Sub Lead

സ്ഥിതി സങ്കീര്‍ണം; ഡല്‍ഹിയില്‍ ഇന്ന് രാത്രി മുതല്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു

ഇന്ന് രാവിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് തീരുമാനം. എല്ലാ സ്വകാര്യ ഓഫിസുകളുടെയും പ്രവര്‍ത്തനം വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാവണം.

സ്ഥിതി സങ്കീര്‍ണം; ഡല്‍ഹിയില്‍ ഇന്ന് രാത്രി മുതല്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതീവരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ അടുത്ത തിങ്കളാഴ്ച രാവിലെ വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ ഓഫിസുകളും അവശ്യസേവനങ്ങളും മാത്രമായിരിക്കും ഇക്കാലയളവില്‍ അനുവദിക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലാണ് തീരുമാനം. എല്ലാ സ്വകാര്യ ഓഫിസുകളുടെയും പ്രവര്‍ത്തനം വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാവണം.

വൈറസ് ശൃംഖല തകര്‍ക്കാന്‍ രാജ്യതലസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നഗരത്തിന്റെ ചില ഭാഗങ്ങളില്‍ തുടര്‍ച്ചയായുള്ള നിയമലംഘനങ്ങള്‍ നടക്കുന്നതിനാല്‍ കര്‍ശനമായ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയായിരുന്നു. അതീവഗുരുതരമായ സാഹചര്യമാണ് ഡല്‍ഹിയില്‍ നിലനില്‍ക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചത്. ഞായറാഴ്ച 25,462 കേസുകളാണ് ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്.

പരിശോധിക്കുന്ന മൂന്ന് സാംപിളുകളില്‍ ഒന്ന് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് ഡല്‍ഹിയില്‍ ഇപ്പോഴുള്ളത്. ഡല്‍ഹിയില്‍ ആശുപത്രികളിലെ 90 ശതമാനം കിടക്കകളും നിറഞ്ഞു. തീവ്രപരിചരണ വിഭാഗങ്ങളില്‍ 100 കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളത്. ചികില്‍സ ആവശ്യമായ രോഗികളുടെ എണ്ണം പൊടുന്നനെ വര്‍ധിച്ചതോടെ ആശുപത്രികളില്‍ 6000 കിടക്കകള്‍ അടിയന്തരമായി വേണ്ടിവരുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. മുമ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഓഡിറ്റോറിയങ്ങള്‍, റെസ്‌റ്റോറന്റുകള്‍, മാളുകള്‍, ജിമ്മുകള്‍, സ്പാകള്‍ എന്നിവ ഡല്‍ഹിയില്‍ അടച്ചുപൂട്ടിയിരുന്നു. സിനിമാ തിയറ്ററുകളുടെ ശേഷിയുടെ മൂന്നിലൊന്ന് മാത്രമാണ് അനുവദിച്ചത്. എല്ലാ സമ്മേളനങ്ങളും സാമൂഹിക, മത, രാഷ്ട്രീയ പരിപാടികളും നിരോധിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it