Sub Lead

കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരേ തീവ്രവാദ ആരോപണം:പ്രതിഷേധിച്ച യൂനിയന്‍ ചെയര്‍മാനു സസ്‌പെന്‍ഷന്‍

അമീന്‍ അബ്ദുല്ലയോട് ഹോസ്റ്റല്‍ റൂം ഒഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്

കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരേ തീവ്രവാദ ആരോപണം:പ്രതിഷേധിച്ച യൂനിയന്‍ ചെയര്‍മാനു സസ്‌പെന്‍ഷന്‍
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരേ തീവ്രവാദ ആരോപണം ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രിന്‍സിപ്പലിനെ ഉപരോധിച്ചതിനു മെഡിക്കല്‍ കോളജ് യൂനിയന്‍ ചെയര്‍മാന്‍ അമീന്‍ അബ്്ദുല്ലയെ സസ്‌പെന്റ് ചെയ്തു. പ്രിന്‍സിപ്പലിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് കേസന്വേഷണ കാലാവധി തീരും വരെ സസ്‌പെന്റ് ചെയ്തത്. മാത്രമല്ല, അമീന്‍ അബ്ദുല്ലയോട് ഹോസ്റ്റല്‍ റൂം ഒഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, മറ്റു വിദ്യാര്‍ഥികള്‍ക്കെതിരേയും നടപടിയുണ്ടാവുമെന്നാണു സൂചന.യുപിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ പങ്കെടുപ്പിച്ച് ഒരുവര്‍ഷം മുമ്പ് കോളജ് യൂനിയന്‍ നടത്തിയ സംവാദത്തില്‍ ദേശവിരുദ്ധ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ ചെയര്‍മാനായ ആശുപത്രി വികസന സമിതിയും സിറ്റി പോലിസ് ചീഫ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ആശുപത്രി വികസന സമിതിയുടെ ആവശ്യപ്രകാരം പ്രിന്‍സിപ്പല്‍ പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. ഇതിന്റെ പേരുപറഞ്ഞാണ് കോളജ് യൂനിയന്‍ ചെയര്‍മാന്‍ അമീന്‍ അബ്ദുല്ലയെ സസ്‌പെന്റ് ചെയ്തത്.

2018 മെയ് 13നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ എല്‍ആര്‍സി ഹാളില്‍ ഡോ. കഫീല്‍ ഖാന്‍ പങ്കെടുത്ത സംവാദം നടന്നത്. ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി ആര്‍ക്കും പങ്കെടുക്കാവുന്ന വിധത്തിലാണ് പരിപാടി നടത്തിയത്. മാത്രമല്ല, ഫേസ്ബുക്ക് ലൈവിലൂടെ കഫീല്‍ ഖാന്റെ പ്രസംഗം മുഴുവനും പ്രക്ഷേപണം ചെയ്യുകയുമുണ്ടായി. എന്നാല്‍, യുപിയില്‍ സംഘപരിവാരം നിരന്തരം വേട്ടയാടുന്ന ഡോ. കഫീല്‍ ഖാന്‍ കോഴിക്കോട് നടത്തിയ പരിപാടിക്കെതിരേ ആദ്യം രംഗത്തെത്തിയത് ബിജെപിയായിരുന്നു. ചടങ്ങ് രാജ്യദ്രോഹപരമാണെന്നും കഫീല്‍ ഖാന്‍ രാജ്യവിരുദ്ധ പ്രസംഗം നടത്തിയെന്നും ആരോപിച്ച് ബിജെപി ആശുപത്രി വികസന സമിതിക്ക് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തിയ പ്രിന്‍സിപ്പല്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പരിപാടി നടന്ന് ഒരു വര്‍ഷം പിന്നിടാറായപ്പോഴാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘപരിവാരം വീണ്ടും രംഗത്തെത്തിയത്. പ്രിന്‍സിപ്പലിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു പറഞ്ഞ് പ്രതിഷേധവുമായെത്തിയ ബിജെപിയെ സിപിഎമ്മും പിന്തുണയ്ക്കുകയായിരുന്നു. മെഡിക്കല്‍ കോളജിനെതിരായ നീക്കത്തില്‍ വിവിധ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ 16 വര്‍ഷമായി വിവിധ വിദ്യാര്‍ഥി സംഘടനകളുടെ കൂട്ടായ്മയായ ഇന്‍ഡിപെന്‍ഡന്‍സാണ് മെഡിക്കല്‍ കോളജ് യൂനിയന്‍ ഭരിക്കുന്നത്. എസ്എഫ്‌ഐയ്ക്ക് മേധാവിത്വം ലഭിക്കുന്നില്ലെന്നു മാത്രമല്ല, നിരന്തരം പരാജയപ്പെടുകയും ചെയ്യുന്നത് എസ്എഫ്‌ഐയ്ക്കും സിപിഎമ്മിനും നാണക്കേടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്‍ഡിപെന്‍ഡന്‍സിനെതിരേ നേരത്തെയും വിവിധ നുണക്കഥകള്‍ പ്രചരിപ്പിച്ചിരുന്നു. അഭിമന്യൂ വധത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം മുഖപത്രം നല്‍കിയ വാര്‍ത്തയില്‍ 'ഇസ്‌ലാമിക് പുഞ്ചിരി'യിലൂടെ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചത് ഏറെ വിവാദമായിരുന്നു.


Next Story

RELATED STORIES

Share it