Sub Lead

ഉന്നാവോ ഇര അപകടത്തിൽപെട്ട സംഭവം: കേസ് സിബിഐ അന്വേഷിച്ചേക്കും

അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസും, എസ്പിയും ഇടത് പാര്‍ട്ടികളും നോട്ടീസ് നല്‍കി.

ഉന്നാവോ ഇര അപകടത്തിൽപെട്ട സംഭവം: കേസ് സിബിഐ അന്വേഷിച്ചേക്കും
X

ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കാറില്‍ ലോറിയിടിച്ച സംഭവം സിബിഐ അന്വേഷിച്ചേക്കും. സിബിഐ അന്വേഷിക്കണമെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പോലിസ് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. കുടുംബത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസും, എസ്പിയും ഇടത് പാര്‍ട്ടികളും നോട്ടീസ് നല്‍കി. ക്രമസമാധാനം സംസ്ഥാനത്തിന്‍റെ വിഷയമാണെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രി വിഷയം പരിശോധിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു സഭയില്‍ പറഞ്ഞു.

ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നിട്ട് കൂടി ഉന്നാവോ ഇരയ്ക്കുനേരെയുണ്ടായ അപകടം സാധാരണ അപകടമെന്ന നിലയ്ക്ക് നിസാരമായാണ് യുപി പോലിസ് കൈകാര്യം ചെയ്യുന്നത്. നമ്പര്‍ ചുരണ്ടിക്കളഞ്ഞ ശേഷം നമ്പര്‍ പ്ലേറ്റില്‍ കറുത്ത പെയ്ന്റ് അടിച്ചാണ് ലോറി എത്തിയത്. അതേസമയം ലോറിയുടെ നമ്പര്‍ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് യുപി പോലിസിന്റെ അവകാശവാദം. അതേസമയം, കാര്‍ അപകടത്തില്‍ ദുരൂഹതയേറുകയാണ്. ഇരയായ പെണ്‍കുട്ടിക്ക് പോലിസ് അനുവദിച്ച സുരക്ഷ അപകടം നടക്കുമ്പോള്‍ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. കോടതി അനുവദിച്ചിരുന്ന പോലിസ് സുരക്ഷ രണ്ടുദിവസം മുമ്പാണ് യുപി പോലിസ് പിന്‍വലിച്ചത്. എന്നാല്‍ അപകടത്തില്‍ ദുരൂഹതയില്ലെന്നും, ലോറിയുടെ അമിത വേഗതയാണ് അപകടകാരണമെന്നും യുപി ഡിജിപി അവകാശപ്പെട്ടു.

ബിജെപി എംഎല്‍എയ്‍ക്കെതിരെ ലൈംഗിക പീഡനക്കേസ് ഫയല്‍ ചെയ്തും നീതിക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുമ്പില്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചും രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറാണ് കഴിഞ്ഞരാത്രി അപകടത്തില്‍പ്പെട്ടത്. എംഎല്‍എയുടെ സഹോദരനെ മര്‍ദ്ദിച്ചുവെന്ന കേസില്‍ ജയിലില്‍ കഴിയുന്ന അമ്മാവനെ കണ്ടുമടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിക്കെതിരെ വധശ്രമമുണ്ടായത്. കാർ അപകടത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. അഭിഭാഷകനും പെൺകുട്ടിക്കും ഗുരുതരമായി പരുക്കേറ്റു.

അതിനിടെ, അപകടത്തിന് പിന്നിൽ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻ​ഗറാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. നേരത്തെയും കുടുംബത്തിനെതിരേ എംഎൽഎയുടെ ആളുകൾ വധഭീഷണി മുഴക്കിയിരുന്നെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

Next Story

RELATED STORIES

Share it