Sub Lead

ഡല്‍ഹി തിരഞ്ഞെടുപ്പ്: കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പണം വിതരണം ചെയ്‌തെന്ന് ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി തിരഞ്ഞെടുപ്പ്: കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പണം വിതരണം ചെയ്‌തെന്ന് ആം ആദ്മി പാര്‍ട്ടി
X

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരാജ് സിങ് വോട്ടെടുപ്പിന് മുന്നോടിയായി പണം വിതരണം ചെയ്യുകയാണെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് രംഗത്ത്. പണവും മദ്യവും വിതരണം ചെയ്യാനായി 240 എംപിമാരെ വിവിധ നിയോജകമണ്ഡലങ്ങളില്‍ പാര്‍പ്പിക്കാന്‍ ബിജെപി തീരുമാനിച്ചതായും അദ്ദേഹം ട്വിറ്ററില്‍ ആരോപിച്ചു. 'കേന്ദ്രമന്ത്രി ഗിരാജ് സിങിനെ റിഥാല നിധാന്‍ സഭ ബുദ്ധ വിഹാര്‍ ഒന്നില്‍ പണം വിതരണം ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടു. വിവിധ മണ്ഡലങ്ങളില്‍ പണവും മദ്യവും വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം എംപിമാര്‍ക്ക് ബിജെപി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം ഗിരാജ് സിങിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാത്രമല്ല, ഗിരിരാജ് സിങിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിഥാല നിയമസഭയിലെ ബുദ്ധ വിഹാര്‍ ഒന്നാം ഫേസിലെ സംഭവസ്ഥലത്ത് മാധ്യമങ്ങള്‍ എത്തിച്ചേരണം. 240 എംപിമാരും ബിജെപി മന്ത്രിമാരും ഡല്‍ഹിയിലെ വിവിധ നിയമസഭകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഞാന്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നതായും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പിനു മണിക്കൂറുകള്‍ ബാക്കിയിരിക്കെയാണ് കേന്ദ്രമന്ത്രിക്കെതിരേ ഗുരുതര ആരോപണമുയര്‍ന്നിട്ടുള്ളത്. ശനിയാഴ്ച രാവിലെ ഏഴുമുതലാണ് വോട്ടെടുപ്പ്.




Next Story

RELATED STORIES

Share it