Sub Lead

ത്രിപുര പോലിസിന്റെ ക്രൂരത വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

വെടിവയ്പില്‍ പരിക്കേറ്റ സമരക്കാരുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ആംബുലന്‍സ് അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തായത്.

ത്രിപുര പോലിസിന്റെ ക്രൂരത  വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്
X
അഗര്‍ത്തല: ത്രിപുര പോലിസിന്റെ ക്രൂരത വെളിവാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വെടിവയ്പില്‍ പരിക്കേറ്റ സമരക്കാരുമായി ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുന്നതിന്റെയും ആംബുലന്‍സ് അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തായത്.

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ (ഭേദഗതി) ബില്ല്-2016 നെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളെ പോലിസ് ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍.

പോലിസ് വെടിവയ്പില്‍ ഗുരുതര പരിക്കേറ്റ രണ്ടുപേരുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സാണ് വഴിമധ്യേ തടഞ്ഞുനിര്‍ത്തി ത്രിപുര സ്റ്റേറ്റ് റൈഫിള്‍സ് ടീം ആക്രമിച്ചത്. ഈ മാസം എട്ടിന് നടന്ന സംഭവത്തിന്റെ രണ്ടു വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പടിഞ്ഞാറന്‍ ത്രിപുരയിലെ കുംലുങിലെ ആശുപത്രിക്ക് പുറത്ത് വെടിയേറ്റ രണ്ടു സമരക്കാരെയും വഹിച്ചെത്തിയ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തുന്നതാണ് ആദ്യ വീഡിയോ ദൃശ്യങ്ങളിലുള്ളത്. പരിക്കേറ്റ് ആംബുലന്‍സിനകത്ത് കിടക്കുന്നവര്‍ വേദന കൊണ്ട് കരയുന്നതും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതുമാണ് ആദ്യത്തെ ദൃശ്യങ്ങളിലുള്ളത്. ചട്ടിത്തൊപ്പിയും പടച്ചട്ടയും ധരിച്ച പോലിസുകാരന്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

സമരത്തിനിടെ പോലിസ് നടത്തിയ വെടിവയ്പില്‍ പരിക്കേറ്റവര്‍ തകര്‍ന്ന ആംബുലന്‍സില്‍ കിടക്കുന്ന ദൃശ്യങ്ങളാണ് രണ്ടാമത്തെ വീഡിയോയിലുള്ളത്. സംഭവത്തില്‍ പ്രതികരിക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ബില്ലിനെതിരേ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Next Story

RELATED STORIES

Share it