Sub Lead

മുഹമ്മദ് സുബൈറിന്റെ അറസ്റ്റിലേക്ക് നയിച്ച ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്റെ 2018ലെ ട്വീറ്റിനെതിരെ ഹനുമാന്‍ ഭക്ത് എന്ന പേരിലുള്ള @balajikijaiin എന്ന ഹാന്‍ഡില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സുബൈറിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

മുഹമ്മദ് സുബൈറിന്റെ അറസ്റ്റിലേക്ക് നയിച്ച ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി
X

ന്യൂഡല്‍ഹി: വസ്തുതാ പരിശോധന വെബ്‌സൈറ്റ് ആയ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിലേക്ക് നയിച്ച അജ്ഞാത ട്വിറ്റര്‍ ഹാന്‍ഡില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നിന്ന് അപ്രത്യക്ഷമായി. ഈ ഹാന്റിലില്‍നിന്നുള്ള ഒരേയൊരു പോസ്റ്റിന്റെ പേരിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്റെ 2018ലെ ട്വീറ്റിനെതിരെ ഹനുമാന്‍ ഭക്ത് എന്ന പേരിലുള്ള @balajikijaiin എന്ന ഹാന്‍ഡില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സുബൈറിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

2018ല്‍ സുബൈര്‍ പോസ്റ്റ് ചെയ്ത 'ഹണിമൂണ്‍ ഹോട്ടലില്‍' നിന്ന് 'ഹനുമാന്‍ ഹോട്ടല്‍' ആക്കി മാറ്റിയ ഹോട്ടല്‍ സൈന്‍ബോര്‍ഡിനെതിരേ ഹിന്ദു ദൈവമായ ഹനുമാന്റെ പ്രൊഫൈല്‍ ചിത്രമുള്ള ഹനുമാന്‍ ഭക്ത് എന്ന പേരിലുള്ള @balajikijaiin എന്ന ഹാന്‍ഡില്‍ എതിര്‍പ്പുമായി എത്തിയിരുന്നു.ജൂണ്‍ 19ന് ഈ പോസ്റ്റിനോട് പ്രതികരിച്ച ഉപയോക്താവ് ഇത് ഹനുമാനെ അപമാനിക്കുന്നുവെന്നാണ് ആരോപിച്ചത്. ഇതിന്റെ പേരിലാണ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡല്‍ഹി പോലിസിന്റെ സൈബര്‍ യൂനിറ്റ് സുബൈറിനെ തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തുന്നതുവരെ മൂന്ന് ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന അജ്ഞാത അക്കൗണ്ട് പോസ്റ്റ് ചെയ്ത ഒരേയൊരു ട്വീറ്റ് ഇതായിരുന്നു എന്നത് ശ്രദ്ധേയമാണ്. ജൂണ്‍ 20നാണ് ഡല്‍ഹി പോലിസ് മാധ്യമപ്രവര്‍ത്തകനെതിരേ പ്രഥമവിവര റിപോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്.

ബുധനാഴ്ച രാവിലെ, 'ഈ അക്കൗണ്ട് നിലവിലില്ല' എന്ന സന്ദേശമാണ് ലഭിക്കുന്നത്. ചൊവ്വാഴ്ച ഡല്‍ഹി കോടതിയില്‍ നടന്ന വിചാരണയില്‍, സുബൈറിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ട്വിറ്റര്‍ അക്കൗണ്ടിന്റെ നിയമസാധുതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.'ഞങ്ങള്‍ 2022 ജൂണിലാണ്,' ഗ്രോവര്‍ പറഞ്ഞു. 'ഒരു അജ്ഞാത ട്വിറ്റര്‍ ഹാന്‍ഡില്‍ രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചെങ്കില്‍, ആ കാരണങ്ങള്‍ അന്വേഷിക്കണം. നിയമനടപടിയുടെ ദുരുപയോഗം ഇവിടെ വലിയ രീതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍, ട്വിറ്റര്‍ ഉപയോക്താവ് വെറും വിവരദാതാവ് മാത്രമാണെന്നും സുബൈറിനെതിരായ പരാതിയെ അജ്ഞാതമെന്ന് വിളിക്കാനാവില്ലെന്നുമായിരുന്നു പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. തുടര്‍ന്ന് കോടതി സുബൈറിനെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Next Story

RELATED STORIES

Share it