Sub Lead

യുപിയിലെ 'ലൗജിഹാദ്' നിയമം: പ്രതിഷേധവുമായി വനിതകള്‍; മനുഷ്യാവകാശ കമ്മീഷന് കത്തയച്ചു

മൗലികാവകാശങ്ങളായ വിശ്വാസം, സ്വാതന്ത്ര്യം, ശാരീരിക സ്വയംഭരണാധികാരം, തുല്യത തുടങ്ങിയവയില്‍ നിന്ന് സംസ്ഥാനത്തെ സ്ത്രീകളെ ഈ നിയമം തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി കൊങ്കണ സെന്‍ ശര്‍മ, അഭിഭാഷക ഫ്‌ളാവിയ ആഗ്‌നസ്, മാധ്യമ പ്രവര്‍ത്തക പ്രിയ രമണി, ആക്ടിവിസ്റ്റ് ഷബ്‌നം ഹാഷ്മി ഉള്‍പ്പെടെ 1500 ഓളം വനിതകളാണ് എന്‍എച്ച്ആര്‍സിക്ക് കത്തയച്ചത്.

യുപിയിലെ ലൗജിഹാദ് നിയമം: പ്രതിഷേധവുമായി വനിതകള്‍; മനുഷ്യാവകാശ കമ്മീഷന് കത്തയച്ചു
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ 'ലവ് ജിഹാദ്' നിയമം എന്നറിയപ്പെടുന്ന നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ ആശങ്ക അറിയിച്ച് പ്രമുഖ വനിതകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് (എന്‍എച്ച്ആര്‍സി) കത്തെഴുതി. മൗലികാവകാശങ്ങളായ വിശ്വാസം, സ്വാതന്ത്ര്യം, ശാരീരിക സ്വയംഭരണാധികാരം, തുല്യത തുടങ്ങിയവയില്‍ നിന്ന് സംസ്ഥാനത്തെ സ്ത്രീകളെ ഈ നിയമം തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി കൊങ്കണ സെന്‍ ശര്‍മ, അഭിഭാഷക ഫ്‌ളാവിയ ആഗ്‌നസ്, മാധ്യമ പ്രവര്‍ത്തക പ്രിയ രമണി, ആക്ടിവിസ്റ്റ് ഷബ്‌നം ഹാഷ്മി ഉള്‍പ്പെടെ 1500 ഓളം വനിതകളാണ് എന്‍എച്ച്ആര്‍സിക്ക് കത്തയച്ചത്. 'ലവ്ജിഹാദ്' നിയമം 'പുരുഷാധിപത്യ' സ്വഭാവത്തിലുള്ളതാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

മറ്റൊരു വിശ്വാസം പേറുന്ന ആരെയെങ്കിലും വിവാഹം കഴിക്കാന്‍ തിരഞ്ഞെടുക്കുകയും സമ്മതിക്കുകയും ചെയ്യുന്ന പ്രായപൂര്‍ത്തിയായ സ്ത്രീകളെ രക്ഷിക്കേണ്ടതുണ്ടെന്ന ധാരണ ഭരണഘടനയുടെ ആത്മാവിനു വിരുദ്ധമാണെന്നും വനിതകള്‍ ചൂണ്ടിക്കാട്ടി. ലൗ ജിഹാദ് നിയമത്തിന്റെ ഇരകള്‍ മതന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ളവരാണെന്ന് അടുത്തിടെയുണ്ടായ പോലിസ് നടപടികള്‍ തെളിയിക്കുന്നതായും കത്തില്‍ പറയുന്നു.

ഇതുവരെ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് യുപി ഡിജിപിക്ക് നോട്ടീസ് നല്‍കുക, ഈ നിയമ പ്രകാരം കേസില്‍ അകപ്പെട്ടവരുടെ പരാതികള്‍ അന്വേഷിക്കുക, 'ലൗ ജിഹാദ്' നിയമത്തിന് കീഴില്‍ നിയമവിരുദ്ധമായി കേസെടുത്തിട്ടുള്ളവര്‍ക്ക് ഇടക്കാല ആശ്വാസം ഒരുക്കുക, ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, മിശ്ര വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോലിസ് സംരക്ഷണം നല്‍കുക, നിയമത്തിന്റെ ദുരുപയോഗം തടയുന്നതിനും മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനുമായി സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ വനിതകള്‍ ഉയര്‍ത്തി.

ഉത്തര്‍ പ്രദേശ് മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സില്‍ ഇക്കഴിഞ്ഞ നവംബറിലാണ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഒപ്പുവച്ചത്. തെറ്റിദ്ധരിപ്പിച്ചോ ബലപ്രയോഗം നടത്തിയോ അനാവശ്യ സ്വാധീനചെലുത്തിയോ ബലാല്‍ക്കാരമായോ ഒരു മതത്തില്‍ നിന്ന് മറ്റൊന്നിലേക്ക് നിയമവിരുദ്ധമായി പരിവര്‍ത്തനം ചെയ്യുന്നത് തടയുകയെന്നതാണ് നിയമം കൊണ്ടു ലക്ഷ്യമിടുന്നതെന്നാണ് യുപി സര്‍ക്കാരിന്റെ വാദം.

Next Story

RELATED STORIES

Share it