Sub Lead

'ജിഎസ്ടി നയം ബിസിനസ് നശിപ്പിച്ചു'; യുപിയില്‍ ഫേസ്ബുക്ക് ലൈവില്‍ വിഷം കുടിച്ച് വ്യവസായിയും ഭാര്യയും, ഭാര്യ മരിച്ചു

ജിഎസ്ടി നയം ബിസിനസ് നശിപ്പിച്ചു; യുപിയില്‍ ഫേസ്ബുക്ക് ലൈവില്‍ വിഷം കുടിച്ച് വ്യവസായിയും ഭാര്യയും, ഭാര്യ മരിച്ചു
X

ബാഗ്പത്: ഉത്തര്‍പ്രദേശില്‍ സാമ്പത്തികബാധ്യതയെത്തുടര്‍ന്ന് വ്യവസായി ഭാര്യയ്‌ക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ബാഗ്പത്തിലെ ഷൂ വ്യാപാരിയായ രാജീവ് തോമറും ഭാര്യ പൂനവുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലായ 38കാരിയായ ഭാര്യ പൂനം തോമര്‍ മരണത്തിന് കീഴടങ്ങി. തോമര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ബാഗ്പത്തില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. ആത്മഹത്യയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.


40 കാരനായ രാജീവ് തോമര്‍ ഒരു കവര്‍ വലിച്ചുകീറുകയും അതിനുള്ളിലെ വസ്തു വിഴുങ്ങുകയും ഭാര്യ തടയാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍. ഭാര്യ തോമറിനെ വിഷം തുപ്പിക്കളയാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ജിഎസ്ടിയാണ് തന്റെ ബിസിനസിനെ നശിപ്പിച്ചതെന്ന് തോമര്‍ കണ്ണീരോടെ വീഡിയോയില്‍ പറയുന്നു. നയങ്ങള്‍ മാറ്റണമെന്ന് മോദിയോട് തോമര്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നു. കടങ്ങള്‍ വീട്ടും. മരിച്ചാലും പണം നല്‍കും. എങ്കിലും എല്ലാവരും ഈ വീഡിയോ പരമാവധി ഷെയര്‍ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

താന്‍ ഒരു ദേശവിരുദ്ധനല്ല, തനിക്ക് തന്റെ രാജ്യത്തില്‍ വിശ്വാസമുണ്ട്. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറയാനുള്ളത്, നിങ്ങള്‍ ചെറുകിട വ്യാപാരികളുടെയും കര്‍ഷകരുടെയും അഭ്യുദയകാംക്ഷിയല്ല. നിങ്ങളുടെ നയങ്ങള്‍ മാറ്റൂ- തോമര്‍ വീഡിയോയില്‍ പറയുന്നു. ഫേസ്ബുക്ക് ലൈവ് വീഡിയോ കണ്ട ബന്ധുക്കളും സുഹൃത്തുക്കളുമാണ് പോലിസിനെ വിവരമറിയിച്ചത്. പോലിസ് എത്തുമ്പോള്‍ തോമറും ഭാര്യയും അവശനിലയിലായിരുന്നു. ഇരുവരെയും പോലിസ് ആശുപത്രിയിലെത്തിച്ചു.

എന്നാല്‍, പൂനം തോമര്‍ ആശുപത്രിയില്‍ മരിച്ചു. രണ്ട് കുട്ടികളുടെ പിതാവായ തോമര്‍ കുറച്ചുകാലമായി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ആത്മഹത്യയ്ക്ക് ഒരുദിവസം മുമ്പ്, 15 ഉം 11 ഉം വയസ്സുള്ള തന്റെ രണ്ട് ആണ്‍മക്കളുടെ ഒരു ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. അവന്‍ പ്രതിസന്ധിയിലാണെന്ന് തങ്ങള്‍ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അദ്ദേഹം നല്ല തമാശക്കാരനായ വ്യക്തിയായിരുന്നു. വിഷാദരോഗം അദ്ദേഹത്തെ പിടികൂടിയതായി ഇപ്പോള്‍ തോന്നുന്നു. എന്നാല്‍, തനിക്ക് പ്രശ്‌നങ്ങളുള്ള കാര്യം അദ്ദേഹം ഞങ്ങളോട് പറഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച വ്യക്തിയായിരുന്നു അദ്ദേഹം- അമ്മാവന്‍ വി കെ തോമര്‍ പറഞ്ഞു.

എന്നാല്‍, കൊവിഡ് മഹാമാരി ബിസിനസിനെ മോശമായി ബാധിച്ചതായി തോമറിന്റെ ഷോറൂമിന് സമീപം പ്രവര്‍ത്തിക്കുന്ന മറ്റ് വ്യാപാരികള്‍ സമ്മതിക്കുന്നു. തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ തോമര്‍ ബിജെപിയെ പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാറുണ്ടായിരുന്നു. ബാഗ്പത് എംപി സത്യപാല്‍ സിങ്, മുസാഫര്‍നഗര്‍ എംപി സഞ്ജീവ് ബല്യാന്‍, കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോകളും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍, ബിജെപിയുമായി അദ്ദേഹത്തിന് ഔദ്യോഗിക ബന്ധമൊന്നുമുണ്ടായിരുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. യുപിയിലുടനീളമുള്ള ചെറുകിട കച്ചവടക്കാര്‍ക്കിടയിലും ബിസിനസുകാര്‍ക്കിടയിലും ഇത്തരത്തിലുള്ള ദുരിതമാണ് ഞങ്ങള്‍ കാണുന്നതെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക പ്രകാശന വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പ്രിയങ്കാ ഗാന്ധി പറഞ്ഞു. നോട്ട് നിരോധനവും ജിഎസ്ടിയും ലോക്ക് ഡൗണും അവരെ ഏറ്റവും കൂടുതല്‍ ബാധിച്ചു. രാജീവ് ഉടന്‍ സുഖം പ്രാപിക്കട്ടെയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു- അവര്‍ ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it