ മ്യൂസിയം ഇത്തരം റിപോര്‍ട്ടുകള്‍ ഇറക്കുന്നുണ്ട്. മ്യാന്‍മറില്‍ രോഹിങ്ഗ്യകള്‍ക്കെതിരായ വംശഹത്യയും ദക്ഷിണ സുഡാനിലെയും എത്യോപ്യയിലെയും കൂട്ടക്കൊലകളെ കുറിച്ച് മുന്നറിയിപ്പുകളുണ്ടായി. പക്ഷേ, അവയ്‌ക്കെതിരേ നടപടികളുണ്ടായില്ലെന്നും ലോറന്‍സ് വൂച്ചര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it