Sub Lead

യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം നാളെ; കനത്ത പോലിസ് സന്നാഹമൊരുക്കും

യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം നാളെ; കനത്ത പോലിസ് സന്നാഹമൊരുക്കും
X

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കും അഴിമതിക്കുമെതിരേ യുഡിഎഫിന്റെ രണ്ടാം സെക്രട്ടേറിയറ്റ് വളയല്‍ സമരം നാളെ നടക്കും. രാവിലെ ആറുമുതല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സെേ്രകട്ടറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരും ഘടകകക്ഷി നേതാക്കളിലെ പ്രമുഖരം പങ്കെടുക്കും. സമരത്തിന്റെ പശ്ചാത്തലത്തില്‍ രാവിലെ മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കുമെന്നാണ് യുഡിഎഫ് അറിയിച്ചത്. എന്നാല്‍, കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ പോലിസ് അനുവദിക്കില്ല. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രധാന ഗേറ്റില്‍ ആദ്യമെത്തുക. ആറരയോടെ പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരും എത്തും. സമാനമായി സൗത്ത് ഗേറ്റും വൈഎംസിഎയ്ക്ക് ഗേറ്റും വളയും. വടക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഇന്നുതന്നെ എത്തിത്തുടങ്ങുമെന്നാണ് വിവരം.

സമരത്തിനിടെ സംഘര്‍ഷം ഒഴിവാക്കാന്‍ പോലിസ് കനത്ത ജാഗ്രതയിലാണ്. 14 ഡിവൈഎസ്പിമാര്‍ക്കാണ് ക്രമസമാധാന ചുമതല. 1500ഓളം പോലിസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. ഗതാഗത തടസ്സം ഒഴിവാക്കാന്‍ വാഹന പാര്‍ക്കിങ്ങിന് ഉള്‍പ്പടെ പ്രത്യേക നിര്‍ദേശം പോലിസ് നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനെതിരേ അഴിമതിയും സ്വജന പക്ഷപാതിത്തവും ഉയര്‍ത്തിക്കാട്ടി മെയ് 20ന് യുഡിഎഫ് സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇത് രണ്ടാംതവണയാണ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ് രംഗത്തെത്തുന്നത്. പഞ്ചായത്ത് തല പദയാത്രകളും സംഘടിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it