Sub Lead

ഹാഥ്റസ് കൂട്ടബലാല്‍സംഗക്കേസ്: സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഇന്ന് പരിഗണിക്കും

കേസിന്റെ വിചാരണ ഉത്തര്‍ പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹാഥ്റസ് കൂട്ടബലാല്‍സംഗക്കേസ്: സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഇന്ന് പരിഗണിക്കും
X

ന്യൂഡല്‍ഹി: ഹാഥ്‌റസ് കൂട്ടബലാത്സംഗക്കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

പൊതുപ്രവര്‍ത്തകനായ സത്യമാ ദുബെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. കേസിന്റെ വിചാരണ ഉത്തര്‍ പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹാഥ്‌റസ് കേസിലെ പ്രതികള്‍ക്ക് വേണ്ടി നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകനായ എപി സിങ് കോടതിയിലെത്തും. അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് എ പി സിങിനെ കേസ് ഏല്‍പ്പിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. മുന്‍ കേന്ദ്ര മന്ത്രി രാജാ മഹാവേന്ദ്ര സിങിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അഖില്‍ ഭാരതീയ ക്ഷത്രിയ മഹാസഭ.

നിലവില്‍ സംഭവുമായി ബന്ധപെട്ട് ഹാഥറാസില്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നേരിടുകയാണ് ഉത്തര്‍പ്രദേശ് പോലിസ്. ജാതി കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെന്നും വെബ്സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നും ഇത് രാജ്യാന്തര ഗൂഢാലോചനയാണെന്നുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹാഥറാസ് വിഷയത്തില്‍ കൃത്യമായ നടപടിയെടുക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.

സെപ്തംബര്‍ 14 നാണ് 19 കാരിയായ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഡല്‍ഹിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ പോലിസ് സംസ്‌കരിച്ചത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.




Next Story

RELATED STORIES

Share it