Sub Lead

'യഥാര്‍ത്ഥ സ്വാതന്ത്രസമരസേനാനി'; വാരിയംകുന്നനെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി

1921ലെ മഹത്തായ സ്വാതന്ത്ര്യസമര പോരാട്ടത്തെ ബോധപൂര്‍വ്വം വര്‍ഗീയവല്‍ക്കരിച്ച മുതലെടുപ്പ് നടത്താനാണ് മതമൗലികവാദികള്‍ ശ്രമിക്കുന്നത്.

യഥാര്‍ത്ഥ സ്വാതന്ത്രസമരസേനാനി; വാരിയംകുന്നനെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി
X

തിരൂര്‍: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ തിരൂരില്‍ സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയേയും മലബാര്‍ സമരത്തേയും പ്രശംസിച്ചത്.

അദ്ദേഹം യഥാര്‍ത്ഥ സ്വാതന്ത്രസമരസേനാനി ആയിരുന്നുവെന്നും വലിയ മനുഷ്യന്‍ ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.1921ലെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് 100 വയസ്സ് തികയുന്ന വേളയില്‍ അത് സംബന്ധമായി നടക്കുന്ന ആഘോഷങ്ങളെ പരാമര്‍ശിച്ചാണ് മുഖ്യമന്ത്രി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയെ മഹത്തായ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രകീര്‍ത്തിച്ചത്.

1921ലെ മഹത്തായ സ്വാതന്ത്ര്യസമര പോരാട്ടത്തെ ബോധപൂര്‍വ്വം വര്‍ഗീയവല്‍ക്കരിച്ച മുതലെടുപ്പ് നടത്താനാണ് മതമൗലികവാദികള്‍ ശ്രമിക്കുന്നത്. ഈ സ്വാതന്ത്ര്യസമര പോരാട്ടത്തെ ആദ്യമായി മാപ്പിള ലഹള എന്ന് വിശേഷിപ്പിച്ചത് ബ്രിട്ടീഷുകാരായിരുന്നു. ഇതുതന്നെയാണ് ഇപ്പോള്‍ ബിജെപി ഉള്‍പ്പെടെയുള്ള ഹിന്ദുത്വ ശക്തികളും ചെയ്യുന്നത്. കുഞ്ഞഹമ്മദാജി ഇസ്‌ലാമിക രാജ്യമാണ് സ്ഥാപിച്ചത് എന്ന് പറഞ്ഞ് ഇസ്‌ലാം മതമൗലികവാദികളും ഇതേ കാര്യം തന്നെ മറ്റൊരര്‍ത്ഥത്തില്‍ ചെയ്യുകയാണ്. ഈ സമരത്തെ ശരിയായ രീതിയില്‍ വിലയിരുത്തിയത് കമ്യൂണിസ്റ്റുകാരാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

1857ല്‍ ബഹദൂര്‍ഷാ സഫറിന്റെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹള എന്നാണ് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, കാറല്‍മാര്‍ക്‌സ് ഇന്ത്യയുടെ ജനതയുടെ പോരാട്ടമെന്ന് ഈ സമരത്തെ വിശേഷിപ്പിക്കുകയുണ്ടായി. ബ്രിട്ടീഷുകാര്‍ അവര്‍ക്കെതിരേ ഉണ്ടായിരുന്ന സമരങ്ങളേയും പ്രക്ഷോഭങ്ങളേയും ഒക്കെ വര്‍ഗീയകലാപങ്ങളും വര്‍ഗീയലഹളകളും ആക്കി വിശേഷിപ്പിക്കാന്‍ എല്ലാകാലത്തും ശ്രമിച്ചിട്ടുണ്ട്. 1921ലെ സ്വാതന്ത്ര്യ സമര പോരാട്ടത്തെയും ഇങ്ങനെതന്നെയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്. അതേറ്റുപിടിക്കാനും പ്രചരിപ്പിക്കാനും ശ്രമിക്കുന്നവര്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് അക്കാലത്ത് അനുകൂലിച്ചവരും പുതിയകാലത്തെ സാമ്രാജ്യത്വ കൊളോണിയല്‍ ശക്തികളെ പിന്തുണയ്ക്കുന്നവരും ആണെന്ന് നമ്മള്‍ മനസ്സിലാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു

ബ്രിട്ടീഷുകാരുടെ മാപ്പിളലഹള എന്ന പ്രയോഗത്തെ മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് മലബാര്‍ ലഹള എന്നാണ് പറഞ്ഞത്. എന്നാല്‍, കമ്മ്യൂണിസ്റ്റുകാര്‍ വിശേഷിപ്പിച്ചത് കര്‍ഷകര്‍ നടത്തിയ ലഹള എന്നായിരുന്നു. ജന്മിത്വത്തിനെതിരേ കര്‍ഷകര്‍ അണിനിരന്ന പ്രക്ഷോഭം ആയിരുന്നു എന്നതാണ് സത്യം. ഇക്കാര്യം തുറന്നു പറഞ്ഞത് കമ്യൂണിസ്റ്റുകാരാണ്. ഇപ്പോള്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി വര്‍ഗീയവാദി ആക്കാന്‍ മത്സരിക്കുന്ന ഹിന്ദുത്വവാദികള്‍ ഹിന്ദു പത്രത്തില്‍ അദ്ദേഹം എഴുതിയ കുറിപ്പ് വിസ്മരിക്കരുത്. അതില്‍ അദ്ദേഹം സത്യസന്ധമായ നിലപാട് പറയുകയും തന്റെ പേരില്‍ നടക്കുന്ന തെറ്റായ പ്രവണതകളെ ശക്തമായി തുറന്നുകാട്ടുകയും ചെയ്തിട്ടുണ്ട്. മാപ്പെഴുതി രക്ഷപ്പെടുന്നതിന് പകരം വിരിമാറിലേക്ക് വെടിയുണ്ടകള്‍ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മാപ്പെഴുതി രക്ഷപ്പെട്ടവര്‍ക്ക് കുറ്റപ്പെടുത്താന്‍ യാതൊരു അവകാശവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

മലബാര്‍ സമരത്തെ വര്‍ഗീയവത്ക്കരിക്കാന്‍ ഹിന്ദു വര്‍ഗീയവാദികളും ഇസ്‌ലാമിക തീവ്രവാദികളും ശ്രമിക്കുകയാണ്. വര്‍ഗീയ നിലപാട് സ്വീകരിച്ച പ്രക്ഷോഭകാരികള്‍ക്കെതിരേ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നന്‍. മലബാര്‍ കലാപത്തിനിടെ ചില ഭാഗങ്ങളില്‍ നിന്ന് തെറ്റായ പ്രവണതകള്‍ നടന്നിരുന്നു. എന്നാല്‍, അത്തരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരേ ഉറച്ച നിലപാടെടുക്കുകയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ചെയ്തത്. സ്വാതന്ത്ര്യസമരപോരാട്ടത്തിനിടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്താണ് സംഘപരിവാര്‍ വീരസവര്‍ക്കര്‍ എന്നുവിളിക്കുന്ന സവര്‍ക്കര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ ധീരമായി നേര്‍ക്കുനേര്‍ പോരടിച്ച് വെടിയുണ്ടയേറ്റുവാങ്ങിയാണ് വാരിയംകുന്നത്തിനെപ്പോലെയുള്ളവര്‍ രക്തസാക്ഷികളായത്. അത് വിസ്മരിക്കരുത്. അദ്ദേഹം സൃഷ്ടിച്ച രാജ്യത്തിന് നല്‍കിയ പേര് മലയാളരാജ്യം എന്നായിരുന്നു. 1921ലെ ഈ മലബാര്‍ പോരാട്ടത്തെ വര്‍ഗീയവല്‍കരിക്കാനാണ് ഹിന്ദുത്വ തീവ്രവാദികളും ഇസ്‌ലാമിസ്റ്റ് തീവ്രവാദികളും ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, കുഞ്ഞഹമ്മദ് ഹാജി ഇസ്‌ലാമിക രാജ്യമാണ് സ്ഥാപിച്ചതെന്ന് മുസ്‌ലിം മതമൗലിക വാദികള്‍ പറയുന്നുവെന്ന പിണറായിയുടെ പരാമര്‍ശം തൂക്കമൊപ്പിക്കാനുള്ളതാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it