Sub Lead

നേപ്പാളില്‍ മണ്ണിടിച്ചിലില്‍ രണ്ട് ബസ്സുകള്‍ നദിയില്‍ വീണു; 60 പേരെ കാണാതായി

നേപ്പാളില്‍ മണ്ണിടിച്ചിലില്‍ രണ്ട് ബസ്സുകള്‍ നദിയില്‍ വീണു; 60 പേരെ കാണാതായി
X

കാഠ്മണ്ഡു: കനത്ത മഴയ്ക്കിടെ നേപ്പാളില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്ന് നദിയിലേക്കുവീണ രണ്ട് ബസ്സുകള്‍ ഒഴുക്കില്‍പ്പെട്ടു. 60-ഓളംപേരെ കാണാതായിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രണ്ട് ബസ്സുകളിലുമായി ഡ്രൈവര്‍മാരടക്കം 63 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. മൂന്നുപേര്‍ ചാടി രക്ഷപ്പെട്ടു. പുലര്‍ച്ചെ 3.30-നാണ് ബസ്സുകള്‍ അപകടത്തില്‍പ്പെട്ടത്. കനത്ത മഴയും തൃശ്ശൂലി നദി കരകവിഞ്ഞ് ഒഴുകുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

സെന്‍ട്രല്‍ നേപ്പാളിലെ മദന്‍ - ആശ്രിത് ഹൈവേയില്‍നിന്നാണ് ബസ്സുകള്‍ തൃശ്ശൂലി നദിയിലേക്ക് വീണത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ബസുകള്‍ കണ്ടെത്താന്‍ തീവ്രശ്രമം നടത്തുകയാണെന്ന് ചിത്വാന്‍ ചീഫ് ഡിസ്ട്രിക് ഓഫീസര്‍ ഇന്ദ്രദേവ് യാദവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കാണ്ഡമണ്ഡുവിലേക്ക് പോയ ഏയ്ഞ്ചല്‍ എന്ന ബസും കാഠ്മണ്ഡുവില്‍നിന്ന് ഗൗറിലേക്കുപോയ ഗണ്‍പതി ഡീലക്സ് എന്ന ബസുമാണ് ഒഴുക്കില്‍പ്പെട്ടത്. ഒരു ബസ്സില്‍ 24 പേരും രണ്ടാമത്തേതില്‍ 41 പേരുമാണ് ഉണ്ടായിരുന്നത്.

സംഭവത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാന്‍ ദഹല്‍ അഗാധ ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനും കാണാതായ യാത്രക്കാരെ എത്രയുംവേഗം കണ്ടെത്താനും അദ്ദേഹം നിര്‍ദേശം നല്‍കി. കനത്ത മഴയെത്തുടര്‍ന്ന് കാഠ്മണ്ഡുവില്‍നിന്നുള്ള എല്ലാ വിമാനങ്ങളും ഒരു ദിവസത്തേക്ക് റദ്ദാക്കിയിരുന്നു. അപകടത്തില്‍പ്പെട്ട ബസ്സുകളില്‍ ഒന്നില്‍നിന്ന് മൂന്നുപേര്‍ ചാടി രക്ഷപ്പെട്ടുവെന്നാണ് വിവരം. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തകരടക്കം പ്രദേശത്ത് എത്തിച്ചേരുന്നതിന് തടസമാകുന്നുണ്ട്.


Next Story

RELATED STORIES

Share it