Big stories

മുസ്‌ലിം വീടുകളില്‍ കയറി യുപി പോലിസിന്റെ അതിക്രമം; ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ)യുടെ നേതൃത്വത്തിലാണ് പരാതിക്കാര്‍ ഡല്‍ഹിയില്‍ എത്തിയത്. പോലിസിന്റെ നിയമവിരുദ്ധ നടപടികള്‍ പരിശോധിക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍(എന്‍എച്ച്ആര്‍സി) അധികൃതര്‍ ഉറപ്പ് നല്‍കി.

മുസ്‌ലിം വീടുകളില്‍ കയറി യുപി പോലിസിന്റെ അതിക്രമം; ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി
X

ലഖ്‌നൗ: മുസ് ലിം വീടുകളില്‍ അതിക്രമിച്ച് കയറി സ്ത്രീകളും വയോധികരും ഉള്‍പ്പടെയുള്ളവരെ ഉത്തര്‍പ്രദേശ് പോലിസ് മര്‍ദിക്കുന്നതായി പരാതി. പോലിസ് മര്‍ദനത്തിന് ഇരയായവര്‍ ഡല്‍ഹിയില്‍ എത്തി ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.


ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയില്‍ കൈരാന പോലിസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ യഷ്പാല്‍ ധാമ, സബ് ഇന്‍സ്‌പെക്ടര്‍മാരായ ആഷീഷ് ആഷീഷ്, ധര്‍മേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം മുസ്‌ലിം വീടുകളില്‍ അതിക്രമിച്ച് കയറി സ്ത്രീകളെയും മുതിര്‍ന്നവരെയും ക്രൂരമായി മര്‍ദിച്ചതായാണ് പരാതി. പോലിസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ബന്ധിച്ചുകൊണ്ടായിരുന്നു മര്‍ദനം.

സ്ത്രീകളെ ഉള്‍പ്പടെ മര്‍ദനത്തിന് ഇരയായവരാണ് ഇന്നലെ ദില്ലിയിലെത്തി പോലിസ് അതിക്രമങ്ങള്‍ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതി നല്‍കിയത്. ന്യൂനപക്ഷങ്ങളുടെ ജീവിതവും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് കമ്മീഷന്റെ അടിയന്തര നടപടി സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍സിഎച്ച്ആര്‍ഒ)യുടെ നേതൃത്വത്തിലാണ് പരാതിക്കാര്‍ ഡല്‍ഹിയില്‍ എത്തിയത്. പോലിസിന്റെ നിയമവിരുദ്ധ നടപടികള്‍ പരിശോധിക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍(എന്‍എച്ച്ആര്‍സി) അധികൃതര്‍ ഉറപ്പ് നല്‍കി. എന്‍സിഎച്ച്ആര്‍ഒ ദില്ലി സംസ്ഥാന കമ്മിറ്റി അംഗം അസിം നാവേദ് ഇരകളോടൊപ്പം ഉണ്ടായിരുന്നു.

പൗരത്വ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി യുപി പോലിസ് ക്രൂരമായ മര്‍ദനങ്ങളാണ് മുസ് ലിംകള്‍ക്കെതിരേ അഴിച്ചുവിടുന്നത്. മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ വ്യാപകമായ വംശീയ അതിക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പോലിസ് അതിക്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പോലിസ് വെടിവയ്പ്പില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട സംസ്ഥാനവും ഉത്തര്‍പ്രദേശാണ്.

യുപിയില്‍ എത്തുന്ന ആക്ടിവിസ്റ്റുകളേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും പോലിസ് തടഞ്ഞുവെച്ച് മടക്കി അയച്ച സംഭവങ്ങളും വാര്‍ത്തയായിരുന്നു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍, ഡോ. കഫീല്‍ ഖാന്‍ ഉള്‍പ്പടേയുള്ളവരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെത്തിയ ഡോ. കഫീല്‍ ഖാനെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it