Sub Lead

തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഉദ്ധവ് പക്ഷം സുപ്രിംകോടതിയില്‍

യഥാര്‍ഥ ശിവസേന ആരെന്ന് തീരുമാനിക്കാന്‍ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് ഇരുപക്ഷങ്ങള്‍ക്കും കമ്മീഷന്‍ നോട്ടിസ് അയച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഉദ്ധവ് പക്ഷം സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി:കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗം സുപ്രിംകോടതിയെ സമീപിച്ചു.യഥാര്‍ഥ ശിവസേന ആരെന്ന് തീരുമാനിക്കാന്‍ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് ഇരുപക്ഷങ്ങള്‍ക്കും കമ്മീഷന്‍ നോട്ടിസ് അയച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

വിമത എംഎല്‍എമാരുടെ അയോഗ്യത സംബന്ധിച്ച് സുപ്രിംകോടതി തീരുമാനം ഉണ്ടാകുംവരെ കമ്മീഷന്‍ നടപടി സ്‌റ്റേ ചെയ്യണമെന്നാണ് ഉദ്ധവ് വിഭാഗത്തിന്റെ ആവശ്യം.വിഷയത്തില്‍ നിരവധി കേസുകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഉദ്ധവ് താക്കറെ വിഭാഗം ഹരജിയില്‍ പറയുന്നു.

തങ്ങളെ യഥാര്‍ഥ ശിവസേനയായി അംഗീകരിക്കണമെന്ന് ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക ചിഹ്നം തങ്ങളുടേതാണെനന്ന് അവകാശപ്പെട്ട് ഉദ്ധവ് താക്കറെ വിഭാഗവും കമ്മീഷനെ സമീപിച്ചു. ഇതേതുടര്‍ന്ന് ഓഗസ്റ്റ് എട്ടിനകം പിന്തുണയ്ക്കുന്ന നേതാക്കളുടെ വിവരങ്ങള്‍ നല്‍കാന്‍ ഇരുവിഭാഗത്തോടും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.'ശിവസേനയില്‍ ഒരു പിളര്‍പ്പ് ഉണ്ടെന്ന് വ്യക്തമാണ്, അതില്‍ ഒരു ഗ്രൂപ്പിനെ ഏകനാഥ് ഷിന്‍ഡെയും മറ്റൊരു ഗ്രൂപ്പിനെ ഉദ്ധവ് താക്കറെയും നയിക്കുന്നു, രണ്ട് ഗ്രൂപ്പുകളും തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്ന് അവകാശപ്പെടുന്നു.ഇതിനാല്‍ ഓഗസ്റ്റ് 8 നകം പിന്തുണയ്ക്കുന്ന നേതാക്കളുടെ ഡോക്യുമെന്ററി തെളിവുകള്‍ ഹാജരാക്കണം'തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച ഇരു വിഭാഗങ്ങള്‍ക്കുമയച്ച നോട്ടിസില്‍ പറയുന്നു.ഡോക്യുമെന്ററി തെളിവുകളും രേഖാമൂലമുള്ള മൊഴികളും ലഭിച്ചതിന് ശേഷം മാത്രമേ അടുത്ത നടപടി സ്വീകരിക്കുകയുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നിര്‍ദേശം ഷിന്‍ഡെ വിഭാഗം സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ തങ്ങളുടെ ഭാഗം വ്യക്തമാക്കുമെന്നും 55 എംഎല്‍എമാരില്‍ 40 പേരുടെയും 18 ലോക്‌സഭാ എംപിമാരില്‍ 12 പേരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ഷിന്‍ഡെ അവകാശപ്പെട്ടു.

താക്കറെയെ അയോഗ്യനാക്കണമെന്ന് ഷിന്‍ഡെ വിഭാഗം മഹാരാഷ്ട്ര നിയമസഭാ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം താക്കറെയെ അയോഗ്യനാക്കണമെന്ന ഹരജിയുമായി മുന്നോട്ട് പോകരുതെന്ന് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറോട് ജൂലൈ 11ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ മാസം നടന്ന വിശ്വാസ വോട്ടെടുപ്പിലും സ്പീക്കര്‍ തിരഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ചതിനാല്‍ താക്കറെ വ്ഭാഗത്തെ അയോഗ്യരാക്കണമെന്നായിരുന്നു ഷിന്‍ഡെ വിഭാഗത്തിന്റെ വാദം.

വിഷയം ഓഗസ്റ്റ് 1 ന്‌സുപ്രിം കോടതി വിശാല ബെഞ്ച് പരിഗണിക്കും.


Next Story

RELATED STORIES

Share it