Sub Lead

യുഎസുമായുള്ള ശതകോടി ഡോളറിന്റെ ആയുധ ഇടപാട് യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

എഫ്35 വിമാനങ്ങള്‍ എങ്ങനെ, എവിടെ ഉപയോഗിക്കാമെന്നതിനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന അമേരിക്കന്‍ നിര്‍ബന്ധത്തെ എമിറാത്തി അധികൃതര്‍ കുറ്റപ്പെടുത്തുകയും അവ യുഎഇയുടെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

യുഎസുമായുള്ള ശതകോടി ഡോളറിന്റെ ആയുധ ഇടപാട് യുഎഇ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
X

അബൂദബി: അമേരിക്കന്‍ നിര്‍മ്മിത എഫ് 35 വിമാനങ്ങളും സായുധ ഡ്രോണുകളും മറ്റ് ഉപകരണങ്ങളും വാങ്ങുന്നതിനുള്ള 2300 കോടി ഡോളറിന്റെ ഇടപാടിന്റെ ചര്‍ച്ചകള്‍ യുഎഇ ചൊവ്വാഴ്ച നിര്‍ത്തിവച്ചു. വാഷിങ്ടണും പേര്‍ഷ്യന്‍ ഗള്‍ഫിലെ പ്രധാന യുഎസ് സഖ്യകക്ഷിയും തമ്മിലുള്ള അപൂര്‍വ തര്‍ക്കത്തെതുടര്‍ന്നാണ് യുഎഇ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചത്.

യുഎസുമായുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും എന്നിരുന്നാലും ഈ ആഴ്ച പെന്റഗണില്‍ മറ്റ് കാര്യങ്ങളില്‍ ഇരുപക്ഷവും തമ്മിലുള്ള കൂടിക്കാഴ്ചകള്‍ ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്നും വാഷിങ്ടണിലെ എമിറാത്തി എംബസി അറിയിച്ചു. അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. അത്യാധുനിക പ്രതിരോധ ആവശ്യത്തിനുള്ള യുഎഇയുടെ മുഖ്യ ദാതാവായി യുഎസ് തുടരും. എഫ്35 ചര്‍ച്ച ഭാവിയില്‍ വീണ്ടും തുറന്നേക്കാം യുഎഇ എംബസി വ്യക്തമാക്കി.

സാങ്കേതിക ആവശ്യകതകള്‍, പരമാധികാര പ്രവര്‍ത്തന നിയന്ത്രണങ്ങള്‍, ലാഭ/ചെലവ് പരിശോധന എന്നിവയാണ് കരാറിന്റെ പുനപ്പരിശോധനയിലേക്ക് നയിച്ചതെന്ന് യുഎഇ ഉദ്യോഗസ്ഥര്‍ റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം യു.എസ് മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഭരണകൂടമാണ് യുഎഇയുമായി 2300 കോടി ഡോളറിന്റെ ആയുധ കരാര്‍ ആദ്യമായി പ്രഖ്യാപിച്ചത്. യു.എ.ഇ, സുഡാന്‍, മൊറോക്കോ, ബഹറൈന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ സ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കിയ അബ്രഹാം ഉടമ്പടിയുടെ ഭാഗമായിരുന്നു ആയുധ കരാര്‍.

എന്നാല്‍, ലോകത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധികളിലൊന്നിന് കാരണമായതും ഇന്നും തുടരുന്നതുമായ യമനിലെ യുഎഇയുടേയും സൗദി അറേബ്യയുടേയും ഇടപെടലിനെചോല്ലിയുടെ വിമര്‍ശനത്തെതുടര്‍ന്ന് ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുത്തതിനു പിന്നാലെ കരാര്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

18 നൂതന ഡ്രോണ്‍ സംവിധാനങ്ങളും എയര്‍ടുഎയര്‍, എയര്‍ടുഗ്രൗണ്ട് യുദ്ധോപകരണങ്ങളുടെ ഒരു പാക്കേജും ഈ കരാറില്‍ ഉള്‍പ്പെടുന്നു. എഫ്35 വിമാനങ്ങള്‍ എങ്ങനെ, എവിടെ ഉപയോഗിക്കാമെന്നതിനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന അമേരിക്കന്‍ നിര്‍ബന്ധത്തെ എമിറാത്തി അധികൃതര്‍ കുറ്റപ്പെടുത്തുകയും അവ യുഎഇയുടെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

എമിറാത്തികള്‍ അങ്ങനെ ചെയ്യാന്‍ തീരുമാനിച്ചാല്‍ വില്‍പ്പനയുമായി മുന്നോട്ടുപോകാന്‍ യുഎസ് തയ്യാറാണെന്ന് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it