Latest News

ഇന്ത്യയിലും യുകെയിലും പുതിയ എംപോക്‌സ് വകഭേദം; ജനിതക നിരീക്ഷണം ശക്തമാക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം

ഇന്ത്യയിലും യുകെയിലും പുതിയ എംപോക്‌സ് വകഭേദം; ജനിതക നിരീക്ഷണം ശക്തമാക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം
X

ന്യൂഡല്‍ഹി: ഇന്ത്യയിലും യുകെയിലും രണ്ടു പുതിയ എംപോക്‌സ് വൈറസ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളാണിവ. മുന്‍പ് റിപോര്‍ട്ട് ചെയ്ത രണ്ടു വകഭേദങ്ങളില്‍ നിന്നുള്ള ജനിതക ഘടകങ്ങള്‍ പുതിയ വകഭേദത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. വൈറസ് ബാധിതരില്‍ തുടര്‍ച്ചയായ ജനിതക നിരീക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. റിപോര്‍ട്ട് ചെയ്യപ്പെടാത്ത സമാന കേസുകള്‍ ഉണ്ടായിരിക്കാമെന്നും സംഘടന ചൂണ്ടിക്കാട്ടി.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തേക്ക് യാത്ര ചെയ്ത യുകെ സ്വദേശിയിലും അറേബ്യന്‍ ഉപദ്വീപിലെ ഒരു രാജ്യത്ത് സന്ദര്‍ശനം നടത്തിയ ഇന്ത്യക്കാരനിലുമാണ് പുതിയ വകഭേദം കണ്ടെത്തിയത്. യാത്രയ്ക്ക് പിന്നാലെ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇരുവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. പുതിയ വകഭേദം ഗുരുതരമായ ആരോഗ്യപ്രതിസന്ധികള്‍ സൃഷ്ടിച്ചെന്ന റിപോര്‍ട്ടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

രോഗലക്ഷണങ്ങള്‍

മങ്കിപോക്‌സ് എന്നറിയപ്പെട്ടിരുന്ന എംപോക്‌സ് ഒരു വൈറല്‍ അണുബാധയാണ്. പ്രാരംഭഘട്ടത്തില്‍ പനി, തലവേദന, പേശിവേദന, ക്ഷീണം തുടങ്ങിയ പനി പോലുള്ള ലക്ഷണങ്ങള്‍ കാണപ്പെടും. തുടര്‍ന്ന് മുഖം, ജനനേന്ദ്രിയങ്ങള്‍, മലദ്വാരം എന്നിവയുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക തരത്തിലുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടും. ചുണങ്ങ് വിവിധ ഘട്ടങ്ങളിലൂടെ വികസിച്ച് പിന്നീട് ഉണങ്ങി പൊഴിഞ്ഞു മാറും.

പ്രതിരോധ മാര്‍ഗങ്ങള്‍

രോഗബാധിതരുമായി, പ്രത്യേകിച്ച് ചുണങ്ങുള്ള വ്യക്തികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നത് പകര്‍ച്ചയ്ക്ക് ഇടയാക്കാം. രോഗിയുടെ കിടക്ക, തൂവാല്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ സ്പര്‍ശിക്കുന്നതും ദീര്‍ഘനേരം മുഖാമുഖം സമ്പര്‍ക്കം പുലര്‍ത്തുന്നതുമൂലം വൈറസ് പകരാം.

സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക, ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുമായി ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക, മലിനമായ വസ്തുക്കള്‍ കൈകാര്യം ചെയ്യാതിരിക്കുക എന്നിവ പ്രധാന മുന്‍കരുതലുകളാണ്. രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ വൈദ്യോപദേശം തേടണമെന്നും, മറ്റുള്ളവരിലേക്ക് പകര്‍ച്ച തടയുന്നതിനായി സ്വയം ഐസൊലേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

Next Story

RELATED STORIES

Share it