Sub Lead

താടി വളര്‍ത്തിയതിനു യുപിയില്‍ മുസ്‌ലിം പോലിസുകാരനു സസ്‌പെന്‍ഷന്‍

കഴിഞ്ഞ 25 വര്‍ഷത്തെ സര്‍വീസിനിടെ താടി തനിക്ക് ഒരിക്കല്‍പോലും പ്രശ്‌നമായി മാറിയിരുന്നില്ലെന്നു രമല പോലിസ് സ്റ്റേഷനിലെ സസ്‌പെന്റ് ചെയ്യപ്പെട്ട എസ് ഐ ഇന്‍തിസാര്‍ അലി പറഞ്ഞു.

താടി വളര്‍ത്തിയതിനു യുപിയില്‍ മുസ്‌ലിം പോലിസുകാരനു സസ്‌പെന്‍ഷന്‍
X

ന്യൂഡല്‍ഹി: അനുമതിയില്ലാതെ താടി വളര്‍ത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മുസ്‌ലിം പോലിസുകാരനെ സസ്‌പെന്റ് ചെയ്തു. ബാഗ്പത് ജില്ലയിലെ രമല പോലിസ് സ്റ്റേഷനിലെ എസ് ഐ ഇന്‍തിസാര്‍ അലിക്കാണ് ദുരനുഭവം. മേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങാതെ താടി നീട്ടിവളര്‍ത്തിയെന്നും ഇത് പോലിസിന്റെ ഡ്രസ്‌കോഡ് ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. എന്നാല്‍, ഇതിനു വേണ്ടി അനുമതിക്കായി കഴിഞ്ഞ നവംബറില്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ലെന്നും ഇന്‍തിസാര്‍ അലി പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തെ സര്‍വീസിനിടെ താടി തനിക്ക് ഒരിക്കല്‍പോലും പ്രശ്‌നമായി മാറിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യുപി പോലിസ് ചട്ടമനുസരിച്ച് സിഖുകാര്‍ക്ക് ഒഴികെ മറ്റു മതവിഭാഗങ്ങള്‍ക്കു താടി നീട്ടി വളര്‍ത്തണമെങ്കില്‍ പോലിസിന്റെ മുന്‍കൂര്‍ അനുമതി തേടണം. ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ഡ്രസ് കോഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും നേരത്തേ ഇക്കാര്യത്തില്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നുവെന്നും ബാഗ്പാത് എസ് പി അഭിഷേക് സിങ് പറഞ്ഞു. എസ്‌ഐ ഡ്രസ്‌കോഡ് തെറ്റിച്ചു. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ശേഷമാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇക്കാര്യത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

2019 നവംബറിലാണ് ഞാന്‍ അനുമതി തേടി കത്തെഴുതിയതെന്നും 25 വര്‍ഷമായി ഞാന്‍ യുപി പോലിസില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഇതുവരെ താടി വയ്ക്കുന്നതില്‍ നിന്ന് ആരും എന്നെ തടഞ്ഞിരുന്നില്ലെന്നും ഇന്‍തിസാര്‍ അലി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മുതല്‍ പല തവണ താടി വെട്ടാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞിരുന്നു. ഞാന്‍ 1994ല്‍ കോണ്‍സ്റ്റബിളായാണ് ജോലിക്കു ചേര്‍ന്നത്. ആ സമയത്ത് എനിക്ക് ചെറിയ താടിയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, എനിക്ക് എല്ലായ്‌പ്പോഴും ഈ നീളമുള്ള താടിയുണ്ട്. കഴിഞ്ഞ വര്‍ഷം അവധി ചോദിക്കാന്‍ ഞാന്‍ പോയപ്പോള്‍ അക്കാലത്തെ എസ്പി പ്രതാപ് ഗോപേന്ദ്ര യാദവ് എന്റെ താടിയെ ചോദ്യം ചെയ്തു. ഇത്രയും വര്‍ഷത്തെ സേവനത്തില്‍ എനിക്ക് മറ്റ് സ്ഥലങ്ങളിലും നിയമിച്ചിട്ടുണ്ട്. പക്ഷേ ആരും എന്നെ താടി വച്ചതിനു തടഞ്ഞിട്ടില്ല. അതിനാല്‍ തന്നെ താടി വളര്‍ത്താന്‍ അനുമതി തേടി ഞാന്‍ ഒരു കത്ത് നല്‍കിയിരുന്നു. പക്ഷേ എനിക്ക് ഇപ്പോഴും അതിനു മറുപടി ലഭിച്ചിട്ടില്ലെന്നും ഇന്തിസാര്‍ അലി പറഞ്ഞു.

സസ്‌പെന്‍ഡ് ചെയ്ത എസ്ഐയുടെ അപേക്ഷ എന്തുകൊണ്ട് തീര്‍പ്പുകല്‍പ്പിച്ചിട്ടില്ലെന്ന് എസ്പി അഭിഷേക് സിങ്ങിനോടു ചോദിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭ്യമല്ലെന്ന് പിആര്‍ഒ മനോജ് സിങ് അറിയിച്ചതായി ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു. അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ഇന്‍തിസാര്‍ അലി ഡ്യൂട്ടിയിലുണ്ടാകില്ല. അന്വേഷണത്തിനു ശേഷം അദ്ദേഹത്തെ പുന:നിയമനം നല്‍കണമോയെന്നു തീരുമാനിക്കുമെന്നും പിആര്‍ഒ പറഞ്ഞു.




Next Story

RELATED STORIES

Share it