Sub Lead

വധശിക്ഷ ജീവപര്യന്തം തടവാക്കിയ യുഎസ് പ്രസിഡന്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് രണ്ടു തടവുകാര്‍

വധശിക്ഷ ജീവപര്യന്തം തടവാക്കിയ യുഎസ് പ്രസിഡന്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് രണ്ടു തടവുകാര്‍
X

ഇന്ത്യാന(യുഎസ്): വധശിക്ഷ പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷയാക്കി ഇളവ് ചെയ്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് രണ്ടു തടവുകാര്‍ സുപ്രിംകോടതിയെ സമീപിച്ചു. തങ്ങള്‍ നിരപരാധികളാണെന്നും ശിക്ഷ ഇളവ് ചെയ്യാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഷാനന്‍ അഗോഫ്‌സ്‌കി, ലെന്‍ ഡെവിസ് എന്നിവരാണ് ഹരജി നല്‍കിയിരിക്കുന്നത്. കോടതികളില്‍ ഇനിയും അപ്പീലുകള്‍ക്കുള്ള സാധ്യത നിലനില്‍ക്കേ തങ്ങളുടെ ശിക്ഷയില്‍ പ്രസിഡന്റ് ഇടപെട്ടത് ശിക്ഷ സ്ഥിരീകരിക്കപ്പെടാന്‍ കാരണമാവുമെന്ന് ഇരുവരും വാദിക്കുന്നു.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ വധശിക്ഷ ലഭിച്ച 40 പേരില്‍ 37 പേരുടെ വധശിക്ഷയാണ് 2024 ഡിസംബര്‍ 24ന് ബൈഡന്‍ ഇളവ് ചെയ്തിരുന്നത്. ശിക്ഷ ഇളവുചെയ്തത് സംബന്ധിച്ച രേഖയില്‍ ഒപ്പിടാന്‍ രണ്ടു പ്രതികളും വിസമ്മതിച്ചു. തുടര്‍ന്നാണ് ഫെഡറല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, യുഎസ് ഭരണകൂടം ഈ ഹരജികളെ എതിര്‍ത്തു. മാപ്പ് നല്‍കാനും ശിക്ഷാ ഇളവ് നല്‍കാനുമുള്ള പ്രസിഡന്റിന്റെ അധികാരം ഭരണഘടനാപരമായി അന്തിമമാണെന്നാണ് ഭരണകൂടം വാദിച്ചത്.

1989ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കൊലക്കേസില്‍ ജയിലില്‍ കഴിയവേ 2004ല്‍ ഒരു തടവുകാരനെ കൊന്നുവെന്നാണ് ഷാനന്‍ അഗോഫ്‌സ്‌കിക്കെതിരായ കേസ്. 1989ലെ കേസില്‍ നിയമപ്രശ്‌നങ്ങളുണ്ടെന്നും താന്‍ നിരപരാധിയാണെന്നും ഇയാള്‍ വാദിക്കുന്നു. അത് തെളിയിക്കാന്‍ വീണ്ടും വിചാരണയോ അപ്പീലോ വേണമെന്നാണ് വാദം. 2005ല്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്നാണ് മുന്‍ പോലിസുകാരനായ ലെന്‍ ഡേവിസിന് എതിരായ കേസ്. താനും നിരപരാധിയാണെന്ന് ഇയാള്‍ വാദിക്കുന്നു. തന്നെ കസ്റ്റഡിയില്‍ എടുത്തുപീഡിപ്പിച്ചു തെളിവുകള്‍ ഉണ്ടാക്കിയെന്നും ഇയാള്‍ പറയുന്നു.

Next Story

RELATED STORIES

Share it