Sub Lead

തുര്‍ക്കി യുഎഇ ബന്ധത്തില്‍ മഞ്ഞുരുക്കം: ഉര്‍ദുഗാനും അബുദബി കിരീടാവകാശിയും നിരവധി സഹകരണ-നിക്ഷേപ കരാറുകളില്‍ ഒപ്പുവച്ചു

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാനുമുള്ള നീക്കങ്ങള്‍ ശക്തമായി പുരോഗമിക്കുന്നതിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും അബുദബി കിരീടാവകാശിയും നിരവധി നിക്ഷേപ, സഹകരണ കരാറുകളിലാണ് ബുധനാഴ്ച ഒപ്പുവച്ചത്.

തുര്‍ക്കി യുഎഇ ബന്ധത്തില്‍ മഞ്ഞുരുക്കം: ഉര്‍ദുഗാനും അബുദബി കിരീടാവകാശിയും നിരവധി സഹകരണ-നിക്ഷേപ കരാറുകളില്‍ ഒപ്പുവച്ചു
X

ആങ്കറ: ബ്രദര്‍ഹുഡിനുള്ള പിന്തുണയും ഖത്തറിനെതിരായ ഉപരോധവും ലിബിയയിലേയും സിറിയയിലേയും നിഴല്‍യുദ്ധങ്ങളും താറുമാറാക്കിയ തുര്‍ക്കി യുഎഇ ബന്ധത്തില്‍ മഞ്ഞുരുക്കം. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കാനുമുള്ള നീക്കങ്ങള്‍ ശക്തമായി പുരോഗമിക്കുന്നതിനിടെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും അബുദബി കിരീടാവകാശിയും നിരവധി നിക്ഷേപ, സഹകരണ കരാറുകളിലാണ് ബുധനാഴ്ച ഒപ്പുവച്ചത്.

യുഎഇയുടെ വിദേശ നയ നിലപാടിന് പിന്നിലെ യഥാര്‍ത്ഥ നേതാവായി കാണുന്ന കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സന്ദര്‍ശന വേളയിലാണ് കരാറുകളില്‍ ഒപ്പുവെച്ചത്. 2012ന് ശേഷം തുര്‍ക്കിയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക യാത്രയും ബന്ധം വഷളായതിന് ശേഷം ഒരു ഉന്നത തല എമിറാത്തി ഉദ്യോഗസ്ഥന്റെ ആദ്യ സന്ദര്‍ശനമാണിത്.

വഷളായ ബന്ധം പരിഹരിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പായി യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കിരീടാവകാശിയുടെ സഹോദരന്‍ ഷെയ്ഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഗസ്തില്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു.

ആങ്കറയും അബുദബിയും തമ്മിലുള്ള തര്‍ക്കം പശ്ചിമേഷ്യയിലുടനീളം വിവിധ വിഷയങ്ങളില്‍ പ്രതിധ്വനിച്ചിരുന്നു. ലിബിയയിലേയും സിറിയയിലേയും നിഴല്‍ യുദ്ധങ്ങള്‍ക്കും ഗള്‍ഫിലും കിഴക്കന്‍ മെഡിറ്ററേനിയനിലും സംഘര്‍ഷത്തിനും ഇതു കാരണമായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇരു വിഭാഗത്തെ പിന്തുണയ്ക്കുന്നവര്‍ ചേരിതിരിഞ്ഞ് പരസ്പര ആരോപണ പ്രത്യാരോപണങ്ങളുമായി ഏറ്റുമുട്ടിയിരുന്നു.

മേഖലയിലെ മുസ്‌ലിം ബ്രദര്‍ഹുഡിന് തുര്‍ക്കി നല്‍കുന്ന പിന്തുണയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നത്തിന്റെ കാതല്‍. തങ്ങളുടെ പാരമ്പര്യ ഭരണക്രമത്തെ വെല്ലുവിളിക്കാന്‍ ശേഷിയുള്ള ഒരു പ്രധാന ദേശീയ സുരക്ഷാ ഭീഷണിയായാണ് യുഎഇയും മറ്റ് അറബ് രാജ്യങ്ങളും ഇതിനെ നോക്കി കാണുന്നത്.

2016ലെ പരാജയപ്പെട്ട ഒരു അട്ടിമറിക്ക് പിന്നില്‍ ആങ്കറ ആരോപിക്കുന്ന യുഎസ് ആസ്ഥാനമായുള്ള തുര്‍ക്കി മുസ്‌ലിം പുരോഹിതന്റെ നേതൃത്വത്തിലുള്ള ഒരു ശൃംഖലയെ യുഎഇ പിന്തുണച്ചതായി തുര്‍ക്കി സംശയിക്കുന്നുണ്ട്.

ആങ്കറയില്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ഉജ്ജ്വല സ്വീകരണമാണ് യുഎഇ കിരീടാവകാശിക്ക് ലഭിച്ചത്. അദ്ദേഹവും ഉര്‍ദുഗാനും പിന്നീട് വ്യാപാരം, ഊര്‍ജം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ ഏതാണ്ട് ഒരു ഡസനോളം സഹകരണ കരാറുകളില്‍ ഒപ്പുവെക്കുന്നതിനും ഇരുരാജ്യങ്ങളുടെയും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളും സെന്‍ട്രല്‍ ബാങ്കുകളും തമ്മിലുള്ള നേരിട്ടുള്ള നിക്ഷേപവും സഹകരണവും അനുവദിക്കുന്ന ഇടപാടുകള്‍ക്കും മേല്‍നോട്ടം വഹിച്ചു.

2017ല്‍ സഹ ഗള്‍ഫ് രാജ്യമായ ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള വിഫലശ്രമത്തെ തുടര്‍ന്ന് വിദേശനയം പുനഃക്രമീകരിക്കാനുള്ള യുഎഇയുടെ വിപുലമായ ശ്രമത്തിന്റെ ഭാഗമായാണ് രാജകുമാരന്റെ തുര്‍ക്കി സന്ദര്‍ശനത്തെ കാണുന്നത്. അറബ് സഖ്യ കക്ഷികളുടെ ഖത്തറിനെതിരായ ഉപരോധത്തെ പരാജയപ്പെടുത്തുന്നതില്‍ തുര്‍ക്കി നിര്‍ണായക പങ്കുവഹിച്ചിരുന്നു. പിന്നീട് തുര്‍ക്കി ഖത്തറുമായുള്ള സൈനിക ബന്ധം ശക്തമാക്കുകയും ചെയ്തു.

തുര്‍ക്കി സൈനികരെ പുറത്താക്കുന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങളാണ് ഉപരോധം പിന്‍വലിക്കുന്നതിന് യുഎഇ ഉള്‍പ്പെടെയുള്ള അറബ് സഖ്യരാജ്യങ്ങള്‍ മുന്നോട്ട് വച്ചിരുന്നത്.എന്നാല്‍ ഖത്തര്‍ തങ്ങളുടെ പരമാധികാരത്തിന്റെ ലംഘനമെന്ന നിലയില്‍ ആവശ്യങ്ങള്‍ നിരസിച്ചു. ഈ വര്‍ഷം ആദ്യം സൗദി അറേബ്യയില്‍ ഒപ്പുവെച്ച കരാറിലാണ് അറബ് സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള തര്‍ക്കം പരിഹസിച്ചത്.

അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടതായി കണ്ടെത്തിയതിന് ശേഷം ഈജിപ്തും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള പ്രാദേശിക ശക്തികളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് തുര്‍ക്കി.തുര്‍ക്കിയില്‍ യുഎഇയില്‍ നിന്ന് നിക്ഷേപം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആഗസ്തില്‍ ഷെയ്ഖ് തഹ്‌നൂനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഉര്‍ദുഗാന്‍ വ്യക്തമാക്കിയിരുന്നു. തുര്‍ക്കിയിലെ വ്യാപാര, ധനമന്ത്രിമാര്‍ ചൊവ്വാഴ്ച അബുദബിയും ദുബയും സന്ദര്‍ശിച്ചിരുന്നു.

ബുധനാഴ്ചത്തെ അങ്കാറയില്‍ നടന്ന ഉന്നതതല യോഗത്തിന് വേദിയൊരുക്കിയത് ഈ സന്ദര്‍ശനമായിരുന്നു.

Next Story

RELATED STORIES

Share it