Top

യുപിയിലെ തൊഴില്‍രഹിതരായ ബിരുദധാരികള്‍ തൊഴിലുറപ്പ് ജോലിക്കിറങ്ങുന്നു

ലോക്ക്ഡൗണിന് മുമ്പ് ഒരു ദിവസം ശരാശരി 20 എംജിഎന്‍ആര്‍ജിഎ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് ഒരു ദിവസം 100 ലേറെയായി ഉയര്‍ന്നു.

യുപിയിലെ തൊഴില്‍രഹിതരായ ബിരുദധാരികള്‍ തൊഴിലുറപ്പ് ജോലിക്കിറങ്ങുന്നു
X

ലക്‌നോ: ഉത്തര്‍പ്രദേശില്‍ തൊഴില്‍രഹിതരായ ബിരുദധാരികള്‍ തൊഴിലുറപ്പ് ജോലിക്കിറങ്ങുന്നു. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ 30 ലക്ഷത്തോളം അന്തര്‍ സംസ്ഥാന തൊഴിലാളി കുടുംബങ്ങള്‍ക്കു വേണ്ടി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്(എംജിഎന്‍ആര്‍ഇജിഎ) പദ്ധതി സംസ്ഥാനത്ത് വിപുലീകരിച്ചതോടെയാണ് ബിരുദ ധാരികള്‍ കൂട്ടത്തോടെ തൊഴില്‍തേടിയെത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ തൊഴിലെടുത്തവര്‍ മാത്രമല്ല, തൊഴിലുറപ്പ് പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായുള്ള ദൈനംദിന ജോലികള്‍ തേടുന്നതെന്നാണു റിപോര്‍ട്ടുകള്‍.

'ഞാന്‍ ഒരു ജോലി ചെയ്യുകയും മാന്യമായ പണം സമ്പാദിക്കുകയും ചെയ്യുകയായിരുന്നു. പക്ഷേ ലോക്ക്ഡൗണിനുശേഷം പിരിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടു'-ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നിന്നുഴ്‌ഴ എം ബിരുദ ധാരിയായ റോഷന്‍ കുമാര്‍ പറഞ്ഞു. കുളങ്ങള്‍ കുഴിക്കുക, ഗ്രാമീണ റോഡുകള്‍ നിര്‍മിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ തയ്യാറായ ബിരുദ-ബിരുദാനന്തര ബിരുദധാരികളില്‍ ഒരാളാണ് റോഷന്‍ കുമാര്‍. സാധാരണയായി അവിദഗ്ദ്ധ തൊഴിലാളികള്‍ ചെയ്യുന്ന ജോലിയാണിത്.

'എനിക്ക് ബിബിഎ ബിരുദമുണ്ട്. പക്ഷേ, മാന്യമായ ഒരു ജോലിയില്ല. ഒടുവില്‍ മാസം 6,000-7,000 രൂപ ലഭിക്കുന്ന ഒരു ജോലി ലഭിച്ചു. അപ്പോഴാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയത്. അതോടെ ജോലി പോയി. അതിനാല്‍, ഞാന്‍ എന്റെ ഗ്രാമത്തിലേക്കു തിരിച്ചുവന്നു. എംജിഎന്‍ആര്‍ജിഎ ജോലിക്കായി ഗ്രാമപ്രധാന്‍ (ഗ്രാമത്തലവന്‍) എന്നെ സഹായിച്ചു'-ബിബിഎ ബിരുദധാരിയായ സതേന്ദ്ര കുമാര്‍ പറഞ്ഞു. എനിക്ക് എംഎയും ബിഎഡ് ബിരുദവും ഉണ്ട്. ജോലി ലഭിക്കുന്നതിനു മുമ്പ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പിന്നെ തൊഴിലുറപ്പ് പദ്ധതിയല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നുവെന്ന് എംഎ ബിരുദധാരിയായ സുര്‍ജിത് കുമാര്‍ പറയുന്നു.

കൊവിഡ് ലോക്ക് ഡൗണ്‍ കാരണം സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ 30 ലക്ഷം പേര്‍ക്കു ജോലി നല്‍കുന്നതിനു വേണ്ടിയാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എംജിഎന്‍ആര്‍ജിഎ പ്രകാരമുള്ള തൊഴില്‍ വര്‍ധിപ്പിച്ചത്. ലോക്ക്ഡൗണിന് മുമ്പ് ഒരു ദിവസം ശരാശരി 20 എംജിഎന്‍ആര്‍ജിഎ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് ഒരു ദിവസം 100 ലേറെയായി ഉയര്‍ന്നു. ഇതില്‍തന്നെ അഞ്ചിലൊന്നും ബിരുദ ധാരികളോ ലോക്ക് ഡൗണില്‍ ജോലി നഷ്ടപ്പെട്ടവരോ ആണ്. 'ലോക്ക്ഡൗണില്‍ ജോലിയും ഉപജീവനവും നഷ്ടപ്പെട്ടവരും എംജിഎന്‍ആര്‍ഇജിഎ ജോലിക്കായി അപേക്ഷിക്കുന്നുണ്ടെന്ന് ജുനൈദ്പൂരിലെ വില്ലേജ് മേധാവി വീരേന്ദ്ര സിങ് പറഞ്ഞു.

രാജ്യത്തുടനീളം 14 കോടി പേര്‍ക്കാണ് എംജിഎന്‍ആര്‍ജിഎ തൊഴില്‍ കാര്‍ഡുകളുള്ളത്. ഓരോ കാര്‍ഡ് ഉടമയ്ക്കും വര്‍ഷം 100 ദിവസത്തെ തൊഴില്‍ ഉറപ്പുനല്‍കുന്നുണ്ട്. ഇത്തരത്തില്‍ സര്‍ക്കാരിന് 2.8 ലക്ഷം കോടി രൂപയാണ് കൂലിയിനത്തില്‍ ആവശ്യമുള്ളത്. എംഎന്‍ആര്‍ജിഎയ്ക്കു കീഴില്‍ ജോലി ആഗ്രഹിക്കുന്ന ഓരോരാള്‍ക്കും അത് ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും അതിനായി ബജറ്റ് കൂടുതല്‍ തുക ആവശ്യമാണെന്നും സാമ്പത്തിക വിദഗ്ധ റീതിക ഖേര പറഞ്ഞു. ഏപ്രില്‍ ഒന്നിന് ശേഷം രാജ്യത്തൊട്ടാകെ 35 ലക്ഷം പേരാണ് എംജിഎന്‍ആര്‍ജിഎയ്ക്ക് അപേക്ഷിച്ചത്. ഈ ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ മാസം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ 'ആത്മ നിര്‍ഭാര ഭാരത് അഭിയാന്‍' പാക്കേജിന് കീഴിലുള്ള അഞ്ചാമത്തെയും അവസാനത്തെയുമുള്ള നടപടികളെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ തൊഴിലുറപ്പ് പദ്ധതിക്കു 40,000 കോടി രൂപ അധികമായി അനുവദിച്ചിരുന്നു. സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റില്‍ അനുവദിച്ച 60,000 കോടി രൂപയ്ക്കു പുറമെയാണിത്. നടപ്പ് സാമ്പത്തിക വര്‍ഷം 300 കോടി വ്യക്തിഗത ദിനങ്ങള്‍ സൃഷ്ടിക്കാന്‍ അധിക തുക സഹായിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it