Sub Lead

യുക്രെയ്ന്‍ രക്ഷാദൗത്യം: നാല് എംപിമാരെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയച്ച് തമിഴ്‌നാട്

യുക്രെയ്ന്‍ രക്ഷാദൗത്യം: നാല് എംപിമാരെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയച്ച് തമിഴ്‌നാട്
X

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ നാട്ടിലേക്കെത്തിക്കാനായി നാല് ജനപ്രതിനിധികളെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് അയച്ച് തമിഴ്‌നാട്. ഇവര്‍ യുക്രെയ്‌ന്റെ അയല്‍രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, പോളണ്ട്, സ്ലൊവാക്യ എന്നിവിടങ്ങളിലെത്തി തമിഴ്‌നാടിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. രാജ്യസഭാ എംപിമാരായ തിരുച്ചി ശിവ, എം എം അബ്ദുല്ല, ലോക്‌സഭാ എംപി കലാനിധി വീരസ്വാമി, എഎല്‍എ ടി ആര്‍ ബി രാജ എന്നിവരാണ് തമിഴ്‌നാടിന്റെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനായി പോവുക.

നാല് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും ഇവരോടൊപ്പമുണ്ടാവും. ഇതോടെ യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്ന് സ്വന്തം ജനങ്ങളെ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാവുന്ന ആദ്യസംസ്ഥാനമായി തമിഴ്‌നാട് മാറിയിരിക്കുകയാണ്. യുക്രെയ്‌നില്‍ കുടുങ്ങിയ തമിഴ്‌നാട്ടില്‍നിന്നുള്ള വിദ്യാര്‍ഥികളെ രക്ഷിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിലയിരുത്തിയിരുന്നു. യുക്രെയ്‌നിലെ ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ഇക്കാര്യത്തില്‍ അനാവശ്യപ്രസ്താവനകള്‍ നടത്തുന്നത് പ്രധാനമന്ത്രി കേന്ദ്രമന്ത്രിമാരെ തടയണമെന്നും സ്റ്റാലിന്റെ ഓഫിസ് ട്വീറ്റ് ചെയ്തു. നേരത്തെ, കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി കെ സിങ് എന്നിവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി യുക്രെയ്‌നിന്റെ അതിര്‍ത്തി രാജ്യങ്ങളില്‍ പോയിരുന്നു. ഇതെത്തുടര്‍ന്നാണ് തമിഴ്‌നാട് സ്വന്തം പ്രതിനിധികളെ അയക്കുന്നത്.

അതേസമയം, മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ യോജിച്ച ഇടപെടലുകളില്ലാതെ മടങ്ങിയപ്പോള്‍ പൂക്കളും മറ്റും നല്‍കിയിട്ട് എന്ത് കാര്യമുണ്ടെന്ന് ബിഹാറില്‍നിന്നുള്ള ദിവ്യാംശു സിങ് ചോദിച്ചു.

ബുഡാപെസ്റ്റില്‍നിന്ന് ഹംഗേറിയന്‍ അതിര്‍ത്തി കടന്നുള്ള വിമാനത്തിലാണ് ദിവ്യാംശു ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലേക്ക് മടങ്ങിയത്. അതിര്‍ത്തി കടന്ന് ഹംഗറിയില്‍ എത്തിയപ്പോള്‍ തനിക്ക് ചില സഹായം ലഭിച്ചതായി ദിവ്യാംശു പറഞ്ഞു. മുമ്പ് ഒരു സഹായവും ലഭിച്ചിരുന്നില്ല. നമ്മള്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം നമ്മുടെ സ്വന്തം നിലയിലാണ്. കൃത്യസമയത്ത് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരില്ലായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

അതേസമയം, തങ്ങളെ രക്ഷിക്കാന്‍ എംബസി അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് യുക്രെയ്‌നിലെ സുമിയില്‍ കുടുങ്ങിയ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥി പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ എംബസിയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചില്ല. മൈനസ് ഡിഗ്രി താപനിലയില്‍ കിലോമീറ്ററുകളോളം നടക്കേണ്ടിവന്നു. തനിക്ക് പ്രായമായെന്നും മോശം ഭക്ഷണം കഴിക്കേണ്ടിവന്നെന്നും വിദ്യാര്‍ഥിയായ മെഹ്താബ് പറഞ്ഞു. മെഹ്താബ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ കഴിഞ്ഞ ഏഴുദിവസമായി സുമിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

Next Story

RELATED STORIES

Share it